അന്ന് ക്ലാസ്‌മേറ്റ്‌സ്; ഇന്ന് ഫൈറ്റേഴ്‌സ്
കോട്ടയം: നിയമപഠന വഴിയിലെ ആ പഴയ ക്ലാസ്‌മേറ്റ്‌സ് ഇന്ന് പോര്‍ക്കളങ്ങളില്‍ ഫൈറ്റേഴ്‌സ്. മൂന്ന് രാഷ്ട്രീയകക്ഷികളിലെ നാല് യുവനേതാക്കളാണ് ആ സഹപാഠികള്‍. രണ്ട് മുന്നണികള്‍ക്കായാണ് ഇവര്‍ മത്സരത്തിനിറങ്ങുന്നത്. രണ്ടു പേര്‍ സിറ്റിങ് എം.എല്‍.എമാരാണെങ്കില്‍ മറ്റുള്ളവര്‍ക്കിത് കന്നിയങ്കം. പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജ്, വര്‍ക്കലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബി.ആര്‍.എം ഷഫീര്‍, ഹരിപ്പാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സജിലാല്‍ എന്നിവരാണ് നിയമസഭാ പോരാട്ടത്തിലെ ആ ക്ലാസ്‌മേറ്റ്‌സ്. രണ്ടു പേര്‍ ഇടത്താണെങ്കില്‍ രണ്ടു പേര്‍ വലത്ത്. 2001-2004 കാലഘട്ടത്തില്‍ തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികളായിരുന്നു ഈ നാല്‍വര്‍ സംഘം. 2016ല്‍ സിറ്റിങ് എം.എല്‍.എമാരെ വീഴ്ത്തിയായിരുന്നു കുന്നപ്പിള്ളിയുടെയും സ്വരാജിന്റെയും നിയമസഭയിലേക്കുള്ള വരവ്. സി.പി.എമ്മിലെ സാജു പോളിനെ എല്‍ദോസ് വീഴ്ത്തിയെങ്കില്‍ കോണ്‍ഗ്രസിലെ കെ.ബാബുവിനെയാണ് സ്വരാജ് മുട്ടുകുത്തിച്ചത്. കെ. ബാബു തന്നെയാണ് ഇത്തവണയും സ്വരാജിന്റെ് എതിരാളി. കുന്നപ്പിള്ളിയെ നേരിടുന്നത് സി.പി.എമ്മിലെ ബാബു ജോസഫും.
മികച്ച പ്രാസംഗികന്‍ കൂടിയായ ബി.ആര്‍.എം ഷഫീര്‍ കെ.പി.സി.സി സെക്രട്ടറിയാണ്. വര്‍ക്കലയില്‍ സിറ്റിങ് എം.എല്‍.എ അഡ്വ. വി. ജോയിയെയാണ് നേരിടുന്നത്. ഹരിപ്പാട് മത്സരിക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായ ആര്‍. സജിലാലിന്റെ എതിരാളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
ലോ അക്കാദമിയിലെ 2001-2004 ബാച്ച് നിയമവിദ്യാര്‍ഥികളുടെ 'യുഫോറിയ' കൂട്ടായ്മയിലെ സ്ഥിരം സാന്നിധ്യമാണ് ഈ നാല്‍വര്‍ സംഘം. യുവജന രാഷ്ട്രീയ രംഗത്തെ തീപ്പൊരികളായ ക്ലാസ്‌മേറ്റ്‌സ് സംഘത്തിലെ ആരെല്ലാം ജയന്റ് കില്ലര്‍മാരാവുമെന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മറ്റു സഹപാഠികള്‍. മുസ്‌ലിം ലീഗ് പുനലൂരിലേക്ക് നിര്‍ദേശിച്ച യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കറും ഇവര്‍ക്കൊപ്പം നിയമ വിദ്യാര്‍ഥിയായിരുന്നു. അബ്ദുറഹ്മാന്‍ രണ്ടത്താണിക്കായി സുല്‍ഫിക്കര്‍ വഴിമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."