വ്യാജ കൊവിഡ് മരണ സർട്ടിഫിക്കറ്റ് ; സി.എ.ജി അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി
വ്യാജ കൊവിഡ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സി.എ.ജി അന്വേഷണത്തിന് ഉത്തരവിടാൻ പോകുകയാണെന്ന് സുപ്രിംകോടതി.
തങ്ങളുടെ ഉത്തരവ് ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തുമെന്ന് കരുതിയില്ലെന്നും ഇത്രത്തോളം നമ്മുടെ ധാർമികത അധഃപതിച്ച് പോയെന്ന് കരുതിയിരുന്നില്ലെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളായിട്ടുണ്ടെന്നത് ശരിയാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും കോടതി പറഞ്ഞു.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന അരലക്ഷം രൂപ ധനസഹായം ചിലർ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്തെന്നാണ് സുപ്രിംകോടതിയിൽ പരാതിയെത്തിയിരിക്കുന്നത്.
ധനസഹായത്തിന് മരണ സർട്ടിഫിക്കറ്റ് മാത്രം രേഖയായി പരിഗണിക്കണമെന്ന നിർദേശമാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് കോടതി വിലയിരുത്തിയിരുന്നു.
വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. നഷ്ടപരിഹാരത്തിന് മരണം നടന്ന് നാലാഴ്ചയ്ക്കുള്ളിൽ അപേക്ഷിച്ചിരിക്കണമെന്ന വ്യവസ്ഥ വയ്ക്കണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."