പഞ്ചാബ് പ്രവിശ്യയില്‍ രണ്ട് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു
ഇസ്‌ലാമാബാദ്: രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് റോഡരികിലുള്ള റസ്റ്റോറന്റിന് പുറത്ത് ഒരു തോക്കുധാരി പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു. ചൊവ്വാഴ്ച ഇരുവരും വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പഞ്ചാബ് പ്രവിശ്യയിലെ ഖനേവല്‍ ജില്ലയിലെ മുതിര്‍ന്ന പൊലിസ് ഓഫിസര്‍ മുര്‍തസ ഭാട്ടി പറഞ്ഞു.
പാകിസ്താന്‍ താലിബാനിലെയും മറ്റ് സായുധ ഗ്രൂപ്പുകളിലെയും അംഗങ്ങളെ അറസ്റ്റ് ചെയ്തതിന് പേരുകേട്ട ഉദ്യോഗസ്ഥരെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താനിലെ തോക്ക്, ബോംബ് ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കുന്നതിലും പരിഹരിക്കുന്നതിലും വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പാകിസ്താന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രവിശ്യ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഡയറക്ടറാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവംബറില്‍ പാകിസ്താന്‍ സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച ശേഷം അടുത്ത മാസങ്ങളില്‍ സായുധ സംഘം സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ശക്തമാക്കിയിരുന്നു.
പാക് താലിബാന്‍ വേറിട്ട സംഘടനയാണെങ്കിലും അഫ്ഗാന്‍ താലിബാനുമായി സഖ്യത്തിലാണ്. അഫ്ഗാന്‍ താലിബാന്‍ 20 വര്‍ഷത്തെ പോരാട്ടത്തിന് ശേഷം നാറ്റോയുടെയും അമേരിക്കയുടെയും സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2021ല്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അഫ്ഗാന്‍ പ്രദേശം പാകിസ്താനെതിരെയോ മറ്റേതെങ്കിലും രാജ്യത്തിനെതിരെയോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ചൊവ്വാഴ്ച അഫ്ഗാന്‍ താലിബാന്‍ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."