ബഫര്‍ സോണ്‍: പരാതി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും; തിയ്യതി നീട്ടില്ലെന്ന് വനംവകുപ്പ്
തിരുവനന്തപുരം: ബഫര്‍ സോണ്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ വരെ ലഭിച്ചത് 54,607 പരാതികള്‍. ഇതില്‍ 17,054 പരാതികള്‍ പരിഹരിച്ചുവെന്ന് നോഡല്‍ ഓഫിസര്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 6,819 പരാതികളാണ് ഇന്നലെ മാത്രം ലഭിച്ചത്. പരാതികള്‍ നല്‍കാനുള്ള സമയം ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
ഇന്നലെ വരെ ലഭിച്ച പരാതികളില്‍ ഏറിയ പങ്കും പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പരാതികളേറിയ പങ്കും വനംവകുപ്പിന് നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തവയാണെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കി. ബഫര്‍സോണ്‍ സംബന്ധിച്ച് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്ന് വിട്ടുപോയ നിര്‍മിതികള്‍ സംബന്ധിച്ച് ലഭിച്ച പരാതികളിലാണ് തീര്‍പ്പ് ഉണ്ടാക്കിയിട്ടുള്ളത്.
ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയതിന്റെ മൂന്നുമടങ്ങിലേറെ നിര്‍മിതികള്‍ ബഫര്‍സോണ്‍ മേഖലയില്‍ ഉള്ളതായാണ് തുടര്‍പരിശോധനയില്‍ വ്യക്തമായത്. ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള നിര്‍മിതികളുടെ വിവരങ്ങള്‍ വനംവകുപ്പിന്റെ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. എന്നാല്‍ നേരിട്ടുള്ള സ്ഥലപരിശോധന ഇന്ന് പൂര്‍ത്തിയാക്കാനുള്ള സാധ്യതയും കുറവാണ്. ഈ മാസം 11 ന് ബഫര്‍സോണ്‍ സംബന്ധിച്ച കേസ് സുപ്രിംകോടതി പരിഗണിക്കുമെന്ന നിഗമനത്തിലാണ് നിലവില്‍ സര്‍ക്കാര്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നായി നിജപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."