മുജാഹിദ് സമ്മേളനം ബാക്കിവച്ചത്
വെള്ളിപ്രഭാതം
മുജ്തബ ഫൈസി ആനക്കര
തർക്കങ്ങളിലൂടെയും വിവാദങ്ങളിലൂടെയും വാർത്തയിലിടം പിടിച്ചുകൊണ്ടാണ് പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം സമാപിച്ചത്. സംഘ്പരിവാർ നേതാക്കൾക്ക് പായ വിരിച്ചുകൊടുത്തും കേന്ദ്ര ഭരണകൂടത്തിന്റെ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾക്ക് പലപ്പോഴും പിന്തുണ പ്രഖ്യാപിച്ച ദേശീയ സലഫി നേതാവിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചും സംഘ്പരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്ന രാഷ്ട്രീയ നീക്കത്തിലൂടെ വിവാദം സൃഷ്ടിച്ച മുജാഹിദ് സമ്മേളനം ഹദീസ് നിഷേധ പ്രസ്താവനകളിലൂടെ ആദർശവ്യതിയാനത്തിലേക്കുകൂടി കൂപ്പുകുത്തുന്ന വേദിയുമായി മാറുന്നതാണ് പിന്നീട് കണ്ടത്.
ആദർശ പ്രചാരണങ്ങൾക്ക് വേണ്ടി സമ്മേളനത്തെ ഉപയോഗപ്പെടുത്തിയിരുന്ന പതിവ് കാഴ്ചകളിൽനിന്നു മാറി മതേതരത്വത്തെ അമിതമായി അവതരിപ്പിച്ചും സംഘ്പരിവാർ ഭരണകൂടത്തോട് മൃദുസമീപനം സ്വീകരിച്ചുമുള്ള മുജാഹിദ് പ്രസ്ഥാനത്തിൻ്റെ നീക്കം മറ്റാരൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള തിടുക്കമാണെന്നു വേണം കരുതാൻ. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് ഏജൻസിയായി വഹാബിസം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവും ആഗോളതലത്തിലെ നിരവധി തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആശയകേന്ദ്രം വഹാബിസമാണെന്ന വ്യാപക പ്രചാരണവും നിലനിൽക്കെ മതേതരത്വത്തിന്റെ വാഹകരാണെന്ന് പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമമായിട്ട് ഇതിനെ കരുതാം. ആഗോള സലഫി കാഴ്ചപ്പാടുകൾക്കനുസരിച്ച് മതേതരത്വത്തെ അഭിമാനമായി കൊണ്ടുനടക്കൽ പൊതുവേ അംഗീകരിക്കപ്പെടുന്ന കാര്യമല്ല. അതുകൊണ്ടായിരിക്കണം അറബ് ലോകത്ത് മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണം നടത്തിയപ്പോൾ മതേതരത്വം എന്നർഥം വരുന്ന അറബി പദത്തിന് പകരം സഹവർത്തിത്വം എന്നർഥമുള്ള പദമാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയഭൂമികയിൽ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള അടവ് നയമാണ് പ്രമേയത്തിലൂടെ പോലും ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളം പോലെയുള്ള പ്രബുദ്ധ രാഷ്ട്രീയബോധമുള്ള സമൂഹത്തിന് പരിചയമില്ലാത്ത സംഘ്പരിവാർ അനുകൂല സമീപനമാണ് മുജാഹിദ് നേതാക്കൾ സമ്മേളനത്തിലൂടെനീളം പ്രകടിപ്പിച്ചത്. ദേശീയതലത്തിൽ സലഫി പ്രസ്ഥാനത്തിന്റെ നേതാവായി അറിയപ്പെടുന്ന തികഞ്ഞ ബി.ജെ.പി ഭക്തൻ ഇന്ത്യ ജംഇയ്യത്തു അഹ്ലേ ഹദീസ് പ്രസിഡൻ്റ് അസ്ഗർ അലി ഇമാം മഹ്ദി സലഫിയെ പ്രധാന അതിഥിയായി പങ്കെടുപ്പിച്ചതും ഇതിൻ്റെ ഉദാഹരണമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയണമെന്ന സുപ്രിംകോടതി വിധിയെ ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾ സംഘടിതമായി എതിർത്തപ്പോഴും വിധിക്ക് അനുകൂലമായി പ്രതികരിച്ച നേതാവാണ് ഇദ്ദേഹം. അതുപോലെ കശ്മിർ ജനതക്ക് നേരെ ബി.ജെ.പി സർക്കാർ നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും അവകാശനിഷേധത്തിന്റെയും ഭാഗമായി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ നേരിട്ടുകണ്ട് ഇദ്ദേഹം സന്തോഷം അറിയിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ മുഴുവൻ മതേതര വിശ്വാസികളും എതിർത്ത് സമരം നടത്തിയ സി.എ.എക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള സംഘ്പരിവാർ ദാസ്യവേലകളായിരുന്നു മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സമ്മേളനത്തിന്റെ രാഷ്ട്രീയ കാഴ്ചകളെങ്കിൽ സ്വഹീഹായ ഹദീസുകളെ പോലും തങ്ങളുടെ കേവല യുക്തിക്ക് നിരക്കാത്തതിന്റെ പേരിൽ തള്ളിക്കളയണമെന്ന ഗുരുതര ഹദീസ് നിഷേധ പ്രസ്താവനകളാണ് സമ്മേളനം സമ്മാനിച്ച ആദർശവൈകല്യം. മതവിമർശകർക്കും മതനിരാസകർക്കും വഴിമരുന്നിട്ടുകൊടുക്കുന്ന അപകടകരമായ നീക്കങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഉണ്ടാവുന്നത്. മുജാഹിദ് വേദിയിൽനിന്ന് ഇത്തരം ഹദീസ് നിഷേധ പ്രസ്താവനകൾ ഉയർന്നുവരുന്നത് പുതിയ കാര്യമല്ല. കേരളത്തിലെ ഹദീസ് നിഷേധ ചരിത്രത്തിന്റെ വേരുകൾ പരതിയാൽ എത്തിച്ചേർന്നത് മുജാഹിദ് പ്രസ്ഥാനത്തിൽ തന്നെയാണ്.
'ഒരാൾ പ്രഭാതത്തിൽ ഏഴ് അജ്‌വ ഈത്തപ്പഴം കഴിച്ചാൽ അന്നത്തെ ദിവസം അയാൾക്ക് വിഷമോ സിഹ്‌റോ ബാധിക്കുകയില്ല' (ബുഖാരി). നിങ്ങളിൽ ഒരാളുടെ പാനീയത്തിൽ ഈച്ച വീണാൽ ഈച്ചയെ അവൻ അതിൽ മുക്കിയ ശേഷം പുറത്തേക്ക് ഇടട്ടെ. കാരണം അതിന്റെ ഒരു ചിറകിൽ രോഗവും മറുചിറകിൽ പ്രതിരോധവും ഉണ്ട്(ബുഖാരി, അബൂദാവൂദ്).
മുസ്‌ലിം പണ്ഡിത ലോകത്ത് ഐക്യകണ്‌ഠേന അംഗീകരിക്കപ്പെട്ട ഈ രണ്ട് ഹദീസുകളും തങ്ങളുടെ കേവല യുക്തിക്ക് നിരക്കാത്തതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ സ്വീകരിക്കാൻ കഴിയില്ലെന്നുമുള്ള ഇസ് ലാമിക് മോഡേണിസ്റ്റ് വാദം ഉയർത്തി സംസാരിച്ചത് മുതിർന്ന മുജാഹിദ് നേതാവും എഴുത്തുകാരനുമായ പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരിയാണ്. എന്നാൽ തുടർന്ന് സക്കരിയ മൗലവി ഇദ്ദേഹത്തിൻ്റെ പ്രസ്താവനയെ എതിർക്കുകയും ഹദീസ് അനുകൂല നിലപാട് വ്യക്തമാക്കുകയും ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ വളരെ ഗുരുതരമായ ഹദീസ് നിഷേധ സമീപനം ഉണ്ടായിട്ടും അതിനെതിരേ ഔദ്യോഗികമായി നിലപാട് സ്വീകരിക്കാൻ കഴിയാതെപോയത് ഔദ്യോഗിക മുജാഹിദ് ഭാഗത്തിനുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്പിസത്തയാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക വിഭാഗത്തിനുള്ളിലെ പഴയ മടവൂർ മുജാഹിദ് അംഗങ്ങളുടെ സ്വാധീനമാണ് ഈ ഹദീസ് നിഷേധ സമീപനത്തിന്റെ കാരണമായി വിലയിരുത്തുന്നത്. അതുകൊണ്ടാണ് ആ ഗ്രൂപ്പിനെ ഉന്നംവച്ചുകൊണ്ട് മദനിവിഭാഗത്തിൻ്റെ പ്രതിനിധിയായ സക്കരിയ മൗലവി പ്രൊഫസർ കുട്ടശ്ശേരിയുടെ പ്രസ്താവനക്കെതിരേ ശക്തമായി തുറന്നടിച്ചത്.
ഹദീസ് നിഷേധമെന്ന അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ മുജാഹിദ് നേതൃത്വം ആരുടെകൂടെ നിൽക്കുമെന്ന ചോദ്യമാണ് ഇനി ഔദ്യോഗിക മുജാഹിദ് വിഭാഗത്തിന്റെ ഭാവിയെ നിർണയിക്കുക. നേരത്തെ സിഹ്‌റ് സംബന്ധ വിഷയത്തിലും ഔദ്യോഗിക മുജാഹിദിനോട് അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഇരു മുജാഹിദ് ഗ്രൂപ്പുകളും തമ്മിലുള്ള ലയനത്തിനു ശേഷവും സിഹ്ർ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സിഹ്‌റിന് യാഥാർഥ്യമില്ലെന്നും ബന്ധപ്പെട്ട ഹദീസുകൾ അസ്വീകാര്യമാണെന്നുമാണ് മടവൂർ വിഭാഗത്തിന്റെ പക്ഷം. എന്നാൽ സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നവരാണ് മദനി വിഭാഗം. മുജാഹിദ് സമ്മേളനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ ഇതു സംബന്ധമായ പത്രക്കാരുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുജാഹിദ് നേതാക്കൾ. സിഹ്‌റിന് പ്രതിഫലനം ഉണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് മടവൂർപക്ഷം വാദിക്കുമ്പോൾ മദനിപക്ഷം പറയുന്നത് ശിർക്കല്ല എന്നാണ്. ശിർക്കും തൗഹീദുമായി വേർപിരിയുന്ന അതിഗുരുതരമായി ഇത്തരം വാദഗതികളിൽ പോലും ഗ്രൂപ്പിസം കൊണ്ടുനടക്കുകയും തീരുമാനത്തിലെത്താൻ കഴിയാതെവരികയും ചെയ്യുന്നത് അണികൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഇത്തരം ആദർശ വിഷയങ്ങളിൽ തീരുമാനം കണ്ടെത്താൻ കഴിയാതെ പോയതുകൊണ്ടാണ് രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സമ്മേളനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പറയപ്പെടുന്നു.
രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ സംഘടനകൾക്ക് കാലാനുസൃതമായ നിലപാട് മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും തൗഹീദും ശിർക്കും വേർപിരിയുന്ന, ഈമാനും കുഫ്‌റും നിർണയിക്കപ്പെടുന്ന ആദർശപരമായ വിഷയങ്ങളിൽ തുടരെത്തുടരെ നിലപാട് മാറ്റം സംഭവിക്കുന്നു എന്നത് മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ആദർശവും നിലപാടുകളും എത്രമാത്രം ദുർബലമാണെന്നാണ് സൂചിപ്പിക്കുന്നത്. മത യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും ഇസ് ലാമിക് മോഡേണിസത്തിന്റെയും അടിസ്ഥാന തത്വങ്ങളിൽനിന്നുകൊണ്ട് ഇസ്‌ലാമിനെ ദുർവ്യാഖ്യാനിക്കാൻ നടത്തിയ മതയുക്തിവാദശ്രമങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തെ ഈ ആശയ ദുരന്തത്തിലേക്ക് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."