കണ്‍നിറഞ്ഞ് കല്ല്യോട്ടെ സഹോദരിമാര്‍ പ്രചാരണവേദിയില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ഏട്ടന്‍മാരുടെ നന്മ പുലരണമെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് പെരിയ കല്ല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍.
യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നലെ വൈകിട്ട് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ കണ്‍വന്‍ഷനിലാണ് ശരത്‌ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും പങ്കെടുത്തത്. കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവേ ഇരുവരും ഏട്ടന്‍മാരുടെ ഓര്‍മകളില്‍ വിതുമ്പി. ഈ സര്‍ക്കാര്‍ താഴെ വീണാല്‍ മാത്രമേ രക്തസാക്ഷി കുടുംബങ്ങള്‍ക്ക് നീതി കിട്ടൂവെന്ന് ഇരുവരും പറഞ്ഞു.
ഏട്ടന്‍മാരുടെ നന്മ കാരണമാണ് ഞങ്ങള്‍ക്കിവിടെ നില്‍ക്കാന്‍ പറ്റുന്നത്. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കൊലപാതകവും അക്രമവും ഉണ്ടാവുമെന്ന് ശരത്‌ലാലിന്റെ സഹോദരി അമൃത പറഞ്ഞു. സി.പി.എം അനുഭാവിയായ അച്ഛന്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മധുരം വിളമ്പിയിട്ടുണ്ട് നാട്ടില്‍. ഏട്ടന്‍ കോണ്‍ഗ്രസായതിനാലാണ് കൊന്നുതള്ളിയത്. ഇനിയൊരു അക്രമം ഈ നാട്ടില്‍ വേണ്ട. കണ്ണീര് കുടിക്കുന്ന കുടുംബങ്ങള്‍ ഇല്ലാതിരിക്കാന്‍ ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."