HOME
DETAILS

ബഫർ സോണിലേത് സർക്കാർ വീഴ്ച

  
backup
January 03 2023 | 20:01 PM

%e0%b4%ac%e0%b4%ab%e0%b5%bc-%e0%b4%b8%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%b5%e0%b5%80%e0%b4%b4

പ്രൊഫ. റോണി കെ. ബേബി

പരിസ്ഥിതിലോല മേഖല (ബഫർ സോൺ) സംബന്ധിച്ച് സുപ്രിംകോടതി വിധിയിൽ പറയുന്ന പ്രകാരം വിശദമായ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച് ആശങ്കയിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അതിന് ആത്മാർഥമായ ഒരു ശ്രമവും നടത്തുന്നില്ല എന്നതിന് തെളിവാണ് പുറത്തുവന്ന ഉപഗ്രഹ സർവേ റിപ്പോർട്ടും വനം വകുപ്പ് തയാറാക്കിയ ഭൂപടവും. അടുത്ത ദിവസം സുപ്രിംകോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ജനവിരുദ്ധമായ ഈ ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിച്ചാൽ അത് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വൻതിരിച്ചടിയാകും എന്നതിൽ യാതൊരു സംശയവുമില്ല. സുപ്രിംകോടതി വിധിക്കെതിരേ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബഫർ സോൺ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും കേരളസർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന നിസ്സംഗതയും കെടുകാര്യസ്ഥതയും അത്യന്തം പ്രതിഷേധാർഹമാണ്.
സുപ്രിംകോടതി വിധി


സംരക്ഷിത വനാതിർത്തിയിൽനിന്നും ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കുന്നതാണ് ജൂൺ മൂന്നിലെ സുപ്രിംകോടതി വിധി. കോടതി പ്രഖ്യാപിച്ച ദൂരപരിധിയിൽ ഇളവ് ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ സ്ഥാപനങ്ങൾക്കും സുപ്രിംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് ജൂൺ മൂന്നിലെ വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. എംപവേർഡ് കമ്മിറ്റിയും വനം, പരിസ്ഥിതി മന്ത്രാലയവും സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സുപ്രിംകോടതിയിൽ ശുപാർശ സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ കോടതി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കും. അതായത് ബഫർ സോൺ വിഷയത്തിൽ പരിഹാരശ്രമങ്ങൾക്ക് നേതൃത്വം നൽകേണ്ടത് കേരള സർക്കാരാണെന്ന് വ്യക്തം.
ജൂൺ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോല മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളെയും നിർമാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസർക്കാരിനെയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എംപവേർഡ് കമ്മിറ്റി ഈ വിവരം സുപ്രിംകോടതിയെ അറിയിച്ച് കേരളത്തിന് അനുകൂലമായി വിധി സമ്പാദിക്കണം. ഇതിനുവേണ്ടി അടിയന്തരമായി ഗ്രൗണ്ട് സർവേ നടത്തി യഥാർഥ വസ്തുത സുപ്രിംകോടതിയെ ബോധ്യപ്പെടുത്തി കേരളത്തിന് അനുകൂലമായി ഇളവുകൾ നേടുന്നതിന് പകരം ജനവാസകേന്ദ്രങ്ങളെ ബഫർ സോൺ പരിധിയിലാക്കുന്ന ഉപഗ്രഹ സർവേ റിപ്പോർട്ടുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ഇത് കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.
ഉപഗ്രഹ സർവേ റിപ്പോർട്ട്


വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനായി സംസ്ഥാനം തയാറാക്കിയ റിപ്പോർട്ടിൽ വലിയ ആശയകുഴപ്പവും ആശങ്കയുമാണുള്ളത്. വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളിൽ സമർപ്പിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട് നിരന്തര പ്രതിഷേധങ്ങളെത്തുടർന്ന് പുറത്തുവിട്ടപ്പോൾ ലഭിച്ച വിശദാംശങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. സുപ്രിംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകൾ നിർണയിക്കാനുള്ള നടപടികളാണ് സർക്കാരിന്റെ അനാസ്ഥ കാരണം വലിയ പ്രതിഷേധങ്ങൾക്ക് ഇടയായിരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.


ബഫർ സോൺ നിർണയിക്കുന്നതിനായി ഫീൽഡ് സർവേ നടത്തുന്നതിനുപകരം സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്റർ തയാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടും വനംവകുപ്പ് തയാറാക്കിയ ഭൂപടവും അപൂർണമാണ്. സർവേയിൽ ഭൂവിനിയോഗം, വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി മാർക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം പലയിടത്തും അപൂർണമാണ്. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സർവേയിൽ ബഫർ സോണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ രീതിയിൽ ഗ്രൗണ്ട് മാപ്പിങ് നടത്താതെ, റവന്യൂ രേഖകളെ കാര്യമായി ആശ്രയിക്കാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തട്ടിക്കൂട്ട് റിപ്പോർട്ട് തയാറാക്കിയതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ വഷളായിരിക്കുന്നത്. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചിക്കാനുള്ള നീക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനികില്ല.


ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കിയ ബഫർ സോൺ മാപ്പിൽ മേഖലകൾ തിരിച്ചറിയുന്നതിനുള്ള ലാൻഡ്മാർക്കുകൾ വ്യക്തമല്ല. റിപ്പോർട്ടിൽ പുഴകൾ, റോഡുകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളിൽ വലിയ ആശങ്കയുളവാക്കുന്നു. ആകാശക്കാഴ്ച്ചയിൽ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത് തങ്ങളുടെ വീടും സ്വത്തും ബഫർ സോൺ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവകാശം നിർദാക്ഷിണ്യം നിഷേധിച്ചിരിക്കുകയാണ്. 14,619 കെട്ടിടങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേർട്ടിൽനിന്ന് വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ജനവാസകേന്ദ്രങ്ങളിലെ വീടുകൾ ഉൾപ്പെടെ ഇത്രയും കെട്ടിടങ്ങൾ ഉൾപ്പെടുത്തി മാപ്പ് തയാറാക്കിയത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഒരേ രീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതും ദുരൂഹമാണ്.


ജനവാസ കേന്ദ്രങ്ങൾ
ബഫർ സോണിൽ


കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ പുറത്തുവിട്ട മാപ്പിൽ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളും ബഫർ സോൺ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. 25.16 ചതുരശ്ര കിലോമീറ്ററാണു എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ ആകെ വിസ്തീർണം. ഇതിനോടനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട ബഫർ സോൺ 28. 444 ചതുരശ്ര കിലോമീറ്ററാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ ജനസാന്ദ്രത കൂടിയ നൂറേക്കർ മുതൽ സീനായിക്കുന്ന് വരെയുള്ള പ്രദേശങ്ങൾ, ഉരുളൻതണ്ണി വാർഡിലെ പിണവൂർകുടി ഉൾപ്പെടെയുള്ള ജനവാസമേഖലകൾ, കീരമ്പാറ പഞ്ചായത്തിലെ തട്ടേക്കാട് മുതൽ പലമറ്റം വരെയുള്ള പ്രദേശങ്ങൾ, പിണ്ടിമന പഞ്ചായത്തിലെ വിവിധ പട്ടയഭൂമികൾ എന്നിവയെല്ലാം റിപ്പോർട്ട് പ്രകാരം ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുകയാണ്. പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കാർഷിക മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായും വനഭൂമിയാണെന്നാണ് റിപ്പോർട്ടിലുള്ളത്. തലമുറകളായി കാർഷികവൃത്തിയെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള പത്തനംതിട്ട ജില്ലയിലെ പെരുനാട് വില്ലേജ് മാപ്പിലേ ഇടം പിടിച്ചിട്ടില്ല.


കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾ, കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിക്ക് പുറത്തുള്ള വില്ലേജുകൾ എല്ലാംതന്നെ ബഫർസോൺ പട്ടികയിലുണ്ട്. ഈ ഉദാഹരണങ്ങൾ എല്ലാംതന്നെ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. കൂടാതെ ഇക്കാലമത്രയും ബഫർ സോണുകൾ വില്ലേജുകളുടെ അടിസ്ഥാനത്തിലായിരുന്നു സൂചിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഞ്ചായത്തടിസ്ഥാനത്തിലാക്കിയതിലും സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങളുണ്ട്.
115 പഞ്ചായത്തുകളിലെ 300 ലധികം വില്ലേജുകളിലെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തെ നിസാരവത്കരിച്ച് പൊതുസമൂഹത്തിൻ്റെ ശ്രദ്ധ തിരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങളും പരാതികളും അറിയിക്കാനും നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനും അനുവദിച്ചിരിക്കുന്നത് വളരെ തുച്ഛ സമയം മാത്രമാണ്. പരാതികൾ സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ജനുവരി ഏഴാണ്. എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്‌ക്ക് തയാറാക്കി നേരിട്ടുള്ള സ്ഥലപരിശോധന ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിഷയത്തിൽ റവന്യൂ, വനം, തദ്ദേശ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും വിഷയം വഷളാക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ സർക്കാർ പുലർത്തുന്ന കുറ്റകരമായ അനാസ്ഥ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago