'സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമസ്ത ഇടപെടാറില്ല'
സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പലര്‍ക്കും സമസ്തയുടെ പിന്തുണയുണ്ട്, ഇല്ല എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സമസ്തയുടെ പ്രത്യേകമായ പിന്തുണയുണ്ടോ ?
സമസ്ത ഏതെങ്കിലും മുന്നണികളെയോ പാര്‍ട്ടികളെയോ പ്രത്യേകമായി പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാറില്ല. മതസംഘടനയെന്ന നിലയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറുമില്ല. സീറ്റ് വിഭജനത്തിലോ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ ഇടപെടുന്ന ചരിത്രമില്ല. ആരെയൊക്കെ സ്ഥാനാര്‍ഥികളാക്കണം, എത്ര സീറ്റുകള്‍ നല്‍കണം എന്നതൊക്കെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടതാണ്. സമസ്തയിലുള്ളവര്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കാം. അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കാറില്ല. എന്നാല്‍ ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് സമസ്തയ്ക്ക് അണികളോട് പറയാനുള്ളത്. മതത്തെ തളര്‍ത്തുന്ന പ്രവര്‍ത്തനമുണ്ടാവരുത്. ഇന്ത്യയില്‍ വിവിധ മതക്കാരുണ്ട്. ഈ സൗഹാര്‍ദത്തിനു പരുക്കേല്‍പ്പിക്കുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി സംഘടനയെന്ന നിലയില്‍ സമസ്ത പ്രവര്‍ത്തിക്കുകയുമില്ല. സമസ്തയുടെ അണികളില്‍ ബഹുഭൂരിപക്ഷവും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലോ മറ്റോ പ്രവര്‍ത്തിക്കുന്നവരാവാം.
സംഘടന നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ ലീഗ് പരിഗണിച്ചില്ലെന്ന പരാതി മുജാഹിദ് വിഭാഗം പരസ്യമായി പറഞ്ഞിരുന്നു. നിരവധി സ്ഥാനാര്‍ഥികള്‍ സമസ്ത നേതാക്കളെ സന്ദര്‍ശിക്കാറുണ്ട്. ആരുടെയെങ്കിലും പേരുകള്‍ സ്ഥാനാര്‍ഥിയായി സമസ്ത നിര്‍ദേശിച്ചിരുന്നോ?
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമസ്ത ഇടപെടാറില്ല. ഏതെങ്കിലും പാര്‍ട്ടികളോട് ഏതെങ്കിലും വ്യക്തികളെ സ്ഥാനാര്‍ഥിയാക്കണമെന്നു പറയാറുമില്ല. പല രാഷ്ട്രീയപ്പാര്‍ട്ടിയിലുള്ളവരും സമസ്തയുടെ നേതാക്കളെ വന്നുകണ്ടിട്ടുണ്ടാവാം. അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് അവരെ സ്ഥാനാര്‍ഥികളാക്കണമെന്നു പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ടാവാം. എന്നാല്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നു സമസ്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ പറയാറുമില്ല. എന്നാല്‍ പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഏതെങ്കിലും വ്യക്തിയെ, അദ്ദേഹം സ്ഥാനാര്‍ഥിയാവാന്‍ അര്‍ഹനാണോ എന്നു സര്‍വേയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച്, അര്‍ഹനാണെങ്കില്‍ കൊടുത്താല്‍ നല്ലതാണ്, കൊടുത്താല്‍ നിങ്ങളോട് സ്‌നേഹം കൂടുതലോ കൊടുക്കാത്തതുകൊണ്ട് വെറുപ്പോയില്ലെന്നും ചിലരെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് വേണ്ടിയും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സമസ്തയോട് അടുത്തുനില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു സമ്മര്‍ദശക്തിയായി പ്രവര്‍ത്തിച്ചിട്ടില്ല. സമസ്തയോട് ചോദിക്കേണ്ട ആവശ്യമില്ല, ചോദിച്ചിട്ടുമില്ല. മുജാഹിദ് സംഘടനയുടെ നയം ചിലപ്പോള്‍ അതായിരിക്കാം. എന്നാല്‍ ജയിച്ചശേഷം ആരെങ്കിലും സമസ്തയ്‌ക്കെതിരേ തിരിഞ്ഞാല്‍ ഏതു പാര്‍ട്ടിയിലെ വ്യക്തിയായാലും ഉചിതമായ രീതിയില്‍ സംഘടനയ്ക്ക് പ്രതികരിക്കേണ്ടിവരും.
സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കിയ പ്രാതിനിധ്യത്തില്‍ സമസ്ത സംതൃപ്തരാണോ ?
മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ആനുപാതികമായി വന്നതുകൊണ്ട് മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസമില്ല. ഏതു പാര്‍ട്ടിയും, അവരുടെ സ്ഥാനാര്‍ഥികള്‍ ഏതു മതത്തില്‍ പെട്ടവരായാലും സമസ്തയുടെ ആവശ്യങ്ങള്‍ പരിഗണിക്കും എന്നാണ് കരുതുന്നത്. മുസ്‌ലിം ജനപ്രതിനിധികള്‍ക്ക് മാത്രമേ ഈ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന വിശ്വാസം സംഘടനയ്ക്കില്ല.
മുസ്‌ലിം അടയാളങ്ങളും പേരുകളും അയോഗ്യതയായി ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണുന്നുണ്ടെങ്കില്‍ അതില്‍ സംഘടനയുടെ അഭിപ്രായം?
മുസ്‌ലിമായതിന്റെ പേരില്‍ സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. എല്ലാ മുന്നണിയിലും മുസ്‌ലിം സ്ഥാനാര്‍ഥികളുണ്ടല്ലോ. കോണ്‍ഗ്രസ് 11 പേര്‍ക്ക് അവസരം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നല്‍കി. മുസ്‌ലിമായതുകൊണ്ട് ആരെയും ഒഴിവാക്കിയിട്ടില്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഒരു മുസ്‌ലിമിനും സ്ഥാനാര്‍ഥിത്വം ലഭിക്കുകയില്ലല്ലോ.
മുസ്‌ലിം ലീഗ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരിക്കുന്നു.
വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സമസ്ത തടഞ്ഞതായി വാര്‍ത്തകളും വന്നിരുന്നു. ആരെങ്കിലും തടഞ്ഞിട്ടുണ്ടോ, വനിതകളെ മത്സരിപ്പിക്കുകയും മത്സരിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര വിഷയമല്ലേ. ഇതില്‍ സമസ്തയുടെ നിലപാട് ?
വനിതാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കേട്ടതുപോലെ സമസ്ത കണ്ണുരുട്ടുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. സമസ്തയില്‍പ്പെട്ട ആരെങ്കിലും അതിന്റെ മതപരമായ വീക്ഷണം ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവാം. ലീഗ് മതേതര സ്വഭാവമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. മതത്തിന്റെ പേരില്‍ മാത്രം സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടിയല്ല. മതത്തിന്റെ പേരുണ്ടെങ്കിലും മുസ്‌ലിംകളുടെ മാത്രം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പാര്‍ട്ടിയല്ല. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ്മയാണത്. മതേതര സ്വഭാവത്തോടെ രാജ്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും കൂടിയാണത്. ലീഗിനെ സംബന്ധിച്ചെടുത്തോളം സംവരണ സീറ്റില്‍ വനിതകളെ നിര്‍ബന്ധമായി പരിഗണിക്കേണ്ടിവരും. ചിലപ്പോള്‍ അതല്ലാത്ത ഘട്ടങ്ങളിലും വനിതകളെ പരിഗണിക്കേണ്ടിവരും. വനിതകളെ പരിഗണിച്ചിട്ടില്ലെങ്കില്‍ സംഘടനയുടെ ശക്തി നഷ്ടപ്പെടുകയോ പാര്‍ട്ടി പരിഹസിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവാം. ഇത്തരത്തില്‍ പരിഗണിക്കപ്പെടേണ്ട ചില സന്ദര്‍ഭങ്ങളില്‍ വനിതകളെ പരിഗണിച്ചാല്‍ അതു തെറ്റാണെന്നു പറയാനാവില്ല. ഈ വിഷയം ലീഗ് നേതൃത്വം എന്നോടും ചോദിച്ചിരുന്നു. ലീഗിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അതു നിര്‍ബന്ധമായി ആവശ്യമാണെന്നു തോന്നുകയാണെങ്കില്‍ അതിനോട് വിയോജിപ്പുള്ള അഭിപ്രായം സമസ്ത പറയില്ലെന്നു അവരെ അറിയിക്കുകയും ചെയ്തു. പരിഗണിക്കല്‍ നിര്‍ബന്ധമായ സന്ദര്‍ഭത്തിലാണത്. വനിതകളെ പരിഗണിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ ഇമേജ് നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ മറ്റുള്ളവരില്‍നിന്നുണ്ടായ സാഹചര്യത്തിലായിരിക്കാം ലീഗ് വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
വരാനുള്ള സര്‍ക്കാരിനോട് സമസ്തയ്ക്ക് ഉന്നയിക്കാനുള്ള പ്രധാന ആവശ്യങ്ങള്‍ എന്തൊക്കെ?
സമസ്തയുടെ ഭൗതികമായ നിലനില്‍പ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും അവര്‍ ഒരുക്കണം. സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുകൂലമായ സാഹചര്യത്തിന് ഒരു തടസവുമുണ്ടാക്കരുത്. ചിലപ്പോള്‍, സുന്നികളുടേതു മാത്രമല്ല ഇതരവിഭാഗങ്ങളുടേതും മറ്റു ന്യൂനപക്ഷ, ഭൂരിപക്ഷ സമൂഹങ്ങളുടെ വിഷയങ്ങളും സര്‍ക്കാരിനു മുന്നില്‍വയ്‌ക്കേണ്ടിവരും. ഇതിനെല്ലാം അനുകൂല സമീപനമുണ്ടാവണം. തീവ്രവാദം, ഭീകരവാദം, മതവിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തനം എന്നിവ വളര്‍ത്തുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. മതസൗഹാര്‍ദത്തിനു മുന്തിയ പരിഗണന നല്‍കണം.
സംഘ്പരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനു ബദലായി ന്യൂനപക്ഷ സമുദായങ്ങള്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയാണോ?
വര്‍ഗീയ നിലപാടു സ്വീകരിച്ചുകൊണ്ടല്ല സംഘ്പരിവാറിനെ എതിര്‍ക്കേണ്ടത്. അവരുടെ വര്‍ഗീയത ഇല്ലാതാക്കാനുള്ള ശ്രമമാണുണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളും വര്‍ഗീയമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര കലഹങ്ങളും പ്രശ്‌നങ്ങളുമുണ്ടാവും. രാജ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും.
രാഷ്ട്രീയ നേതാക്കള്‍ ജിഫ്‌രി തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്തയുടെ നേതാക്കളെ കാണാന്‍ വരുന്നു, സംഘടന ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, പുതിയ കാലത്ത് സമസ്തയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍ ഒരു വ്യക്തിയല്ല. ജനങ്ങളുടെ വോട്ട് വാങ്ങിയാണ് അവര്‍ അധികാരത്തിലേറുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ സമസ്ത 100 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തിനും സൗഹാര്‍ദ അന്തരീക്ഷത്തിനും പോറലേല്‍ക്കുന്ന ഒരു പ്രവര്‍ത്തനവും ഇതുവരേ സംഘടനയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുമില്ല. പ്രസ്ഥാനത്തെ സംബന്ധിച്ചു അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. അതിനാല്‍ സമസ്ത നേതാക്കളെ കാണാന്‍ പല രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വരാറുണ്ട്. അതു വോട്ടു ചോദിക്കാന്‍ വരുന്നതല്ല. സൗഹാര്‍ദം പുതുക്കാനും അറിയിക്കാനും വരുന്നവരാണ്. അവരോടൊക്കെ രാജ്യത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാനും ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുമാണ് പറഞ്ഞത്. ഉപദേശങ്ങളും നിര്‍ദേശങ്ങളും മാത്രമേ പറയാറുള്ളൂ.
മുസ്‌ലിം വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ വോട്ടു ചോദിക്കുന്നതിനിടെ ബഹുദൈവാരാധകരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതായി കാണുന്നു, എന്താണ് അഭിപ്രായം?
മതവിശ്വാസികള്‍ അവരുടെ വിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ടാണ് ജീവിക്കേണ്ടത്. മുസ്‌ലിം വിശ്വാസികള്‍ അവരുടെ മതത്തിനു പോറലേല്‍ക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും ചെയ്യാന്‍ പാടുള്ളതുമല്ല. എന്നാല്‍ ബാഹ്യമായി വിശ്വാസത്തിനെതിരായി ചെയ്തതായി കണ്ടാല്‍ അവരോട് വിശദീകരണം തേടണം. ചിലപ്പോള്‍ ചില പ്രവൃത്തികള്‍ കൊണ്ടുതന്നെ മതത്തിനു പുറത്താവും. എന്നാല്‍ ചില കാര്യങ്ങള്‍ ബാഹ്യമായി മതത്തിനെതിരായാലും മതത്തിന്റെ അകത്തുനിന്ന് അവര്‍ പുറത്തുപോയിട്ടുണ്ടോ ഇല്ലയോ എന്നറിയാന്‍ വിശദീകരണം തേടേണ്ടിവരും. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതും ആലോചിച്ച് മറുപടി പറയേണ്ടതുമാണ്. സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും വിശ്വാസിയില്‍ അവന്റെ മതത്തിനെതിരാവുന്ന കാര്യങ്ങളുണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്. പരിധിയില്‍ നിന്നു പ്രവര്‍ത്തിക്കണം.
സുന്നി ഐക്യ ചര്‍ച്ചകള്‍ അവസാനിച്ചോ, തുടരാന്‍ എന്താണ് തടസം ?
സുന്നികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ കുറവുണ്ട്. ഐക്യത്തിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ല. അടഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ തുറക്കാന്‍ പറ്റുന്ന രീതിയില്‍ മാത്രമേ അടഞ്ഞിട്ടുള്ളൂ. സമസ്തയുടെ ഭാഗത്തുനിന്നും കാന്തപുരം വിഭാഗത്തിന്റെ ഭാഗത്തുനിന്നും ചര്‍ച്ചകള്‍ തുടരാന്‍ ശ്രമങ്ങളുണ്ടാവുന്നതും ഇതിനുവേണ്ടി പൗരപ്രമുഖരുടെ ഇടപെടലുകള്‍ നല്ലതുമാണ്.
മുജാഹിദ് വിഭാഗം ഉള്‍പ്പെടെയുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളോട് സമസ്തയുടെ നിലപാട്?
ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍, അവന്‍ സുന്നിയാകട്ടെ, മുജാഹിദാകട്ടെ, ഹിന്ദുവാകട്ടെ, ക്രൈസ്തവനാകട്ടെ ആ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ വ്യക്തിക്ക് വോട്ടു ചെയ്യാം. സമസ്തയുടെ അണികളുടെ വോട്ട് നേടി ജയിച്ച ഒരു സ്ഥാനാര്‍ഥി ജയിച്ചശേഷം സമസ്തയ്‌ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ അത്തരക്കാരെ നമ്മള്‍ എതിര്‍ക്കും. അത് ആ രാഷ്ട്രീയപ്പാര്‍ട്ടിയോടുള്ള എതിര്‍പ്പല്ല, ആ വ്യക്തിയുടെ പ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പാണ്.
ജമാഅത്തെ ഇസ്‌ലാമിയോടും വെല്‍ഫെയര്‍ പാര്‍ട്ടിയോടും ഒരേ നിലപാടാണോ?
ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. ആ പാര്‍ട്ടിയുടെ ഭരണഘടന ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്കെതിരില്ലാതെ ആര്‍ക്കും ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാം. മുജാഹിദിനോടും ജമാഅത്തെ ഇസ്‌ലാമിയോടുമുള്ള എതിര്‍പ്പ് ആദര്‍ശപരമാണ്. ആരെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയാല്‍ അതിനെ എതിര്‍ക്കുക എന്നത് സമസ്തയുടെ നിലപാടല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭരണഘടന പരിശോധിച്ച് അതിനെ അംഗീകരിക്കലും തള്ളലും സമസ്തയുടെ അജന്‍ഡയല്ല. അതിന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയമസംവിധാനമുണ്ട്. അത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യേണ്ടതാണ്.
തയാറാക്കിയത്: ശഫീഖ് പന്നൂര്
https://www.youtube.com/watch?v=fq2yiGVHBE8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."