വനിതാഗൃഹനാഥനും നല്ലിടയൻ്റെ പാതയും
കൃഷ്ണൻ ചേലേമ്പ്ര
പ്രചാരമേറെയുള്ള പത്രത്തിലെ തലക്കെട്ട്: ‘വനിതാഗൃഹനാഥരുടെ മക്കള്‍ക്ക് ധനസഹായം’. തുടര്‍ന്ന് വാര്‍ത്തയിങ്ങനെ തുടരുന്നു: ‘ബി.പി.എല്‍. വിഭാഗത്തില്‍പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക്...’
എത്രമാത്രം വിചിത്രമാണ് തലക്കെട്ടും തുടര്‍ന്നുള്ള വാര്‍ത്താ ആരംഭവും! ആരാണ് ഈ വനിതാഗൃഹനാഥര്? ‘ഗൃഹനാഥകളുടെ മക്കള്‍ക്ക് ’എന്നെഴുതുന്നതിനു പകരമാണ് വനിതാ ഗൃഹനാഥര്‍ കയറിക്കൂടിയത്. മാതൃഭാഷയെ കൊഞ്ഞനം കുത്തുന്ന ഇമ്മാതിരി പ്രയോഗങ്ങള്‍ ഇതാദ്യമായൊന്നുമല്ല നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
പിന്നാലെ വനിതാ
ഉദ്യോഗസ്ഥയും
മറ്റൊരുദാഹരണം കാണുക: ‘ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത വനിതാ ഉദ്യോഗസ്ഥയായിരിക്കണം എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ മേല്‍നോട്ടം വഹിക്കേണ്ടത് ’. പുരുഷന്മാരായ ഉദ്യോഗസ്ഥകളുമുണ്ടെന്നാണോ ലേഖകന്‍ (പത്രാധിപരും) വിവക്ഷിക്കുന്നത്? മുകളില്‍ ഉദ്ധരിച്ച വാക്യത്തില്‍ നിന്ന് ‘വനിത’യെ നിഷ്കരുണം വെട്ടാന്‍ എന്തേ പത്രാധിപര്‍ മടിച്ചത്? വനിതാ പൊലിസുകാരി, യാത്രക്കാരികളായ സ്ത്രീകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അച്ചടി മാധ്യമങ്ങളിലും ചാനലുകളിലും ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഭാഷയെക്കുറിച്ച് സാമാന്യബോധം പോലും ഇല്ലാത്തതിന്റെ കുഴപ്പമാണ് ഇത്തരം പ്രയോഗങ്ങള്‍ക്കു കാരണം. വിദ്യാര്‍ഥികള്‍ക്ക് പത്രപാരായണം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ രീതിയാണ് നിലവിലുള്ളത്. ഇമ്മാതിരി പ്രയോഗങ്ങള്‍ അവരുടെ ഭാഷാബോധത്തിന് കനത്ത പ്രഹാരമാകും, സംശയമില്ല.
ആരോഗ്യപ്രവര്ത്തകകള്ക്കും
വിലക്ക്
‘കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തകരായ രണ്ടു സ്ത്രീകള്‍ മരിച്ചു’. ഒരു വാര്‍ത്തയുടെ തുടക്കമിങ്ങനെ! ‘പ്രവര്‍ത്തകന്റെ’ സ്ത്രീലിംഗമായി ‘പ്രവര്‍ത്തക’ ഉണ്ടായിരിക്കേ ‘ആരോഗ്യപ്രവര്‍ത്തകരായ രണ്ടു സ്ത്രീക’ളെ കൊണ്ടുവരേണ്ടതുണ്ടായിരുന്നോ? പകരം ’ആരോഗ്യപ്രവര്‍ത്തകരായ രണ്ടു യുവതികള്‍’ എന്നാക്കിയിരുന്നുവെങ്കില്‍ വായനക്കാരുടെ അനുതാപമെങ്കിലും പിടിച്ചുപറ്റാമായിരുന്നു. മരിച്ചവര്‍ 24ഉം 37ഉം വയസ്സുകാരായതിനാല് ‘യുവതി’ പ്രയോഗത്തില്‍ തെറ്റുമില്ല. ഇനി പ്രായമേറെയായവര് ആണെങ്കില്‍ ‘കോവിഡ് ബാധിച്ച് രണ്ടു ആരോഗ്യപ്രവര്‍ത്തകകള്‍ മരിച്ചു’ എന്നെഴുതുകയായിരുന്നില്ലേ അഭികാമ്യം?
നല്ലിടയന്റെ പാത
പിന്തുടരരുത്
നല്ല ഈന്തപ്പഴം നല്ലീത്തപ്പഴമല്ല, നല്ല ഏത്തപ്പഴം നല്ലേത്തപ്പഴവുമല്ല. നല്ല അപ്പച്ചനെ നല്ലപ്പച്ചനെന്നോ നല്ല അമ്മയെ നല്ലമ്മയെന്നോ വിളിക്കുന്നില്ല, എഴുതുന്നുമില്ല. നാമപദങ്ങളില്‍ നിന്ന് വിശേഷണം വേറിട്ടു നിൽക്കണം. വിശേഷണം നാമത്തോടു ചേര്‍ത്തുവായിച്ചാല്‍ അര്‍ഥഭേദം സംഭവിക്കും. ഉദാഹരണത്തിന് നല്ല അമ്മ നല്ലമ്മയായാല് അതൊരു തമിഴ് സ്ത്രീ നാമമായേ തോന്നൂ. അമ്മ എത്ര നല്ലവളായാലും അതു ക്ഷമിക്കുകയില്ല.
രണ്ട് മതപുരോഹിതന്മാരുടെ ജന്മദിനത്തോടനുബന്ധിച്ച വാര്‍ത്തയുടെ തലക്കെട്ടിങ്ങനെ: ‘നല്ലിടയന്മാര്ക്ക് ഒരേ നാളില്‍ നവതിയും സപ്തതിയും’ നല്ല ഇടയനെയാണ് ലേഖകന്‍ ഉദ്ദേശിച്ചതെങ്കില്‍ തെറ്റിപ്പോയി. നല്ലി എന്ന വാക്കിന് സ്ത്രീ, നെയ്ത്തുകാരി, ആടിന്റെ കാലെല്ല് എന്നീ അര്‍ഥം. നല്ലം എന്ന വാക്കിന് നന്മ എന്ന അര്‍ഥമുണ്ടെങ്കിലും ആ പ്രയോഗത്തിനിവിടെ സാധുതയില്ല. കാരണം നല്ലം+ ഇടയന് നല്ലിടയനാവില്ലല്ലോ. നല്ല ഇടയന് നല്ല ഇടയന് തന്നെയായിരിക്കട്ടെ. (ഇതേ വാര്‍ത്തയില്‍ ‘വലിയ ഇടയ’നെക്കണ്ടു. അതെന്തേ വലിയിടയനായില്ല)
നാമത്തോടൊപ്പം വിശേഷണം ചേര്‍ത്തു പറയുമ്പോഴുണ്ടാകുന്ന പ്രമാദത്തിന് ഒരുദാഹരണം: ‘അവിടെ നിന്നു ഭക്ഷണം കഴിച്ചു അവള്’. ഇത് ചേര്‍ത്തു പറയുമ്പോള്‍ ‘അവിടെ നിന്നു ഭക്ഷണം കഴിച്ചവള്’ എന്നാകുന്നു. അര്‍ഥവ്യത്യാസം ശ്രദ്ധിക്കുക. ഇതില്‍ ആദ്യത്തേത് ഒരു പ്രത്യേക വ്യക്തിയെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ രണ്ടാമെത്തതിന് അങ്ങനെ വിവക്ഷയില്ല. ആ അവള് ആരുമാകാം.
വാര്‍ത്ത ഒന്ന്, പക്ഷേ...
ഒരേ വാര്‍ത്ത വ്യത്യസ്ത രീതിയില്‍ വന്നാല്‍? ‘സിനിമാതാരത്തെ അനുകരിച്ച് മലക്കം മറിഞ്ഞ വിദ്യാര്‍ഥി മരിച്ചു’. ഇതേ വാര്‍ത്ത മറ്റൊരു പത്രത്തില്‍ കണ്ടത് ‘വിദ്യാര്‍ഥി ക്രിക്കറ്റ് കളിക്കിടെ തലയിടിച്ച് വീണു മരിച്ചു’.
രണ്ടു വാര്‍ത്തയുടെയും തലക്കെട്ടാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വാര്ത്താഗാത്രവും അതനുസരിച്ചു തന്നെയെന്ന് പറയേണ്ടതില്ലല്ലോ. ഇതിലേത് മാധ്യമത്തെ വിശ്വസിക്കണം?
അമ്മയുടെയും കുഞ്ഞിന്റെയും ജഡം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട വാര്‍ത്തയുടെ ഒരു ഭാഗം രണ്ടു പത്രങ്ങളില്‍ വന്നത് ഇങ്ങനെ.
1. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ യൂണിറ്റ് തീയണച്ചു.
2. ചെമ്മണ് പാതയിലൂടെ കടന്നു പോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ തിരികെപ്പോയി.
സത്യാവസ്ഥ അറിയണമെങ്കില്‍ മാന്യവായനക്കാരന് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും. ഒരു വാര്‍ത്ത രണ്ടു മാധ്യമങ്ങളില്‍ വ്യത്യസ്തമായി വന്നതിന് മറ്റൊരുദാഹരണം:
1. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ജീപ്പിടിച്ചു മരിച്ചത്.
2. ഉത്സവം കണ്ടു മടങ്ങുമ്പോഴാണ് ജീപ്പിടിച്ചു മരിച്ചത്.
ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും ദര്‍ശനവും ഉത്സവവും രണ്ടും രണ്ടാണ്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ വാര്‍ത്ത തയാറാക്കുമ്പോഴാണ് ഇത്തരം താളപ്പിഴവുകള്‍ സംഭവിക്കുക. ദര്‍ശനമായാലും ഉത്സവമായാലും ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ പേര് രണ്ടു മാധ്യമങ്ങളിലുമില്ല എന്നതാണ് മറ്റൊരു വീഴ്ച. ഈസിച്ചെയര്‍ പത്രപ്രവര്‍ത്തനത്തിന് ഭാവിയുണ്ട് എന്നതിന് ദൃഷ്ടാന്തമാണ് ഇത്തരം വാര്‍ത്തകള്‍. വാര്‍ത്ത പൂര്‍ണമായും വായിച്ചു കഴിഞ്ഞാല്‍ ആര്, എന്ത്, എപ്പോള്‍, എവിടെ, എങ്ങനെ, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളില്‍ ഒന്നുപോലും ഉത്തരം കിട്ടാതെ അവശേഷിക്കരുത്. അതാണ് മിടുക്കനായ ലേഖകന്റെ കഴിവ്.
ഹഥ്റസിലെത്തിയ
ഛോട്ടാരാജന്
വാക്കുകള്‍ക്ക് കടുപ്പം കൂട്ടുന്ന പ്രവണത ചില മാധ്യമങ്ങള്‍ക്കെങ്കിലുമുണ്ട്. അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന യു.പി.യിലെ ഹത്രസ് ചില മാധ്യമങ്ങള്‍ക്ക് ഹഥ്റസ് ആണ്. മുംബൈയിലെ അധോലോക നായകന്മാരായ ചോട്ടാരാജന്‍, ചോട്ടാഷക്കീല്, കാര്‍ ഡിസൈനര്‍ ദിപീല് ചബ്രില എന്നിവര്‍ മലയാള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഛോട്ടാ രാജനായും ഛോട്ടാ ഷക്കീലായും ദിലീപ് ഛബ്രിയയുമായാണ്. ഹത്രസ്, ചോട്ടാ, ചബ്രിയ എന്ന് വായിക്കുമ്പോഴുണ്ടാകുന്ന സുഖം ഹഥ്റസിനും ഛോട്ടായ്ക്കും ഛബ്രിയക്കുമില്ല എന്നിരിക്കേ അനാവശ്യമായി എന്തിന് പദങ്ങള്‍ക്ക് കടുപ്പം കൂട്ടുന്നു? മാത്രമല്ല ഹഥ്റസ്, ഛോട്ടാ, ഛബ്രിയ എന്നെഴുതിയാലും സാദാ മലയാളി അവ ഹത്രസ്, ചോട്ടാ, ചബ്രിയ എന്നേ വായിക്കൂ. ഇതേ ഗണത്തില്‍ പെടുന്നു ‘ഥാര്‍ മരുഭൂമി’യും. താര് മരുഭൂമിക്കെന്താണു പോരായ്മ? ഈ വാക്കുകളുടെ ഹിന്ദി ഉച്ചാരണത്തിന്റെ അടിസ്ഥാനത്തിലാണ് അതിഖര പ്രയോഗം എന്നു വാദിക്കുന്നതില്‍ കഴമ്പില്ല. നമ്മുടെ ഭാഷയ്ക്കും ഉപയോഗത്തിനും അനുയോജ്യമായ വിധത്തില്‍ അന്യഭാഷാ പദങ്ങളെ ലളിതവത്കരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇതിനുദാഹരണമായി എത്രയോ വാക്കുകള്‍ ഭാഷയിലുണ്ട്.
കല്ല്യാണം വേണ്ട
കല്യാണം മതി
അന്യഭാഷാ പദങ്ങള്‍ക്കു മാത്രമല്ല ഈ ദുര്‍ഗതി. മലയാള പദങ്ങള്‍ക്കും അനാവശ്യദ്വിത്വം നൽകുന്നതില് നാം മിടുക്കരാണ്. ഉദാ: കല്ല്യാണം. ‘ല’ കാരത്തോട് ‘യ’ കാരം ചേരുമ്പോള്‍ ‘ല’ കാരം ഇരട്ടിക്കുന്നില്ല എന്ന വ്യാകരണ പാഠം മറന്നു കൊണ്ടാണ് ഭാഷയില്‍ മാത്രമല്ല മാധ്യമങ്ങളിലും ‘കല്ല്യാണ’പ്പെണ്ണുങ്ങളോട് ‘വാത്സല്ല്യം’ വര്‍ധിക്കുന്നത്. കല്യാണവും വാത്സല്യവും മതി.
മറ്റൊരുദാഹരണം: യൗവ്വനം. യുവാവിന്റെയോ യുവതിയുടെയോ അവസ്ഥ യൗവ്വനമല്ല യൗവനമാണ്. എന്നാല്‍ യൗവ്വനത്തില്‍ സായൂജ്യം കാണുന്ന മാധ്യമങ്ങള്‍ ഒട്ടും കുറവല്ല. ഇതേ ഗണത്തില്‍ പെട്ടതു തന്നെ ‘രൂക്ഷിത’വും. ‘രൂഷിതം’ ‘രൂക്ഷിത’മാക്കിയാലേ ചിലര്‍ക്കെങ്കിലും തൃപ്തിയാവൂ. ‘ചതുഷ്ടയ’ത്തെ ‘ചതുഷ്ഠയ’മാക്കുന്നതും ‘പിണ്ട’ത്തെ ‘പിണ്ഡ’മാക്കുന്നതും ‘ഉച്ചാടന’ത്തെ ‘ഉച്ഛാടന’മാക്കുന്നതും ‘അസ്തിവാര’ത്തെ ‘അസ്ഥിവാര’മാക്കുന്നതും ‘ഷഷ്ടിപൂര്‍ത്തി’യെ ‘ഷഷ്ഠിപൂര്‍ത്തി’യാക്കുന്നതും അതിഖര പ്രേമികളായ മാധ്യമങ്ങളത്രേ. ഭാഷയെ സംസ്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ചുമതല പത്രങ്ങള്‍ക്കുണ്ട്. പത്രഭാഷയിലെ തെറ്റുകള്‍ ജനങ്ങളുടെ നിത്യ വ്യവഹാരത്തെത്തന്നെ സാരമായി ബാധിക്കും.
ഭാസ്ക്കരനു
പരിഷ്ക്കാരം വേണ്ട
ഭാസ്ക്കരന്‍, തസ്ക്കരന്, പരിഷ്ക്കരണം, മധ്യവയസ്ക്കന് - ദിവസേനയെന്നോണം മാധ്യമങ്ങളില്‍ അച്ചടിച്ചും ചാനലുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചും കാണുന്ന വാക്കുകളാണിവ. ‘സ’കാര ‘ഷ’കാരങ്ങള്‍ക്കു പിന്നാലെ വരുന്ന ‘ക’ കാരം ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളില്‍ ‘ക’ ഇരട്ടിക്കേണ്ടതില്ലെന്നു വ്യാകരണ നിയമം. അതിനാല്‍ ഭാസ്കരന്, തസ്കരന്, പരിഷ്കരണം, മധ്യവയസ്കന് എന്നെല്ലാം മതി.
വീഴ്ച്ചയും കാഴ്ച്ചയും ആഴ്ച്ചയും തെറ്റ്. വീഴ്ച, കാഴ്ച, ആഴ്ച എന്നിവ ശരി. ‘ഴ്ച’ എന്നതു തന്നെ കൂട്ടക്ഷരമാണല്ലോ. ഇനിയും അതിനെ ഇരട്ടിപ്പിക്കേണ്ടതില്ല. നിര്‍ഭാഗ്യവശാല്‍ പത്രങ്ങളിലും ചാനലുകളിലും വീഴ്ച്ചയും കാഴ്ച്ചയും ആഴ്ച്ചയും പതിവായിക്കാണാം. പാഴ്വ്വാക്ക്, വസ്ത്തു എന്നൊന്നും എഴുതാറില്ലല്ലോ. കാഴ്ചയും വീഴ്ചയും ആ ഗണത്തില്‍ പെട്ടതു തന്നെ. എന്നാല്‍ താഴ്ത്തുക എന്നതില്‍ ‘ത’യ്ക്ക് ദ്വിത്വം വരും. കാരണം താഴുക എന്ന കേവല ക്രിയയില്‍ നിന്നാണ് താഴ്ത്തുക എന്ന പ്രയോജക ക്രിയ വരുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."