നാല് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം ഹോളി കഴിഞ്ഞ് യു.പിയിലൊഴികെ മുഖ്യമന്ത്രിമാർ തീരുമാനമായില്ല
ന്യൂഡൽഹി
ബി.ജെ.പി ജയിച്ച നാലു സംസ്ഥാനങ്ങളിൽ ഹോളിക്ക് ശേഷം സർക്കാർ രൂപീകരിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് സർക്കാർ രൂപീകരിക്കുക. സത്യപ്രതിജ്ഞയെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും ദേശീയ നേതൃത്വവും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. ഹോളി കഴിഞ്ഞ് അടുത്ത ദിവസം ഉത്തരാഖണ്ഡിൽ എം.എൽ.എമാരുടെ യോഗം മുതിർന്ന പാർട്ടി നേതാക്കളായ ധർമേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കും. മാർച്ച് 20 നാണ് സത്യപ്രതിജ്ഞ.
മണിപ്പൂരിലും ഗോവയിലും നിയമസഭ പിരിച്ചുവിട്ടതിനാൽ എം.എൽ.എമാർ ഉടനെ സത്യപ്രതിജ്ഞ ചെയ്യും. മണിപ്പൂരിൽ എം.എൽ.എമാർ ചുമതലയേറ്റു. ഗോവയിൽ ഇന്ന് ചുമതലയേൽക്കും. ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച തീരുമാനം വൈകുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ തന്നെ പാർട്ടി ഉറപ്പിച്ചിട്ടുണ്ട്. യോഗി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കണ്ട് ചർച്ച നടത്തി.
ഉത്തരാഖണ്ഡിൽ പാർട്ടി ജയിച്ചപ്പോൾ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ നേതാവിനെ പരിഗണിക്കും.
മണിപ്പൂരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന എൻ. ബിരേൻ സിങ് തീരുമാനിക്കപ്പെട്ടിരുന്നുവെങ്കിലും മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് ഇപ്പോൾ ദേശീയ നേതൃത്വം. ഗോവയില രണ്ടാമൂഴത്തിന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതെങ്കിലും മറ്റു നേതാക്കളും മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുണ്ട്.
യു.പിയിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കമില്ലെങ്കിലും മന്ത്രിമാരുടെ പട്ടികയിൽ തീരുമാനമായിട്ടില്ല. ഇതിൽ അന്തിമമാക്കാനാണ് യോഗി ഡൽഹിയിൽ തങ്ങുന്നത്. ഇന്ന് രാവിലെ 9.30 ന് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. അംബേദ്കർ സെന്ററിൽ നടക്കുന്ന യോഗത്തിൽ എം.പിമാർ സംബന്ധിക്കും. നാലു സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണവും ചർച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."