വേനലില്‍ ഉരുകാതിരിക്കാം...
ചൂടുകാലം വന്നു. ഇങ്ങനെ ചൂടായാല്‍ എങ്ങനെയാ മുന്നോട്ടുപോവുക എന്ന ആശങ്കയില്‍ നമ്മളും.
ചൂടു കൂടുന്നതിനനുസരിച്ച് അസുഖങ്ങളും കൂടുന്നു. അന്തരീക്ഷത്തിലെ കാര്‍മേഘങ്ങളുടെ അളവ് കുറഞ്ഞ് സൂര്യരശ്മികള്‍ കുത്തനെയാണ് ഭൂമിയില്‍ പതിക്കുന്നത്. പ്രത്യേകിച്ച് ഉച്ചസമയത്ത്. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടിയ തോതില്‍ ഭൂമിയിലെത്തുന്നതും താപനില ഉയരുന്നതിന് മുഖ്യകാരണമാണ്. അന്തരീക്ഷമലിനീകരണം, കാലം തെറ്റിപ്പെയ്യുന്ന മഴകള്‍, ശുചിത്വമില്ലായ്മ തുടങ്ങി മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും അസുഖങ്ങള്‍ക്ക് കാരണമാകുന്നു. പുറത്തൊക്കെ പോയി പൊള്ളുന്ന ചൂടില്‍നിന്ന് പെട്ടെന്ന് തിരിച്ചെത്തി എസിയുടെ തണുപ്പിലേക്ക് എത്തുമ്പോള്‍ താപനിലയിലുണ്ടാകുന്ന വ്യത്യാസവും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ചൂടുകൂടുമ്പോള്‍ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുന്നു. അതുപോലെ ധാതുലവണങ്ങളുടെയും അളവ് കുറയുന്നു. ഇവ പരിഹരിച്ചില്ലെങ്കില്‍ മസ്തിഷ്‌കസംബന്ധമായ അസുഖങ്ങള്‍ വരെയുണ്ടാവാം. ദിവസവും നമ്മള്‍ ധാരാളം വെള്ളം കുടിക്കണം.അല്ലെങ്കില്‍ ഒന്നു പുറത്തിറങ്ങുമ്പോഴേക്കും നമ്മള്‍ വെള്ളം കുടിച്ചുപോകും. ശരീരം തന്നെ നമ്മോട് പറയും വെള്ളംകുടി കൂട്ടണമെന്ന്. വിയര്‍പ്പായും മൂത്രമായും മറ്റും ശരീരത്തില്‍ ഏറ്റവുമധികം നിര്‍ജലീകരണം സംഭവിക്കുന്ന സമയമാണ് വേനല്‍ക്കാലം.
നമ്മുടെ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കേണ്ട സമയമാണിത്. മാത്രമല്ല ചര്‍മത്തിന്റെ ആരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്. അതുകൊണ്ട്് നന്നായി വെള്ളം കുടിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നമ്മളെ ശരിക്കും വെള്ളം കുടിപ്പിക്കും. എന്നാല്‍ വെറുതെ പച്ചവെള്ളം കുടിക്കാന്‍ നമുക്ക് മടിയാണ്. ദാഹമകറ്റാന്‍ കഞ്ഞിവെള്ളവും വിവിധ പഴങ്ങളുടെ ചാറുകളും സൂപ്പുകളുമെല്ലാം സഹായിക്കും. മോര് ചൂടിനെ തണുപ്പിക്കാന്‍ ഏറ്റവും മികച്ച പാനീയമാണ്. ആരോഗ്യത്തിനും നല്ലതാണ്.
ചൂടുകുരു അമിത വിയര്‍പ്പ്്മൂലമുള്ള ഫംഗസ് ബാധ ചൂടുകുരുവിന്റെ ചൊറിച്ചില്‍ പുകച്ചില്‍ കൂടാതെ വിവിധതരം പകര്‍ച്ചപ്പനികള്‍ മഞ്ഞപ്പിത്തം ചിക്കന്‍പോക്‌സ് അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവാം. കനംകുറഞ്ഞ കോട്ടന്‍ ലിനന്‍ വസ്ത്രങ്ങള്‍ വിയര്‍പ്പിന്റെ പ്രശ്‌നം കുറക്കാന്‍ സഹായകമാകും. ഇളം നിറമുള്ള വസ്ത്രങ്ങള്‍ ചൂടുകുറയ്ക്കാന്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."