സി.പി.ഐ കമ്മ്യൂണിസ്റ്റ് പേര് ഉപേക്ഷിക്കണമെന്ന് 'ചിന്ത' മറുപടി 'നവയുഗത്തി'ലെന്ന് കാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സി.പി.ഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കണമെന്ന, സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിൽ ഉന്നയിച്ച വിമർശനത്തിന് സി.പി.ഐയുടെ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറയുമെന്ന് കാനം രാജേന്ദ്രൻ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുന്നണിയിൽ പാർട്ടികൾ തമ്മിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾ ആവാം. എന്നാൽ, വിമർശനം ഉന്നയിക്കുന്നവർ തന്നെയാണ് ആ വിമർശനം ശരിയാണോയെന്ന് ചിന്തിക്കേണ്ടതെന്നും കാനം പറഞ്ഞു.
'തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ' തലക്കെട്ടിലാണ് സി.പി.ഐയെ വിമർശിച്ച് ചിന്തയിൽ ലേഖനം വന്നത്. നേരത്തെ പാർട്ടി സമ്മേളനങ്ങളിലെ പ്രസംഗത്തിനായി സി.പി.ഐ തയാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി തുടരുമെന്ന വാചകമുണ്ടായിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐയെന്നും ലേഖനത്തിൽ പറയുന്നു.
സി.പി.ഐ നേരത്തേ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. 1967ലെ ഇ.എം.എസ് സർക്കാരിൽ പങ്കാളികളായ സി.പി.ഐ, വർഗവഞ്ചകർ എന്ന ആക്ഷേപത്തെ അന്വർഥമാക്കി വീണുകിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഇ.എം.എസ് സർക്കാരിനെ പുറത്താക്കാൻ ഇടപെടൽ നടത്തിയ പാർട്ടിയാണ്. കേരളത്തിലെ ജാതിജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കരണ നിയമം നിയമസഭ പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം സി.പി.ഐ ഉൾപ്പടെയുള്ളവർ മുന്നിൽ നിന്നാണ് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ചത്. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പിന്തുണയോടെ ഭരണത്തിലേറുകയാണ് സി.പി.ഐ ചെയ്തതെന്നും ലേഖനത്തിൽ തുറന്നടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."