അധ്യാപകർ പാഠഭാഗങ്ങൾ ഓടിത്തീർത്തു ആശങ്കയിൽ പ്ലസ്ടു വിദ്യാർഥികൾ
വിദ്യാർഥികളുടെ ഉന്നതപഠന സാധ്യതയെ പ്രതികൂലമായി ബാധിക്കും
കോഴിക്കോട്
സർക്കാരിനെ ബോധിപ്പിക്കാൻ ഓട്ടപ്രദക്ഷിണം നടത്തി അധ്യാപകർ പാഠഭാഗങ്ങൾ തീർത്തെങ്കിലും എന്തു ചെയ്യണമെന്നറിയാതെ പ്ലസ്ടു വിദ്യാർഥികൾ ആശങ്കയിൽ. ഫോക്കസ് ഏരിയ ഒഴിവാക്കി എല്ലാ പാഠഭാഗങ്ങളും പരീക്ഷാ സിലബസിൽ ഉൾപ്പെടുത്തുമെന്ന തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിന്നതോടെ, വിദ്യാർഥികളെ കൃത്യമായി പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പാഠഭാഗങ്ങൾ മുഴുവൻ പൂർത്തിയാക്കി ചടങ്ങ് തീർത്തിരിക്കുകയാണ് അധ്യാപകർ. അതേസമയം, ആവശ്യത്തിന് വിശദീകരണം ലഭിക്കാതെ എങ്ങിനെ പരീക്ഷയെ അഭിമുഖീകരിക്കുമെന്ന മാനസിക സമ്മർദത്തിലാണ് വിദ്യാർഥികൾ.
ഫെബ്രുവരി 28നുള്ളിൽ പാഠഭാഗങ്ങൾ തീർത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതോടെ അധ്യാപകർ യുദ്ധകാലാടിസ്ഥാനത്തിൽ അവരുടെ ചുമതല നിറവേറ്റി. ഒരാഴ്ച കൊണ്ട് തീർക്കേണ്ട പാഠങ്ങൾ ഒരു ദിവസം കൊണ്ട് തീർത്തതിനാൽ വിദ്യാർഥികൾക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അധ്യാപകർ തന്നെ വ്യക്തമാക്കുന്നു. മികച്ച നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കു പോലും പിന്തുടരാൻ കഴിയാത്ത അത്രയും വേഗത്തിലാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. പരീക്ഷയുടെ മുമ്പ് എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുട്ടികൾ. പാഠം തീർക്കലല്ലാതെ തങ്ങൾക്കു മുന്നിൽ വേറെ വഴികളുണ്ടായിരുന്നില്ലെന്നും അധ്യാപകർ പറയുന്നു. ചില സ്‌കൂളുകൾ പാഠഭാഗങ്ങൾ തീർക്കാതെ തീർത്തുവെന്ന റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
പ്ലസ്ടു പാഠഭാഗങ്ങൾ കൃത്യമായി പഠിപ്പിക്കാൻ 200 അധ്യയന ദിവസങ്ങളെങ്കിലും വേണം. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളും ഇടയ്ക്കു നടന്ന പ്ലസ് വൺ പരീക്ഷയും കാരണം ഇതിന്റെ പകുതി ദിവസങ്ങൾ പോലും കിട്ടിയിട്ടില്ല.
ഓട്ടപ്രദക്ഷിണ ക്ലാസുകളിൽ ഒന്നും മനസിലാക്കാനാവാത്തതിനാൽ പല വിദ്യാർഥികളും അവസാന ദിവസങ്ങളിൽ അവധിയെടുക്കുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. പരീക്ഷയെ എങ്ങിനെ അഭിമുഖീകരിക്കും എന്നതു സംബന്ധിച്ച് പ്ലസ്ടു വിദ്യാർഥികൾക്ക് ഇതുവരെ കൃത്യമായ ഒരു മാർഗനിർദേശവും ലഭിച്ചിട്ടില്ല. ഈ മാസം 16ന് മോഡൽ പരീക്ഷ ആരംഭിക്കും. മാർച്ച് 30ന് പൊതുപരീക്ഷയും.
നിലവിലെ അവസ്ഥയിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കു പോലും എ പ്ലസ് നേടുക പ്രയാസകരമായിരിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഏറെ പ്രതിസന്ധി ഘട്ടത്തിൽ പരീക്ഷ എഴുന്ന വിദ്യാർഥികൾക്ക് ഫോക്കസ് ഏരിയ പിൻവലിച്ചത് ഉപരിപഠനത്തിന് യോഗ്യത നേടുന്നതിൽ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."