'ഗാന്ധി കുടുംബം മാറണം' വിമർശനം കടുപ്പിച്ച് കപിൽ സിബൽ
ന്യൂഡൽഹി
കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗാന്ധി കുടുംബം സ്വയം മാറി നിൽക്കുകയാണ് വേണ്ടത്. പാർട്ടി നേതൃത്വം ഭാവനാ ലോകത്താണ് ജീവിക്കുന്നത്. എട്ടുവർഷമായിട്ടും അവർക്ക് പാർട്ടി ശോഷിക്കുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.
പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾ പ്രവർത്തക സമിതിക്ക് പുറത്താണുള്ളതെന്ന് പ്രവർത്തക സമിതി സോണിയാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ പരാമർശിച്ച് സിബൽ പറഞ്ഞു. രാഹുൽ ഇപ്പോൾ പാർട്ടി അധ്യക്ഷനല്ല. ആ രാഹുലാണ് പഞ്ചാബിൽപ്പോയി ചന്നിയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുന്നത്. അങ്ങനെയൊരു പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രവർത്തക സമിതിയിലെ നേതാക്കൾക്ക് ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് തോന്നിയേക്കാം. തങ്ങളിൽ പലർക്കും അങ്ങനെ തോന്നുന്നില്ല. സബ് കി കോൺഗ്രസ് (എല്ലാവരുടേയും കോൺഗ്രസ്) വേണമെന്നാണ് തന്റെ നിലപാട്. മറ്റു ചിലർക്ക് 'ഘർ കി കോൺഗ്രസ്' (കുടുംബാധിപത്യ കോൺഗ്രസ്) വേണമെന്നാണ്. തന്റെ അവസാന ശ്വാസം വരെ 'സബ് കി കോൺഗ്രസിന്' വേണ്ടി പോരാടുമെന്നും സിബൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."