തോറ്റിട്ടും സ്മൃതി ഇറാനി അമേഠിയില്‍, രാഹുലോ... നേതൃത്വത്തിന് ആര്‍ത്തിയും ദുരാശയും, ഡി.സി.സി യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരേ ടി. പത്മനാഭൻ
കൊച്ചി
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയിൽ ഗാന്ധികുടുംബത്തിനെതിരേ രൂക്ഷവിമർശനവും പരിഹാസമുമായി സാഹിത്യകാരൻ ടി. പത്മനാഭൻ. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, എം.എം ഹസ്സൻ തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയാണ് വിമർശനം.
കോൺഗ്രസിന്റെ പരാജയകാരണം കോൺഗ്രസുകാർ തന്നെയാണ്. അതിനു വേറെ ആരെയും കുറ്റംപറയേണ്ട. അധികാരത്തോടുള്ള ചിലരുടെ താൽപര്യമാണ് പാർട്ടിയെ തകർക്കുന്നത്. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങിയതാണ് തോൽവികൾക്ക് പിന്നാലെയുള്ള തോൽവികൾക്ക് കാരണമെന്നും ടി. പത്മനാഭൻ പരിഹസിച്ചു.
ഡി.സി.സി ഒാഫിസിൽ പോൾ പി. മാണി ലൈബ്രറിയുടെയും സബർമതി പഠന ഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ആർത്തിയും ദുരാർത്തിയും ദുരാശയുമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. രാഹുൽ ഗാന്ധി തോറ്റത് സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. സ്മൃതി ഇറാനിയുടെ ആരാധകനല്ല ഞാൻ, ആവുകയുമില്ല. ഒരു കാര്യത്തിൽ അവരോട് ഞാൻ ഹാറ്റ്‌സ് ഓഫ് പറയുന്നു. തോറ്റശേഷം സ്ഥിരമായി അവർ ആ മണ്ഡലത്തിൽ പോയി. രാഹുലോ, അഞ്ച് വർഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയതെന്നും ടി. പത്മനാഭൻ പറഞ്ഞു. 1940 മുതൽ താൻ കോൺഗ്രസുകാരനാണ്. 93ാം വയസ്സലും ഗാന്ധിയനായി, കോൺഗ്രസുകാരനായി തുടരുന്നു. ലാളിത്യത്തിന്റെ ആൾരൂപങ്ങളായിരുന്നു പണ്ടത്തെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. പക്ഷേ, കോൺഗ്രസുകാർക്ക്അതു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."