തണുത്ത് വിറച്ച് ഡല്‍ഹി; താപനില 1.9 ഡിഗ്രി സെല്‍ഷ്യസില്‍, നിരവധി വിമാനങ്ങള്‍ വൈകി
ന്യൂഡല്‍ഹി: അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും ഉത്തരേന്ത്യയില്‍ തുടരുന്നു. മൂടല്‍മഞ്ഞില്‍ കാഴ്ചപരിധി കുറഞ്ഞതോടെ ഡല്‍ഹിയില്‍ നിരവധി വിമാനങ്ങള്‍ വൈകി. ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങിലും പാലമിലും താപനില 6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. അക്ഷര്‍ധാമില്‍ മൂടല്‍മഞ്ഞുമൂലം കാഴ്ചപരിധിയില്‍ കുറവുണ്ടായി. 1.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ശീതതരംഗം തുടരുന്നതിനിടെ ഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങില്‍ രാവിലെ 5.30ന് കാഴ്ചപരിധി 50 മീറ്ററായി കുറഞ്ഞു. യു.പിയിലെ ആഗ്രയിലും പഞ്ചാബിലെ ഭാട്ടിനാഡയിലുമെല്ലാം കാഴ്ചപരിധി പൂജ്യം മീറ്റററായി കുറഞ്ഞു. അമൃത്സര്‍, പട്ട്യാല, അംബാല, ഛണ്ഡിഗഡ് എന്നിവിടങ്ങളില്‍ കാഴ്ചപരിധി 25 മീറ്ററാണ്.
കാഴ്ചപരിധി കുറഞ്ഞതോടെ ഡല്‍ഹിയില്‍ 34 ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകി. വിമാനയാത്രികര്‍ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് കമ്പനികളുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കി. നിരവധി ട്രെയിനുകളും വൈകിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനിടെ വീടില്ലാത്തവര്‍ക്കായി കൂടുതല്‍ ഷെല്‍ട്ടര്‍ ഹോമുകളും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."