മെസ്സി വിശ്രമത്തില്‍; പി.എസ്.ജിക്കായി ഇന്ന് കളിക്കില്ല, ജനുവരി 11ന് ബൂട്ടുകെട്ടും
അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വിശ്രമം തുടരുന്നു. ഫ്രഞ്ച് കപ്പില്‍ ഇന്ന് നടക്കുന്ന പാരിസ് സെന്റ് ജര്‍മന്‍ ക്ലബ്ബിന്റെ മല്‍സരത്തില്‍ മെസ്സി കളിക്കില്ല. ജനുവരി 11ന് നടക്കുന്ന അടുത്ത ലീഗ് മത്സരത്തില്‍ സൂപ്പര്‍ താരം ബൂട്ടണിയുമെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍ അറിയിച്ചു. വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മെസ്സിക്ക് അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഗാല്‍റ്റിയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തുന്നതില്‍ മെസ്സി പ്രധാന പങ്കുവഹിച്ചെങ്കിലും അര്‍ജന്റീന താരത്തിന് ഊഷ്മളമായ സ്വീകരണം നല്‍കണമെന്ന് ഗാല്‍റ്റിയര്‍ പി.എസ്.ജി ആരാധകരോട് ആവശ്യപ്പെട്ടു. ഇത് ലയണല്‍ മെസ്സിയാണ്, അദ്ദേഹത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അതിനാല്‍ ഞങ്ങളുടെ ആരാധകര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-ഗാല്‍റ്റിയര്‍ പറഞ്ഞു.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മെസ്സിക്കു പുറമേ കിലിയന്‍ എംബാപ്പെയും നെയ്മറും കളിക്കുന്നില്ല. എംബാപ്പെക്ക് വിശ്രമം അനുവദിച്ചപ്പോള്‍ നെയ്മറിന് ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാന്‍ കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ഗാല്‍റ്റിയര്‍ പറഞ്ഞു. മെസ്സിയില്ലാതെ കളിച്ച പി.എസ്.ജി കഴിഞ്ഞ മല്‍സരത്തില്‍ 3-1ന് പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."