ഗസ്സ: ദോഹയില്‍ സമാധാന ചര്‍ച്ച നടക്കുമെന്ന് റിപോര്‍ട്ട്
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവിയും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും ദോഹയില്‍ ഗസ ഉടമ്പടി, ബന്ദി കൈമാറ്റ ഇടപാട് എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ്, ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ഈജിപ്ഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
റമദാനില്‍ ഇസ്രയേലും ഹമാസും തമ്മില്‍ സന്ധി ഉറപ്പിക്കുന്നതില്‍ ഖത്തറി, യു.എസ്, ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ ഉള്‍പ്പെട്ട ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ചര്‍ച്ചയാണ് ഖത്തരി തലസ്ഥാനത്ത് നടക്കുന്നത്.
റമദാന്‍ ആരംഭിച്ച ശേഷവും ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയില്‍ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിലും കര ആക്രമണത്തിലും കുറഞ്ഞത് 31,726 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."