ആർ.എസ്.എസ് വാർഷിക റിപ്പോർട്ട് ; ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമെന്ന് സി.പി.എം
ന്യൂഡൽഹി
ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ രാജ്യത്ത മതഭ്രാന്ത് വളരുന്നുവെന്നും സർക്കാർ സംവിധാനത്തിൽ പ്രവേശിക്കാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള ആർ.എസ്.എസ്സിന്റെ വാർഷിക റിപ്പോർട്ട് ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ഗൂഢനീക്കമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. വലിയ തോതിലുള്ള വർഗീയ ധ്രുവീകരണവും മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണവും ഉപയോഗിച്ചും പണമൊഴുക്കിയുമാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഒരിക്കൽ കൂടി സർക്കാർ രൂപീകരിക്കാൻ സാധിച്ചതെന്നും പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.
പരമ്പരാഗത പാർട്ടികളായ കോൺഗ്രസിനെയും അകാലിദളിനെയും നിരസിച്ചാണ് പഞ്ചാബിലെ ജനം ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്തത്.
മാറ്റത്തിന് വേണ്ടിയാണ് പഞ്ചാബിലെ ജനം വോട്ടു ചെയ്തതെങ്കിലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ഹിന്ദുത്വവാദ കോർപ്പറേറ്റ് ഭരണകൂടത്തിനും അവരുടെ നയങ്ങൾക്കും എതിരേ പോരാടാൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പോളിറ്റ് ബ്യൂറോ എല്ലാ ഇടത് ജനാധിപത്യ ശക്തികളോടും ആഹ്വാനം ചെയ്തു. സംഘപരിവാർ ശക്തികളെ നേരിടാൻ പാർട്ടി നേതൃത്വപരമായ പങ്കുവഹിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു.
ത്രിപുരയിൽ സി.പി.എം പ്രവർത്തകർക്കെതിരേ ബി.ജെ.പി നടത്തുന്ന ആക്രമണത്തെ പോളിറ്റ്ബ്യൂറോ അപലപിച്ചു. പി.എഫ് പലിശ നിരക്ക് 8.1 ശതമാനമായി കുറച്ച് കേന്ദ്രം അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നേരെ കൂടുതൽ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്.
പലിശ നിരക്ക് കുറച്ചതിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."