പീഡനക്കേസില്‍ ജാമ്യം നല്‍കാന്‍ രാഖി കെട്ടണമെന്ന് വ്യവസ്ഥ; മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനായി ഇരയ്ക്ക് രാഖി കെട്ടണമെന്ന വ്യവസ്ഥവച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. വനിതാ അഭിഭാഷകര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. സ്ത്രീപീഡകനെ സഹോദരനാക്കി മാറ്റുന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അയല്‍ക്കാരിയെ ലൈംഗികാതിക്രമം ചെയ്ത കേസിലാണ് മധ്യപ്രദേശ് ഹൈക്കോടതി വിചിത്രമായ ജാമ്യവ്യവസ്ഥ വച്ചത്. പ്രതി ഭാര്യയുമൊത്ത് മധുരപലഹാരങ്ങളുമായി പരാതിക്കാരിയുടെ വീട്ടില്‍പ്പോയി അവര്‍ക്ക് രാഖികെട്ടണമെന്നായിരുന്നു ഒരു വ്യവസ്ഥ.
2020 ഏപ്രിലിലാണ് അയല്‍ക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ഉജ്ജയിന്‍ സ്വദേശി അറസ്റ്റിലാകുന്നത്. ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു ജൂലൈ 30ന് കോടതി വ്യവസ്ഥ മുന്നോട്ട് വച്ചത്. ഇതിനെതിരെ അഭിഭാഷക അപര്‍ണ്ണ ഭട്ടും മറ്റ് എട്ട് വനിതാ അഭിഭാഷകരും ചേര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഇത്തരം വ്യവസ്ഥകള്‍ വച്ചാല്‍ അത് സമാന കേസുകളില്‍ ആവര്‍ത്തിക്കപ്പെടുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളില്‍ വിധി പറയുമ്പോള്‍ ഒരു കോടതികളും സ്ത്രീയും പ്രതിയും തമ്മിലുള്ള ഒത്തുതീര്‍പ്പിനെക്കുറിച്ച് ഒരു ധാരണയും നിര്‍ദേശിക്കുകയോ, അത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാനോ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."