കോണ്‍ഗ്രസുകാരിയാണോ എന്നതല്ല വിഷയം; കുമാരിയുടെ പേരിലുള്ള മറ്റ് നാലു കാര്‍ഡുകള്‍ എവിടെയെന്ന് ചെന്നിത്തല
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ ചോദ്യങ്ങളും അന്വേഷണ ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയതെന്നു കാണിച്ച് തെളിവുസഹിതം ചെന്നിത്തല പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകളുള്ള ഒരു വോട്ടര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന തരത്തില്‍ പ്രതികരണമുണ്ടായി. ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരുവച്ച് കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി ചെന്നിത്തല രംഗത്തെത്തി.
''ഉദുമ മണ്ഡലത്തില്‍ ചൂണ്ടിക്കാട്ടിയ കുമാരി എന്ന വോട്ടര്‍ കോണ്‍ഗ്രസുകാരിയാണോ വേറെ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണോ എന്നതല്ല വിഷയം. കുമാരിയുടെ പേരില്‍ എങ്ങനെ വ്യത്യസ്ത നമ്പറുള്ള അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ ഉണ്ടായി? ആരാണ് ഈ വോട്ട് ചെയ്യാന്‍ പോകുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്ന യഥാര്‍ത്ഥ വോട്ടര്‍ക്കു മുന്‍പേ വ്യാജ വോട്ട് ചെയ്തു മടങ്ങിയ അനവധി സംഭവങ്ങളാണ് ഇതിനു മുമ്പുണ്ടായിട്ടുള്ളത്. മരിച്ചവര്‍ വരെ അമരന്മാരായി വോട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ ഭീതിയിലാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത് .ഇതേ ഉദുമയിലാണ് പോളിങ് ഉദ്യോഗസ്ഥനായ ഇടതു അനുകൂല അധ്യാപകനെ സി പി എം എം എല്‍ എ ഭീഷണിപ്പെടുത്തിയതായി അധ്യാപകന്‍ തന്നെ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വോട്ട് ഇരട്ടിക്കല്‍ നിഷ്‌കളങ്കമല്ല'' ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. പല വോട്ടര്‍മാരുടെയും പേരുകള്‍ ഇരട്ടിക്കുകയും ചിലരുടെ പേരില്‍ അഞ്ചു വരെ ഇലക്ടറല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പില്‍ ഒരാളുടെ പേരില്‍ വോട്ടര്‍ പട്ടികയില്‍ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറല്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ആയിരക്കണക്കിന് വ്യാജ വോട്ടുകളെക്കുറിച്ച് തെളിവ് സഹിതമാണ് ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്കിയത്. ഇതേ പരാതിയാണ് നേരത്തേ അടൂര്‍ പ്രകാശ് നല്കിയതും തിരുവനന്തപുരം കലക്ടര്‍ ശരിവച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ സമാന സ്വഭാവത്തിലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.പാര്‍ട്ടി അനുഭാവികളായ ഉദ്യോസ്ഥരുടെ സഹായത്തോടെ നടന്ന ആസൂത്രിത ശ്രമമായി ഇതിനെ സംശയിക്കണം.
സി.പി.എമ്മിന് ആര്‍ജവമുണ്ടെങ്കില്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടണം. ലൈഫ് മിഷനിലെ ഐഫോണ്‍ കൈക്കൂലി ആക്ഷേപം ഉന്നയിച്ചവര്‍ക്ക് ഇതിനു ധൈര്യമുണ്ടോ എന്നു മാത്രമാണ് സംശയമുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."