ദേശവിരുദ്ധ ശക്തികളും മുസ്‌ലിം ഭീകരവാദികളുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്നു കേന്ദ്രമന്ത്രി: കേരളത്തില്‍ യു.പി മോഡല്‍ ലൗ ജിഹാദ് നിരോധനം ഉറപ്പെന്നും മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ യു.പി മോഡല്‍ ലൗ ജിഹാദ് നിരോധനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ എന്‍.ഡി.എ കുറ്റപത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടു. സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദെന്നും അദ്ദേഹം ആരോപിച്ചു.
ഓഖിയിലെയും പ്രളയത്തിലെയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, ശബരിമല വേട്ട, കെട്ടഴിച്ചുവിട്ട ആഭ്യന്തരം, കിഫ്ബി എന്ന പെരും നുണ, തുടങ്ങി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ പാളിച്ചകള്‍ വരെ ഉള്‍പ്പെടുത്തിയാണ് എന്‍.ഡി.എ കുറ്റപത്രം പുറത്തിറക്കിയത്.
ദേവസ്വം ബോര്‍ഡിനെ സി.പി.എം പ്രവര്‍ത്തന കേന്ദ്രമാക്കിമാറ്റി. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്യുന്നത് പാര്‍ട്ടിക്കും അനുയായികള്‍ക്കും വേണ്ടിയാണ്. രാഷ്ട്രീയമുക്തമായ ദേവസ്വം ഭരണം ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നു. ദേശവിരുദ്ധ ശക്തികളും മുസ്‌ലിം ഭീകരവാദികളുമായി സര്‍ക്കാരിന് ബന്ധമുണ്ട്. മന്ത്രിസഭയിലെ അംഗമായ കെ.ടി ജലീല്‍ തന്നെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെടുത്തിയുള്ള സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതില്‍ സ്പീക്കറും അരഡസനോളം മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍പ് കേരളം റോള്‍ മോഡലാണെന്ന് വീമ്പിളക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അഴിമതിയും സ്വര്‍ണ കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേരളാ മാതൃകയെന്ന് അദ്ദേഹം പരിഹസിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ എന്‍.ഡി.എ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30നും 35നും ഇടയ്ക്ക് സീറ്റുനേടുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."