'നിയമ വിരുദ്ധം, അധികാര പ്രയോഗം' നോട്ട് നിരോധനത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ശരിവെച്ചപ്പോള്‍ ജസ്റ്റിസ് നാഗരത്‌നമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ 2016ലെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐ ആക്ട് 26/2 പ്രകാരം കേന്ദ്രത്തിനുള്ള അധികാരങ്ങളില്‍ ജ.നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തി. നോട്ട് നിരോധിക്കണമെങ്കില്‍ നിയമനിര്‍മാണം വേണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ വിധിയില്‍ വ്യക്തമാക്കി.
'നിയമവിരുദ്ധം' എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ 2016ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടില്‍ നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധം (ഡിഹമംളൗഹ) ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്ന അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു.
ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡ് വേണമായിരുന്നു നിരോധനം മുന്നോട്ട് വെക്കേണ്ടിയിരുന്നത്. നോട്ട് നിരോധനം ഏതെങ്കിലും ഒരു സീരീസിലുള്ള നോട്ട് പിന്‍വലിക്കുന്നത് പോലെയല്ല. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി നോട്ട് പിന്‍വലിച്ചത് ശരിയല്ല. പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്തിയത് ശരിയായില്ലെന്നും അവര്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കാന്‍ ആര്‍ബിഐക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന 'കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം' എന്ന വാചകങ്ങള്‍ വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ആര്‍ബിഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ 98% നോട്ടുകളും മാറ്റിയെടുക്കാനായിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കനായിട്ടില്ലെന്ന് വ്യക്തമാണ്. എന്നാല്‍, ഇത്തരം പരിഗണനകളുടെ അടിസ്ഥാനത്തിലല്ല കോടതിയുടെ വിധിപ്രസ്താവമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഈ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യംചെയ്ത ഹരജികളാണ് കോടതി പരിഗണിച്ചത്. 58 ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരം ആണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞെന്നും ചിദംബരം വാദിച്ചു. എന്നാല്‍ സാമ്പത്തിക നയത്തിനുമേല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."