HOME
DETAILS

അഭിപ്രായ സ്വാതന്ത്ര്യം: വിദ്വേഷ രാഷ്ട്രീയത്തെ ഉറപ്പിക്കുന്ന വിധി

  
backup
January 08 2023 | 04:01 AM

456324535-2


ജ നപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ അധികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകില്ലെന്ന സുപ്രിംകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്ന വിഷയത്തിലാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധികനിയന്ത്രണം വേണ്ടെന്നും നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. മന്ത്രിസ്ഥാനത്തിരിക്കെ എം.എം മണി, യു.പിയിലെ അഅ്‌സംഖാന്‍ എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരായ പരാതികളില്‍ ഉള്‍പ്പെടെ വിശാലമായ നിയമപ്രശ്‌നത്തിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ പാര്‍ലമെന്റ് ശക്തമായ നിയമനിര്‍മാണം കൊണ്ടുവരണമെന്നും മന്ത്രിമാര്‍ നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അതു സര്‍ക്കാര്‍ നിലപാടായി കണക്കാക്കി നടപടി സ്വീകരിക്കണമെന്നും രേഖപ്പെടുത്തി ജസ്റ്റിസ് ബി.വി നാഗരത്ന എഴുതിയ വിഭിന്ന വിധിയിലെ വാചകങ്ങള്‍ ഭരണഘടനാ ബഞ്ചിന്റെ വിധിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്.


കൂട്ടബലാത്സംഗത്തിനിരയായവരെ കുറിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന അഅ്‌സംഖാന്‍ നടത്തിയ പ്രസ്താവനയില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. 2016 ജൂലൈയില്‍ ബുലന്ദ്ഷഹറിനു സമീപമുള്ള ഹൈവേയില്‍ ഭാര്യയെയും മകളെയും കൂട്ടബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. ഇതു ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കൂട്ടബലാത്സംഗക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ഖാന്റെ വിവാദ പ്രസ്താവനക്കെതിരേ കേസെടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കൗശല്‍ കിഷോറാണ് ആദ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് സമാനസ്വഭാവമുള്ള കേസുകള്‍ സുപ്രിംകോടതി ഒന്നിച്ചു പരിഗണിക്കുകയായിരുന്നു. പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരേ മന്ത്രിയായിരുന്ന എം.എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്കു വന്നിരുന്നു.
കോടതിവിധിയുടെ സാരാംശം


ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം മറ്റു പൗരന്മാര്‍ക്ക് തുല്യമായ അഭിപ്രായ സ്വാതന്ത്ര്യം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും നിയമസഭാ സാമാജികര്‍ക്കും ഉണ്ടെന്നാണ് കോടതിവിധിയില്‍ വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, എ.എസ് ബൊപ്പണ്ണ, ബി.ആര്‍ ഗവായ്, വി. രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ജനപ്രതിനിധികള്‍ അഭിപ്രായങ്ങളില്‍ സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ നിരീക്ഷിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിയന്ത്രണം ഉചിതമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതോ, അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു. സ്ത്രീകളെ അവമതിക്കുന്നതോ, അവഹേളിക്കുന്നതോ ആയ പ്രസ്താവനകള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന വ്യക്തമാക്കി.


പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) അനുശാസിക്കുന്നതിലും അപ്പുറത്തേക്കു പോകാന്‍ കഴിയില്ലെന്നും ഇത് എല്ലാ പൗരന്മാര്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കുന്നു. ജനപ്രതിനിധികള്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും ഇത് രാഷ്ട്രീയ, പൗരജീവിതത്തില്‍ ഉള്‍പ്പെടുത്തണമെന്നും വാദം കേള്‍ക്കുന്നതിനിടെ ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. പൊതുരംഗത്തുള്ളവര്‍ക്കായി സ്വയം ഒരു അച്ചടക്ക കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുന്‍ വിധികളില്‍ ഇത് വിശദമായി പരിഗണിച്ചിട്ടുണ്ടെന്നും പരാമര്‍ശം അക്കാദമിക് സ്വഭാവമുള്ളതാണെന്നും ബഞ്ചിനെ അറിയിച്ചു.


പ്രസക്തമായ ഭിന്നവിധി


സര്‍ക്കാരുമായോ അതിന്റെ കാര്യങ്ങളുമായോ ബന്ധപ്പെട്ട് ഒരു മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രസ്താവനയായി കണക്കാക്കാനാവില്ല എന്ന സുപ്രിംകോടതി വിധിക്കെതിരേ കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നാഗരത്‌ന എഴുതിയ ഭിന്നവിധിയിലുള്ളത്. മന്ത്രിമാരും നിയമസഭാ അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും നടത്തുന്ന പ്രസ്താവനകളുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്ന ഭൂരിപക്ഷ വിധിക്കെതിരേ ജസ്റ്റിസ് നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തിയത് ഈ വിധിയെ ശ്രദ്ധേയമാക്കുന്നുണ്ട്. കൂട്ടുത്തരവാദിത്വം എന്ന തത്വം നിലനില്‍ക്കുമ്പോഴും ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാരിനെതിരേ പഴിചാരാന്‍ ഉപയോഗിക്കാനാവില്ല എന്നാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്.
എന്നാല്‍, മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറയാത്ത പക്ഷം അതു സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങളുടെ പ്രസ്താവനകള്‍ അതിരു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്‌ന ഭൂരിപക്ഷ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പൗരന്‍മാര്‍ക്ക് അത്യാവശ്യമായ അവകാശമാണ്. ഈ അവകാശം വഴി പൗരന്മാര്‍ക്ക് ഭരണത്തെക്കുറിച്ച് അറിവു ലഭിക്കുമെന്നും ജസ്റ്റിസ് നാഗരത്‌ന തന്റെ വിധിന്യായത്തില്‍ എഴുതിയിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ക്കും സമൂഹത്തിന്റെ വിവിധ തട്ടില്‍ നിന്നുള്ള ജനങ്ങളെ താഴ്ത്തിക്കാണിക്കുന്ന പ്രസംഗങ്ങളും തടയുന്നതിനു പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ ഭിന്നവിധിയില്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കിയിരുന്നു.


ഭരണഘടനാ ഭേദഗതിയും വിധിയും


1951ലെ ഒന്നാം ഭരണഘടനാ ഭേദഗതിവഴി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരാളിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അനിയന്ത്രിതമായ അഭിപ്രായ സ്വാതന്ത്ര്യം സാമൂഹിക ഭദ്രതക്കു പോറലേല്‍പ്പിക്കും എന്നതായിരുന്നു നെഹ്‌റുവിന്റെ പക്ഷം. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 19ാം അനുച്ഛേദത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് യുക്തിപരമായ നിയന്ത്രണങ്ങള്‍ 19ാം അനുച്ഛേദത്തിന്റെ രണ്ടാം വകുപ്പില്‍ നിലവില്‍ ഉണ്ടെന്നിരിക്കെയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്കു തടയിടാന്‍ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ഭേദഗതിയിലൂടെ വരുത്തിയത്. ക്രമസമാധാന താല്‍പര്യം, കുറ്റകൃത്യത്തിന് പ്രേരണ എന്നീ വാചകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകവഴി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം (124 എ), വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം പരത്തല്‍ (153 എ), മതവികാരം വ്രണപ്പെടുത്തല്‍, പൊതുസമൂഹത്തിന് ദ്രോഹം ചെയ്യുന്ന പ്രസ്താവനകള്‍ (505) എന്നീ കുറ്റങ്ങള്‍ക്ക് മൗലികാവകാശ പട്ടികയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞു.


എന്നാല്‍, 1951ലെ ഇന്ത്യയല്ല 2022ലെ ഇന്ത്യ. രാഷ്ട്രീയ ധാര്‍മികതകളും ഭരണഘടനാ മൂല്യങ്ങളും വല്ലാതെ കൈമോശം വന്നിരിക്കുന്നു. ഉത്തരവാദപ്പെട്ട ഭരണഘടനാ പദവികള്‍ വഹിക്കുന്ന പലരും യാതൊരു ഔചിത്യബോധവും ഇല്ലാതെ വിദ്വേഷത്തിന്റെ വെറുപ്പു പടരുന്ന വാക്കുകള്‍ വിളിച്ചുപറയുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതൊക്കെ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. പൗരന്മാര്‍ക്ക് ഭരണത്തെക്കുറിച്ച് അറിവു ലഭിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാല്‍ അത് വിദ്വേഷ പ്രസംഗമായി മാറരുതെന്നുമുള്ള ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ അഭിപ്രായം വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്നുവെന്ന ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥിതിക്കുനേരേ തിരിച്ചുവച്ചിരിക്കുന്ന കണ്ണാടിയാണ്.
ഭരണഘടനാ ബഞ്ച് പരിഗണിച്ച വിഷയത്തില്‍ വിദ്വേഷ പ്രസംഗത്തിന്റെയോ മറ്റു തരത്തിലുള്ള പരാമര്‍ശങ്ങളുടെയോ മേഖലകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമനിര്‍മാണത്തിനുള്ള സാധ്യത പാര്‍ലമെന്റിന്റെ ഉത്തരവാദിത്വമാണെന്നും സുപ്രിംകോടതിയില്‍ വാദമുയര്‍ന്നിരുന്നു. എന്നാല്‍ വിധിയില്‍ അത്തരം നിര്‍ദേശങ്ങള്‍ ഒന്നുംതന്നെയില്ല എന്നത് ദുഃഖകരമാണ്. ഭരണഘടനാ സ്ഥാനത്തുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. സുപ്രിംകോടതിയുടെ വിധിയിലും പ്രതിഫലിക്കുന്നത് ഇതേ നിലപാടുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago