ഉക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ വൻ സ്ഫോടനങ്ങൾ, തലസ്ഥാനത്ത് 35 മണിക്കൂർ കർഫ്യൂ റഷ്യ രാസ-ജൈവ ആയുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന് ബ്രിട്ടൻ
സൈനിക സഹായം നൽകുമെന്ന്
ദക്ഷിണ കൊറിയ
കീവ്
അധിനിവേശം 20 ദിവസം പിന്നിടുമ്പോൾ ഉക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിൽ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇന്നലെയുണ്ടായ ആക്രമണത്തിൽ കീവിലെ വലിയൊരു ബഹുനില അപ്പാർട്ട്മെൻ്റ് പൂർണമായി അഗ്നിക്കിരയായി. റസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തിനു നേർക്കും ഇന്നലെ റഷ്യയുടെ ആക്രമണമുണ്ടായി. ആക്രമണത്തിൽ റൺവേക്കും ടെർമിനൽ കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കിഴക്കൻ കീവിലെ ആക്രമണത്തിൽ ബ്രവറി ടൗൺ കൗൺസിലർ കൊല്ലപ്പെട്ടു. കീവിൻ്റെ പ്രാന്തപ്രദേശങ്ങളായ ഇർപിൻ, ഹോസ്റ്റ്മെൽ, ബുച്ച എന്നിവിടങ്ങളിലും രൂക്ഷമായ ഷെല്ലാക്രമണമാണ് റഷ്യൻ സേന അഴിച്ചുവിട്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം ഉക്രൈനെ നാല് വശത്തുനിന്നും വളഞ്ഞുള്ള ആക്രമണമാണ് റഷ്യ നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണം രൂക്ഷമായതിനെ തുടർന്ന് കീവിൽ 35 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനമായി. ചൊവ്വാഴ്ച രാത്രി എട്ട് മുതൽ വ്യാഴാഴ്ച രാവിലെ ഏഴ് വരെയായിരിക്കും കർഫ്യൂ എന്ന് കീവ് മേയർ വിതാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. തലസ്ഥാനമായ കീവ് ഉക്രൈൻ്റെ ഹൃദയമാണ്. അത് വീഴാതെ തങ്ങൾ പ്രതിരോധിക്കുമെന്നും മേയർ പറഞ്ഞു.അതേസമയം റഷ്യ ഉക്രൈനിൽ രാസ-ജൈവ ആയുധങ്ങൾ പ്രയോഗിക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ രംഗത്തെത്തി. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ ആക്രമണത്തിനാണ് റഷ്യയുടെ പദ്ധതിയെന്നും ബ്രിട്ടൻ വ്യക്തമാക്കി. എന്നാൽ ഉക്രൈൻ രാസ-ജൈവ ആയുധങ്ങൾ പ്രയോഗിക്കുമെന്ന റഷ്യൻ ആരോപണത്തിൽ കഴമ്പില്ലെന്നും ബ്രിട്ടൻ വ്യക്തമാക്കി.
ഉക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ ആയുധങ്ങൾ ഒഴികെയുള്ള സൈനിക സാമഗ്രികൾ ഉക്രൈന് നൽകുമെന്ന് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ നിർമിത ആയുധങ്ങൾ കൊറിയൻ സൈന്യം ഉപയോഗിക്കുന്നത് നിർത്തുന്നതിൻ്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ബൂ സിയൂങ് ചാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."