വടിവാള്‍ വീശി,നായയെ അഴിച്ചിട്ടു, പൊലിസിനെ വെല്ലുവിളിച്ചു, മണിക്കൂറുകള്‍ നീണ്ട പരാക്രമം; ഒടുവില്‍ പ്രതി പിടിയില്‍
കൊല്ലം: മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതി പൊലിസിന്റെ പിടിയില്‍. കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലിസിനെ വെല്ലുവിളിച്ച് നടക്കുകയായിരുന്നു സജീവന്‍. മണിക്കൂറുകളായി വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് നാല് മണിക്കൂറിലേറെ പൊലിസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെയും പൊലിസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.
വ്യാഴാഴ്ച്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ വടിവാളും റോഡ് വീലര്‍ നായയുമായി വന്ന് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭ താമസിക്കുന്നത് തന്റെ അച്ചന്റെ പേരിലുള്ള വസ്തുവിലാണെന്നും വീട്ടില്‍ നിന്നും ഉടന്‍ ഇറങ്ങണമെന്നുമായിരുന്നു സജീവ് ആവശ്യപ്പെട്ടത്. നാട്ടുകാര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലിസ് എത്തിയാണ് ഇയാളെ പിന്തിരിപ്പിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലിസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാല്‍ പൊലിസിന് വീടിന് അകത്തേക്ക് കടക്കാനായിരുന്നില്ല.
പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാന്‍ സമീപത്തുള്ള വെയ്റ്റിങ് ഷെഡ്ഡില്‍ നാല് പൊലീസുകാരെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ സജീവന്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്നാണ് നായ പരിശീലകരുടെ ഉള്‍പ്പടെ സഹായത്തോടെ ഇന്ന് പൊലീസ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."