പറങ്കിക്കാലത്ത് ചുവന്ന കടലും അടിമച്ചന്തകളും
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
തിക്കോടിയന്റെ ‘ചുവന്ന കടൽ’ (പ്രസാധനം: ഐ ബുക്സ്) ഒരർഥത്തിൽ അനശ്വരമായ പ്രണയത്തിന്റെ കഥയാണ്. പൊക്കന്റെയും പാഞ്ചാലിയുടെയും അനുരാഗത്തിന്റെ കഥ. മലബാറിൽ പോർച്ചുഗീസുകാർ അധിനിവേശത്തിനു ശ്രമിച്ച കാലത്തു നടന്ന ഈ കഥ കേവലമായ നിലയിലുള്ള ഒരു അനുരാഗ കഥ മാത്രമല്ല. മറിച്ച് പറങ്കിക്കാലത്തിന്റെ എല്ലാ ഭീകരതകളെയും നാട്ടുകഥകളുടെയും ചരിത്രത്തിലെ രേഖപ്പെടുത്തലുകളെയും ഉപയോഗപ്പെടുത്തി എഴുതിയിട്ടുള്ള നോവലാണ്. സത്യത്തിൽ ഇന്ന് കടലും കടൽത്തീര സാഹിത്യവും വളരെ പ്രധാനപ്പെട്ട നിലയിൽ ലോകമെങ്ങുമുള്ള ഭാഷകളിൽ ചർച്ച ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ ആഖ്യാനങ്ങൾക്കു വലിയ പ്രാധാന്യം ഇക്കാലത്തു കൽപ്പിക്കപ്പെടുന്നു. കോളനി കാലത്തെ മനുഷ്യജീവിതങ്ങളെക്കുറിച്ച് പഠിക്കാൻ ഏറ്റവും കൂടുതലായി ഗവേഷകരും ചരിത്രകാരൻമാരും ഇത്തരം കൃതികളെ ആശ്രയിക്കുകയും ചെയ്യുന്നു. എന്നാൽ തിക്കോടിയന്റെ ‘ചുവന്ന കടലിന് ’ അത്തരമൊരു ശ്രദ്ധ ഇനിയും ലഭിച്ചിട്ടില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. ഏറെക്കാലമായി വിപണയിൽ ഇല്ലാതിരുന്ന ഈ നോവൽ കുറച്ചുനാൾ മുമ്പ് പുസ്തക വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നു.
കൊച്ചി, മലബാർ, ഗോവ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടന്ന പോർച്ചുഗീസ് വ്യാപാര-അധികാര-കൊള്ളയടിക്കൽ ലോകത്തെ ഹൃദയസ്പർക്കായി തിക്കോടിയൻ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ നിലയിൽ പ്രസാധകന്റെ അവകാശവാദം ‘മറവിയിൽ ആണ്ടുപോകുന്നതിനു മുമ്പ് ഒരു ക്ലാസിക് വായനാനുഭവത്തിന്റെ വീണ്ടെടുക്കൽ’ അക്ഷരാർഥത്തിൽ ശരിയാണെന്ന്് സമ്മതിക്കേണ്ടി വരും.
പോർച്ചുഗീസ് കാലത്ത് തദ്ദേശീയരായ മനുഷ്യരെ അവർ എങ്ങനെ കൈകാര്യം ചെയ്തു. നോവലിന്റെ 123ാം പുറം അതിങ്ങനെ വിശദമാക്കുന്നു: ‘ട്രോങ്കോ’ ആ കെട്ടിടത്തിന്റെ പേരുകേട്ടാൽ ചെകുത്താനും വിറയ്ക്കും. നരകത്തിന്റെ പര്യായമാണത്. ക്രൂരവും പൈശാചികവുമായ മർദനങ്ങളിൽ പല തടവുകാരും അതിൽ കിടന്നു മരിച്ചിട്ടുണ്ട്. കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിട്ടുണ്ട്. പറങ്കികളുടെ തലസ്ഥാനമായ ഗോവയിൽ തടവുകാരെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കുപ്രസിദ്ധമായ കെട്ടിടത്തിന്റെ പേരാണത് ‘ട്രോങ്കോ’! ആറും തോറും പുതിയ മനുഷ്യരക്തം കൊണ്ട് അതിന്റെ ഭിത്തികളിൽ ചായപ്പണി നടക്കുന്നു. തറ കണ്ണീരുകൊണ്ട് സദാ ഈർപ്പം കലർന്നതാണ്. വേനൽക്കാലത്ത് കൊതുകും മൂട്ടയും മഴക്കാലത്ത് അട്ടയും പുഴുവും തടവുകാരുടെ രക്തത്തിൽ പങ്കുവഹിക്കാനെത്തിച്ചേരുന്നു. ട്രോങ്കോ നാഴികയ്ക്കു യുഗത്തിന്റെ വലിപ്പവും ജീവിതത്തിനു വേദനയുടെ മരണവും സമ്മാനിക്കുന്നു: സമാനതകളില്ലാത്ത പോർച്ചുഗീസ് ക്രൂരതയുടെ അനുഭവങ്ങൾ വായനക്കാർക്കു മുന്നിൽവയ്ക്കുന്നത് നോവലിലെ ട്രോങ്കോ ആഖ്യാനമാണ്.
വളയക്കടപ്പുറത്ത് ജനിച്ചു വളർന്ന പൊക്കൻ പോർച്ചുഗീസ് അടിമയാക്കപ്പെടുന്നതും പിന്നീട് ഫെർണാണ്ടസായി മാറുന്നതും തന്റെ വർഷങ്ങളായി തുടർന്ന അടിമച്ചങ്ങലജീവിതത്തിനിടയിൽനിന്ന് രക്ഷപ്പെടുന്നതും ഒടുവിൽ കുഞ്ഞാലിമരക്കാരുടെ പോർച്ചുഗീസ് വിരുദ്ധ സേനയിൽ അണിനിരക്കുന്നതും ഇതിനിടയിൽ ജൻമനാട്ടിൽ തന്റെ അച്ഛനും അമ്മയും ബാല്യകാലസഖി പാഞ്ചാലിയും വസൂരിയിൽ ഇല്ലാതാകുന്നതുമാണ് ഹൃദയ ദ്രവീകരണ ശക്തിയുള്ള ഭാഷയിൽ തിക്കോടിയൻ എഴുതുന്നത്. പോർച്ചുഗീസ് ഭീകരതയിലാരംഭിച്ച് വസൂരി മരണങ്ങളിൽ അവസാനിക്കുന്ന നോവൽ എന്ന് 'ചുവന്ന കടിലനെ'ക്കുറിച്ചു പറയാം.
സാമൂതിരിയും കുഞ്ഞാലിമരക്കാരും പോർച്ചുഗീസ് കാലത്ത് അകലുന്നത് കൃത്യമായി തിക്കോടിയൻ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. ‘മുസ്ലിം രാജ്യം’ സ്ഥാപിക്കാനുള്ള ശ്രമമാണ് മരക്കാർ നടത്തുന്നതെന്ന അപവാദ പ്രചാരണത്തിന്റെ ഇരയാവുകയായിരുന്നു സാമൂതിരി എന്നു നോവൽ പറയുന്നു. മരക്കാൻമാരുടെ ‘ദേശഭക്തി’ പൊടുന്നനെ സംശയത്തിന്റെ നിഴലിലായി. അതു നാടിനെ പറങ്കികളുടെ കൈയിലെത്തിക്കുകയും ചെയ്തു. ഈ സന്ദർഭം നോവലിൽ സുതാര്യമായും നാടകീയമായും തിക്കോടിയൻ അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നാടകക്കാരൻ ഈ രംഗാവതരണങ്ങളെ പണിക്കുറ്റം തീർത്തതാക്കിയിരിക്കുന്നു. കറുത്ത പൊന്നും കറുത്ത പെണ്ണും ഒരേപോലെ പറങ്കിക്കപ്പലുകളിലേക്കു കയറ്റിക്കൊണ്ടു പോയതിന്റെയും അതിനെ ചെറുത്തുനിന്ന മനുഷ്യരുടെയും കഥയാണ് 270 പേജുള്ള നോവലിൽ കാണാനാവുക.
ട്രോങ്കോയിൽ കണ്ണു കുത്തിപ്പൊട്ടിച്ച ഒരു മനുഷ്യൻ തടവിലിടപ്പെട്ടിരുന്നു. പണിയെടുപ്പിക്കാനാവില്ലെന്നതിനാൽ അയാളെ ഗോവയുടെ തെരുവിൽ കൊണ്ടുപോയി വിടുന്നു. യാചിച്ചു ജീവിച്ചുകൊള്ളും എന്നതായിരുന്നു ഇതിനുള്ള യുക്തി. എന്നാൽ അയാൾ തെരുവിലൂടെ നടന്ന് ഉച്ചത്തിൽ ട്രോങ്കോയിൽ നടക്കുന്ന മഹാപാതകങ്ങൾ വിളിച്ചു പറയുന്നു. സത്യം തുറന്നുപറയുന്നത് കാഴ്ചയില്ലാത്ത ആ മനുഷ്യനാണ്. സ്വാഭാവികമായും അയാളെ വീണ്ടും ട്രോങ്കോയിൽ കൊണ്ടിടുന്നു. പിന്നീട് മനുഷ്യവാസമില്ലാത്ത ദ്വീപിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. കാഴ്ചയില്ലാത്ത ഒരാൾക്കു വിജനദ്വീപിൽ അതിജീവിക്കാനാവില്ല എന്ന ഉറപ്പിലാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ചെയ്തി വരച്ചുകാട്ടുന്നതിലൂടെ പോർച്ചുഗീസ് ക്രൂരതകളുടെ യഥാർഥ സ്വഭാവം നോവലിസ്റ്റ് വെളിപ്പെടുത്തുകയാണ്. അയാൾ ട്രോങ്കോയിൽ ഒരിക്കൽ ഇങ്ങനെ പറയുന്നുണ്ട്:
‘മഹാപാപികളേ, നിങ്ങളെ ചുട്ടുവറുക്കാനുള്ള ഇരുമ്പുകടാഹം നരകത്തിൽ ഒരുങ്ങിക്കഴിഞ്ഞു. അതിന്റെ കീഴിൽ തീ ആളിക്കത്തുകയാണ്. ചെകുത്താനും അറയ്ക്കുന്ന പാതകങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യുമെന്ന ദൈവവചനം നിങ്ങളെ തുറിച്ചുനോക്കുന്നു. നിങ്ങളുടെ കൊയ്ത്ത് സമാപിച്ചു കഴിഞ്ഞു:
പോർച്ചുഗീസ് ഭീകരതയെക്കുറിച്ച്, പൊക്കൻ കാണുന്ന സ്വപ്നമായി നോവലിസ്റ്റ് ഇങ്ങനെ വിശദമാക്കുന്നു. ഈ വിശദീകരണത്തിലാണ് ചുവന്ന കടൽ എന്ന സങ്കൽപ്പം നോവലിന്റെ തുടക്കത്തിൽ (പേജ് 28) അവതരിപ്പിക്കുന്നത്.
നീലജലത്തിലവിടവിടെ ചെമ്പരത്തിപ്പൂക്കളറുത്തിട്ടപോലെ ചുവന്ന പാടുകൾ കാണുന്നു. നോക്കുന്തോറും അതു പെരുകുന്നു. ജലപ്പരപ്പു മുഴുവനും ചെമ്പരത്തിപ്പൂക്കളടിഞ്ഞു കൂടുന്നു. ഓ, അത് രക്തമാണ്, മനുഷ്യരക്തം!. അതാകെ ഇളകുന്നു. കൊത്തിയറുക്കപ്പെട്ട കൈകാലുകൾ അവന്റെ നേർക്കൊഴുകി വരുന്നു. അവൻ മാറിനിന്നു. ഒഴുക്കിനെന്തു ശക്തി! വഴിക്കുവഴി മീൻകുലപ്പപോലെ മനുഷ്യാവയവങ്ങൾ ഒഴുകിവരുന്നു. നാക്കുനീട്ടി പല്ലുകൾ കടിച്ചമർത്തി കണ്ണുകൾ തുറിച്ചുമിഴിച്ച് അവന്റെ നേർക്കു നോക്കിക്കൊണ്ട് മനുഷ്യശിരസുകൾ ആ ഒഴുക്കിലൂടെ ഒഴുകിവരുന്നു. അവനുചുറ്റും നൃത്തം വയ്ക്കുന്നു. ഓ, ഭയങ്കരം! ആ ജലപ്പരപ്പിന്റെ മറുഭാഗം പൊങ്ങുകയാണ്. അതിൽ അവിടവിടെ തത്തിക്കളിക്കുന്ന മനുഷ്യാവയവങ്ങളെല്ലാം കൂടി അവന്റെ നേർക്കുരുണ്ടു വരാൻ തുടങ്ങുന്നു. നോക്കാൻ വയ്യ. അവൻ കണ്ണുപൊത്തി. അയ്യോ, ഓടിരക്ഷപ്പെടണം. ഉള്ള ശക്തി മുഴുവൻ സംഭരിച്ച് അവനോടി:
പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി നിന്നവർ മാത്രമല്ല, അവർക്കൊപ്പം നിന്ന എല്ലാ പ്രാദേശിക വിഭാഗങ്ങളെയും (മുസ്ലിം വ്യാപാരികളുൾപ്പെടെയുള്ളവരെ) സുതാര്യമാക്കാൻ നോവൽ ശ്രമിച്ചിട്ടുണ്ട്. പലിശ വാങ്ങുന്നത് ഹറാമാണെന്നു പറഞ്ഞ് നാട്ടുകാരുടെ വീടും പുരയിടവും ഈടുവാങ്ങി അതു പിന്നീട് സ്വന്തമാക്കുന്ന ആലിക്കുട്ടി എന്ന കച്ചവടക്കാരൻ ഇത്തരമൊരാളാണ്. പൊക്കനെ പറങ്കികളുടെ അടിമപ്പാളയത്തിലെത്തിക്കുന്നതിലും ആലിക്കുട്ടിക്ക് പങ്കുണ്ട്.
നമ്മുടെ പാഠപുസ്തകങ്ങൾ കാപ്പാട് കപ്പിലിറങ്ങി എന്നുപറഞ്ഞ് അവതരിപ്പിക്കുന്ന ഗാമ എന്ന ‘ചരിത്രപുരുഷനെ’ നോവൽ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ലോകചരിത്രത്തിൽ അത്രയും ഹീനമായ കൂട്ടക്കൊല വേറെ നടന്നിട്ടുണ്ടാവില്ല. കടലിൽ പതിയിരുന്ന് നിർദോഷികളായ ജനങ്ങളെ പിടികൂടുക. കൈകാലുകൾ ഛേദിച്ചും വെള്ളത്തിൽ കെട്ടിത്താഴ്ത്തിയും കൊല്ലുക. അന്നൊരു സാമൂതിരിപ്പാടമ്മാമൻ പൊറുതികേടു സഹിക്കാഞ്ഞ് പറങ്കികളുമായി സൗഹാർദത്തിൽ കഴിഞ്ഞുകൂടിക്കളയാമെന്നാശിച്ചു. അതിനുള്ള വഴികൾ ആരാഞ്ഞു. തലപ്പണ്ണ നമ്പൂതിരിയെ സൗഹാർദ സംഭാഷണത്തിനു പറങ്കിക്കപ്പലിലേക്കയച്ചു. വല്ല തീരുമാനമുണ്ടാവുമെന്നാശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ മൃഗീയമായ നിലയിൽ കൊലപ്പെടുത്തി, കൈയും കാലും വെട്ടി, ചെവിയരിഞ്ഞ്, ശവശരീരം ഒരു തോണിയിൽ അടക്കം ചെയ്ത് ‘സാമൂതിരിപ്പാടിനു മാംസം വച്ചു കഴിക്കാൻ’ എന്നൊരു കുറിപ്പോടുകൂടി തിരിച്ചയച്ചു. അതു ചെയ്തത് വാസ്കോഡ ഗാമയാണ്. ഇത്ര വലിയ കടുംകൈ ചെയ്ത ആൾ ഒരു മനുഷ്യനാണോ എന്നുകൂടി അന്നുള്ളവർ ശങ്കിച്ചു. ശങ്കിച്ചതിൽ തെറ്റില്ല. മംഗലാപുരത്തുനിന്ന് അരിയുമായി വരുന്ന എണ്ണൂറോളം നാവികരെ വളഞ്ഞുപിടിച്ച് എല്ലാവരെയും കൊന്ന് കഷ്ണം വെട്ടി, അരിക്കു പകരം തോണികളിൽ നിറച്ച് കോഴിക്കോട് തുറമുഖത്തെത്തിച്ചു. ക്രൂരവും ഭയാനകവുമായ ആ കൊലപാതകത്തിനു നേതൃത്വം കൊടുത്തതും വാസ്കോഡ ഗാമയായിരുന്നു:
ഇതൊരു നോവലായിരിക്കെത്തന്നെ. ചുവന്ന കടലിൽനിന്ന് പറങ്കിക്കാലത്തെ എങ്ങനെ വായിച്ചെടുക്കാമെന്നത് പ്രധാനമായി തോന്നുന്നു. കഥകൾ ചരിത്രമല്ല എന്നറിഞ്ഞുകൊണ്ടു തന്നെ, കഥകളിൽ അടങ്ങിയ ചരിത്രാംശത്തെക്കൂടി വേർതിരിച്ചെടുക്കാൻ ഈ നോവൽ വായനക്കാരെ തീർച്ചയായും സഹായിക്കും. ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ ഇന്ത്യയിലെ സമുദ്രവ്യാപാര ചരിത്രം പരിശോധിച്ച് എഴുതിയത്് ഇങ്ങനെയായിരുന്നു: കേരള ചരിത്രത്തിലെ പോർച്ചുഗീസ് കാലം ഒരു മിഥ്യയാണ്: വാണിജ്യ കേരളം: കേരളത്തിന്റെ വാണിജ്യചരിത്രം അന്വേഷിക്കുന്ന കൃതി എന്ന പുസ്തകത്തിൽ അദ്ദേഹം ഈ ആശയം അവതരിപ്പിക്കുന്നുണ്ട്. അപ്പോൾ ചരിത്രകാരൻ മിഥ്യയെന്നും നാട്ടാഖ്യാനങ്ങളിലും ഈ നോവലിലും കടന്നുവരുന്ന സന്ദർഭങ്ങളെയും എങ്ങനെ കാണാനും വിലയിരുത്താനും കഴിയുമെന്ന ചോദ്യവും ചുവന്ന കടൽ വായിച്ചവസാനിക്കുമ്പോൾ ഉയർന്നുവരുന്നു. നോവൽ ഒരിക്കലും ചരിത്രമല്ല. പക്ഷേ, ചരിത്ര നോവലുകളിൽ ചരിത്രം ആഴത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഇന്നു ചുവന്ന കടൽ ചരിത്ര സംവാദങ്ങളുടെ ഭൂമികയിലേക്കുകൂടി പ്രവേശിക്കുന്നുണ്ട് എന്ന യാഥാർഥ്യം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. തുഹ്ഫത്തുൽ മുജാഹിദീനിലെ പോർച്ചുഗീസ് ആക്രമണ വിവരണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് ചുവന്ന കടൽ വായിക്കാനാവുക. അങ്ങനെ വായിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ അഗാധമായ പീഡയുടെയും അതിനെതിരേ പൊരുതി നിന്നവരുടെയും ഒരു കടൽ നമുക്കു മുന്നിൽ ഉയർന്നു വരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."