ഫ്ളക്സ് ഫ്യുവലിലേക്ക് വാഗൺ ആർ
ഇലക്ട്രിക്കോ അതോ ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ ആണോ നാളെ റോഡുകൾ കീഴടക്കുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ലോകത്തുള്ള വാഹനങ്ങളെല്ലാം വൈദ്യുതിയിൽ ഓടിക്കാൻ ആവശ്യമായ ബാറ്ററി നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഈ ഭൂമിയിൽ പോലുമില്ലെന്ന് കണക്കുകൾ നിരത്തി വാദിക്കുന്നവരുമുണ്ട്. സമാനമാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകളുടെ കാര്യവും. ഹൈഡ്രജൻ ഇന്ധനമായുള്ള വാഹനങ്ങൾ ടൊയോട്ട ഉൾപ്പെടെയുള്ള പല നിർമാതാക്കളും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ പേരിനു മാത്രമാണത്. ഈ ടെക്നോളജി വിചാരിക്കുന്നതു പോലെ സിംപിളല്ല. ഹൈഡ്രജന്റെ സംഭരണവും മറ്റും ഒരു തലവേദനയാണ്. ഇതിനിടയിലാണ് ഫ്ളക്സ് ഫ്യുവലിനെക്കുറിച്ചുള്ള അലോചനകളും ഒരു ഭാഗത്ത് നടക്കുന്നത്.
പെട്രോളിനൊപ്പം കൂടുതൽ അളവിൽ എഥനോളും ചേർന്ന മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന എൻജിനാണ് ഫ്ലക്സ് ഫ്യുവൽ വാഹനങ്ങൾക്കുണ്ടാവുക. മറ്റൊരു കാര്യം, നിലവിൽ രാജ്യത്തു ലഭിക്കുന്ന പെട്രോൾ എഥനോൾ ചേർത്തതാണെന്നതാണ്. എന്നാൽ വളരെ കുറഞ്ഞ തോതിൽ മാത്രമായതിനാൽ എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ഉപയോഗിക്കാനും കഴിയും. ഇന്ധന ഇറക്കുമതിയും മലിനീകരണവും കുറക്കുന്നതിനു വേണ്ടിയാണ് നമ്മൾ പെട്രോളിൽ എഥനോൾ ചേർത്തു തുടങ്ങിയത്. ഇന്ധന ഇറക്കുമതിക്ക് ഒരുവർഷം ചെലവിടുന്ന 78 ലക്ഷം കോടിയോളം രൂപ കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ കർഷകർക്ക് താങ്ങാവുന്ന തീരുമാനം കൂടിയാണിത്. കാരണം, കരിമ്പിന്റെ സംസ്കരണത്തിലൂടെയാണ് ഇന്ത്യയിൽ പ്രധാനമായും എഥനോൾ ഉൽപാദിപ്പിക്കുന്നത്.
10 ശതമാനത്തോളം എഥനോൾ ചേർത്ത പെട്രോളാണ് ഇപ്പോൾ പമ്പുകളിലുള്ളത്. താമസിയാതെ ഇത് 20 ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് കേൾക്കുന്നത്. നേരത്തെ 2025 ആയിരുന്നു ഇതിനായി പരിധി നിശ്ചയിച്ചതെങ്കിലും ഈ വർഷം തന്നെ 20 ശതമാനം എഥനോൾ ചേർത്ത പെട്രാേൾ ( E 20) ഇവിടെ ലഭ്യമായി തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഇതിനിടയിലാണ് മാരുതി ഒരുപടികൂടി കടന്ന് ഫ്ളക്ല് ഫ്യുവലിന്റെ കൂടുതൽ സാധ്യതകൾ തേടുന്നത്. ഹാച്ച് ബാക്ക് മോഡലായ വാഗൺ ആറിന്റെ ഫ്ളക്സ് ഫ്യുവൽ പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നിരത്തിലിറങ്ങാൻ മൂന്നു വർഷമെങ്കിലും കഴിയുമെന്നു മാത്രം. 2025ലേ ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കൂ എന്നാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിൽ 20 ശതമാനം (E 20) മുതൽ 85 ശതമാനം വരെ (E 85) എഥനോൾ ചേർത്ത മിശ്രിതത്തിൽ ഈ വാഗൺ ആർ സുഖമായി ഓടിക്കാം. കൂടുതൽ അളവിൽ എഥനോൾ ഉപയോഗിക്കുന്നതിനാൽ എൻജിനിലും മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്. എന്നാൽ ഇരുമ്പിന്റെ ഭാഗങ്ങൾ വേഗത്തിൽ തുരുമ്പുപിടിപ്പിക്കുമെന്നൊരു ന്യൂനത എഥനോളിനുണ്ട്. അതുകൊണ്ടുതന്നെയാണ് എൻജിൻ ഭാഗങ്ങളിൽ മാറ്റങ്ങൾ വേണ്ടിവരുന്നത്.
ഫ്യുവൽ പമ്പും ഇൻജക്ടറുകളും എൻജിൻ മാനേജ്മെന്റ് സംവിധാനവുമെല്ലാം മാറണം. 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചാൽ മലിനീകരണം 79 ശതമാനം വരെ കുറയ്ക്കാമെന്നാണ് മാരുതി പറയുന്നത്. സുസുകിയുടെ സഹായത്തോടെ മാരുതി വികസിപ്പിച്ച കാർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അതിനിടെ, വരുന്ന മാർച്ചോടെ E 20 പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ തങ്ങളുടെ വാഹന എൻജിനുകളിൽ മാറ്റംവരുത്താനും മാരുതി ഒരുങ്ങുന്നുണ്ട്.
എഥനോളിന്റെ തോത് വർധിപ്പിച്ച E 20 ഇന്ധനം എല്ലാ വാഹനങ്ങൾക്കുമായി രാജ്യത്തെ പമ്പുകളിൽ അധികം താമസിയാതെ എത്തുന്നതോടെ നിലവിലുള്ള പെട്രോൾ കാറുകളുടെ എൻജിനെ ഇത് ദോഷകരമായി ബാധിക്കില്ലേ എന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഇന്ധനം ഉപയോഗിക്കാനായി ഡിസൈൻ ചെയ്തവ അല്ലാത്തതിനാൽ തുരുമ്പടക്കം എൻജിനിൽ എഥനോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തലവേദനയായേക്കും. കൂടാതെ E 20 പെട്രോളിന്റെ കുറഞ്ഞ എനർജി ഡെൻസിറ്റി കാരണം വാഹനത്തിന്റെ പവറിലും കുറവു വരാം. എന്നാൽ നേരത്തെ അൺലെഡഡ് പെട്രോളിലേക്കുള്ള മാറ്റം പോലെ ഇതും പതിയെ നമ്മൾ ശീലമാക്കേണ്ടി വരുമെന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."