ഉയിർപ്പ്
കഥ
വിനോദ് ആനന്ദ്
നഗരം ഇത്രയധികം മാറിയത് റിത അപ്പോഴും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവളുടെ മടങ്ങിയ വിരലുകൾക്കുള്ളിൽ വിയർപ്പുതുള്ളികൾ കിനിഞ്ഞു. ജനിച്ച നഗരത്തേക്കാൾ അലഞ്ഞ നഗരങ്ങളിലാണ് അവളുടെ ജീവശ്വാസം ഒഴുകിയതെന്ന് അയാളെപ്പോലെ മറ്റാർക്കാണ് അറിയുക? ഇനിയൊരിക്കലും തിരിച്ചുപോകാനാകില്ലെന്നു കരുതിയ നഗരങ്ങളിലേക്ക് ദാമോസ് വീണ്ടും അവളെ കൊണ്ടുപോവുകയാണ്. അവളുടെ ചിമ്മുന്ന കണ്ണിനുള്ളിലെ നൊമ്പരത്തിരകളെ അയാൾക്കു മാത്രമേ കാണാനായുള്ളൂ.
യാത്ര പോകണമെന്ന് ദാമോസ് ആഗ്രഹം പറഞ്ഞപ്പോഴൊക്കെ ഡോക്ടർ ശ്യാമാണ് പ്രോത്സാഹിപ്പിച്ചത്. പോകേണ്ട സ്ഥലവും ലൊക്കേഷനും ശ്യാം തന്നെയാണ് വാട്സ്ആപ്പ് ചെയ്തത്. കിഴക്കൻ താഴ്വരകൾ ഇളക്കിവിട്ട തണുപ്പൻ കാറ്റിന്റെ ചെറുപ്പം അവളെ ഇടക്കിടെ ഇക്കിളിപ്പെടുത്തി. തലയിലെ ഇരുണ്ട മങ്കിക്യാപ്പ് കാറ്റിന്റെ ഗതിക്കനുസരിച്ച് ദാമോസ് മാറ്റിവച്ചു.
‘പതിയെ പോയാൽ മതി സാബൂ’- ഡ്രൈവറോട് ദാമോസ് പറഞ്ഞു. കാറ്റിന്റെ സ്പർശം നേർത്തപ്പോഴുള്ള സന്തോഷം ഇടംകണ്ണിലെ കൃഷ്ണമണി ചലിപ്പിച്ചുകൊണ്ട് റിത അറിയിച്ചു. ദാമോസ് ഓർമകളിലേക്ക് വഴുതിവീണു. വിചിത്ര കാഴ്ചപ്പാടുകളെന്ന് മുദ്രകുത്തപ്പെട്ട സാൽവദോറിന്റെ ചിത്രത്തെക്കുറിച്ച് റിത വാതോരാതെ സംസാരിക്കും. വരകളിലേക്ക് ആവാഹിച്ചെടുക്കുന്ന സാൽവദോറിന്റെ സങ്കീർണ ഭാവങ്ങൾ. സിഡാർ രാജകുമാരനെ ത്രസിപ്പിക്കുന്ന, റഷ്യൻ സുന്ദരിയുടെ താമരനയനങ്ങൾ. പാതിമറഞ്ഞ കരിമണി മുത്തുകൾ.
‘അതുപോലെ ആത്മാവിൽ തീയുള്ളൊരെണ്ണം നീ വരച്ചുകാണിക്ക്. ചിത്രകാരനെന്നും പറഞ്ഞ് നടക്കുന്നു’- അവൾ പറയും.
പുതുയുഗ ചിന്തകളുടെ മൊട്ടാണികൾ ഒളിഞ്ഞിരിക്കുന്നതാണ് ദാമോസിന്റെ വരകളിലെ തുറുപ്പുചീട്ടുകൾ. ആസ്വാദകൻ മനോരാജ്യത്തിലേക്കിറങ്ങണമെന്ന് അവൾ പറയും. അയാൾ ഒളിപ്പിച്ചിരുന്ന മൊട്ടാണികൾക്ക് മുകളിലുള്ള ചൂണ്ടുപലകകളിൽ അന്തിച്ചർച്ചക്കാർ ദിവസങ്ങളോളം കിടന്നുറങ്ങും.
‘നീ എന്തു നേടി ദാമോസ്?... വെറുപ്പും വിദ്വേഷങ്ങളുമല്ലാതെ... ആവിഷ്കാര സ്വാതന്ത്ര്യം?...’- എല്ലാവർക്കും ഇഷ്ടപ്പെടുന്ന വരകൾക്കായി അയാൾ പ്രതിജ്ഞയെടുത്തു. ദിവസങ്ങളോളം ഉറങ്ങാതിരുന്നു. അപ്പോഴൊക്കെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട കിളിയെപ്പോലെ അയാളുടെ വിരലുകൾക്കിടയിലെ തൂലിക വിറച്ചു.
‘ഉദയംപേരൂരിലെ സദാശിവൻ ആരാണ് സർ?’- കാർ ടാർപോളിൻ മൂടിയ കടയുടെ മുന്നിലൊതുക്കി നിർത്തുമ്പോൾ സാബു ചോദിച്ചു.
‘നല്ല ഭക്ഷണം തരുന്ന കട. അവിടെ കഴിക്കുംതോറും വിലകുറയുമെന്ന് പറഞ്ഞിരുന്ന അന്ധനായ കടക്കാരൻ...’- ദാമോസിനും സദാശിവനെക്കുറിച്ച് അത്രയേ അറിയുള്ളൂ. സദാശിവനെ നന്നായി അറിയുന്നവൾ പിറകുസീറ്റിൽ ചാരിയിരുന്ന് ഒന്നുമറിയാതെ ചിരിച്ചു. സദാശിവനെക്കുറിച്ച് ഹ്രസ്വ ചിത്രമൊരുക്കാനുള്ള പണിപ്പുരയിലായിരുന്നു റിത. അതിപ്പോഴും അവളുടെ എഡിറ്റിങ് ടേബിളിലോ ക ംപ്യൂട്ടർ ഫോൾഡറിലോ മോക്ഷംകാത്ത് കിടക്കുന്നുണ്ടാവും. അസുഖം ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുന്നതറിയാൻ ഒരുനിമിഷം മതിയാവില്ലല്ലോ.
കടയിൽനിന്ന് വലതുവശത്തുള്ള മൂന്നാമത്തെ കെട്ടിടം... അവിടെയായിരുന്നു റിത ജേണലിസം ചെയ്തിരുന്നത്. ദിവസവും ആഹാരം വിളമ്പിനൽകുന്ന, തന്നിൽ ഇല്ലാത്തതെന്തെന്ന് മറ്റുള്ളവരെ അറിയിക്കാതെ നിത്യവൃത്തിക്കായി പോരാടുന്ന സദാശിവൻ. നെയ്യിൽ മുരിയുന്ന മസാലദോശയും എണ്ണക്കടികളുമായി വഴിയേ പോണവരെ മാടിവിളിക്കുന്ന സദാശിവൻ. സദാശിവന്റെ അജ്ഞാതമായ മാജിക് റെസിപ്പികൾ. ഒരിക്കൽ കഴിച്ച എള്ളുതൂകിയ ബനാന കേക്കിന്റെ രുചി ദാമോസിന്റെ നാവിൽ ഇപ്പോഴും ബാക്കിയുണ്ട്.
കട പൂട്ടിയിട്ടിരിക്കുന്നു. അടുത്ത കടയിൽ അന്വേഷിച്ച് സാബു മടങ്ങിവന്നു. രുചി കണക്കെണ്ണിയ സദാശിവൻ കടക്കണക്കെണ്ണാൻ മറന്നുപോയി. ബാങ്കുകാർ കടപൂട്ടി മുദ്രവച്ചു.
‘സദാശിവന്റെ വിശേഷം അവളറിയരുത്...’- അയാൾ സാബുവിനെ ഓർമിപ്പിച്ചു. ചിന്തകളുടെ കയറ്റിറക്കങ്ങൾ അവളെ നുള്ളിനോവിച്ചു. അടഞ്ഞ കണ്ണിലെ കൃഷ്ണമണികൾ ഉരുളൻ കല്ലിനെപ്പോലെ നീന്തിത്തുടിച്ചു. കൊതിനുണയുന്ന ചുണ്ടുകളിൽ ഋതുശലഭം ചിറകുവിരിച്ചു. മൺപാതകൾ താണ്ടി കാർ ചുരം കടന്നു. ‘നാലുമണി പൂവേ.. നാലുമണി പൂവേ... നാടുണർന്നൂ മഴക്കാറുണർന്നൂ, നാലുമണിപ്പൂവേ നീ ഉണരില്ലേ....’ യാത്രക്കാരന്റെ അനുവാദം ചോദിക്കാതെ ഉചിത പാട്ട് തിരഞ്ഞെടുക്കാൻ സാബുവിന് യാതൊരു സങ്കോചവുമുണ്ടായില്ല. കുറഞ്ഞ ശബ്ദത്തിൽ, സുഗന്ധപൂരിതമായി വീശുന്ന തെന്നൽപോലെ പാട്ടൊഴുകി. റിത ചിരിച്ചു. കണ്ഠക്കുഴിയിൽ കുടിനീരിറക്കി. വീണ്ടും മയങ്ങി. ദാമോസ് ഓർമകളിലേക്ക് തിരികെ നടക്കാൻ ശ്രമം നടത്തി.
റിതയ്ക്ക് ജൂനിയർ ഡയരക്ടറായി ജോലികിട്ടിയതിന്റെ ചായസൽക്കാരം നടന്ന ദിവസം. അവൾക്കു ശോഭിതഭാവി നേരുന്ന ബഹളം. ഇയർ ഫാണിലൂടെ ദാമോസിന്റെ ചെവിയിലേക്കൊഴുകുന്ന അലോഷി ആഡംസിന്റെ ഗസൽ. സൽക്കാരത്തിന്റെ അവസാനം റിത ഒരിക്കൽക്കൂടി എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു. ‘ബിഗ് സർപ്രൈസ്... ദാറ്റ് വാട്ട് അയാം ഗോയിങ് ടു മാരി... മാരി ആൻ ആർട്ടിസ്റ്റ്.. മീറ്റ് മിസ്റ്റർ ദാമോസ് ദിനകർ...’- റിതയുടെ പ്രഖ്യാപനത്തിൽ ഞെട്ടിയവരുടെ കൂട്ടത്തിൽ ദാമോസുമുണ്ടായിരുന്നു. ഭിന്നാഭിപ്രായമുണ്ടായി ബന്ധുക്കൾ പിരിഞ്ഞു. ആൾ ദ ബെസ്റ്റ് പറഞ്ഞ് സുഹൃത്തുക്കളും പിരിഞ്ഞു. ഒഴിഞ്ഞ കസേരയിലിരുന്ന് റിത ദാമോസിന്റെ വിരലുകളിൽ കുരുക്കിട്ടു. കിടപ്പുരോഗിയായ അമ്മയുടെ അടുത്തേക്ക് അവൾ അയാളെ കൊണ്ടുപോയി.
ദാമോസ് ഞെട്ടിയുണർന്നു. ജീവിതത്തിൽ കണക്കു കൂട്ടാതിരിക്കുന്നതാണ് നല്ലതെന്ന് അയാൾക്കു തോന്നി. മുന്നിൽ റെയിൽവേ ഗേറ്റ്. സാബു പുറത്തിറങ്ങി സിഗരറ്റ് പുകച്ചുതീർത്ത് തിരികെ വന്നു.
ഒരു ആരാധകന്റെ ചോദ്യം: ‘എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ മനുഷ്യന് മുഖമില്ലാത്തത്?’
ദാമോസ് ആകാശവും കടലും ചൂണ്ടിക്കാണിച്ചു: ‘ചിരിക്കാനും കരയാനും മുഖമെന്തിന്?’... ഗുഡ്സ് ട്രെയിനും പോയ ശേഷമാണ് ഗേറ്റ് തുറന്നത്. അൽപംകൂടി മുന്നോട്ടുപോയ ശേഷം സാബു വണ്ടി നിർത്തി വഴിയന്വേഷിച്ചു. വേഗത കുറഞ്ഞു. ചുമച്ചും കിതച്ചും വൈകുന്നേരത്തോടെ താഴ്വാരത്തെത്തി.
‘ഇവിടുന്നങ്ങട് മലയാണ്. ഈ മലയ്ക്കു മുകളിലാണ് സാറ് പറഞ്ഞ സ്ഥലം. ഇന്നിവിടെ തങ്ങി നാളെ രാവിലെ റോപ്വേയിലേക്ക് പോകാം...’- സാബു ഡിക്കിയിലിരുന്ന വീൽചെയർ കൊണ്ടുവന്നു കാറിനരികിൽ വച്ചു. ദാമോസ് കൈകൾ വിലങ്ങനെ പിണയിച്ച്, റിതയെ വാരിയെടുത്ത് വീൽചെയറിലിരുത്തി. നേർത്ത ചൂടുള്ള ശ്വാസം അയാളുടെ മുഖത്തുതട്ടി. തൊണ്ടയിൽ ചുടു ശ്വാസത്തിന്റെ വിദ്രുമം ഉണ്ടായി. ആകാശത്ത് മഴമേഘപ്പക്ഷികൾ എങ്ങോട്ടെന്നില്ലാതെ പറന്നു.
മുന്നിൽതന്നെ നിരവധി ലോഡ്ജുകളുണ്ടായിരുന്നു. രാത്രിവിശ്രമത്തിനായി മുറിയെടുക്കാനും ബാഗുകൾ മുറിയിലെത്തിക്കാനും സാബു സഹായിച്ചു. പുറത്തെ കാഴ്ചകൾ നന്നായി കാണാവുന്ന മുറി റിതയെ കൂടുതൽ ആഹ്ലാദവതിയാക്കി. ചില്ലു പ്രതലത്തിലൂടെ തെളിവാനം നോക്കി അവൾ കിടന്നു. മയങ്ങും മുമ്പ് ദാമോസ് അവൾക്ക് ആഹാരവും മരുന്നും കൊടുത്തു. ദാമോസ് ബാഗ് തുറന്ന് ബ്രഷും ബോർഡുമെടുത്തു. ശ്രമം പാഴായില്ല. നാളത്തെ പ്രഭാതം അയാൾ ഭാവനയിൽ വരച്ചിട്ടു.
രാവിലെ സാബു മലയുടെ അടിവാരത്തിലെത്തിച്ചു. ചരടിൽ കൊരുത്തിട്ട പരൽമീനുകളെപ്പോലെ അടച്ചുപൂട്ടിയ പെട്ടിക്കുള്ളിലായിരുന്നു അവിടുന്ന് യാത്ര. കണ്ണഞ്ചിക്കുന്ന കാഴ്ചകൾ. റിത ദാമോസിനെ ചേർന്നിരുന്നു. അതിനുള്ളിലിരിക്കുന്നവർക്കൊന്നും തീരെ ഭാരമില്ലെന്നു തോന്നി. പറന്നിറങ്ങിയ പ്രതലത്തിൽ അനേകംപേർ കാത്തുനിൽക്കുന്നു. കുന്നിനു മുകളിലെ കാട്. ചുറ്റും വിടർന്നുനിൽക്കുന്ന കണ്ണാന്തളി പൂക്കൾ. പേരറിയാത്ത അനവധി ചെടികളും. പൂക്കളുടെ സുഗന്ധം. ചെടികൾക്കിടയിൽ ഉരുളൻകല്ലുകൾ. അടർത്തി കഴിക്കാൻ പാകത്തിൽ വൃക്ഷങ്ങളിൽ തൂങ്ങിയാടുന്ന ഫലങ്ങൾ. താനെ ആടുന്ന ഊഞ്ഞാലകൾ. പങ്കാളിയെ വാരിയെടുത്ത് അൽപനിമിഷങ്ങൾ അനന്ത നിമിഷങ്ങളാക്കുന്നവർ. സഹയാത്രികരോട് മിണ്ടിയും പറഞ്ഞും ജീവിതദുഃഖങ്ങൾ മറക്കുന്നവർ. പരസ്പരം വേദനിക്കാനോ സമാധാനിക്കാനോ അവർക്കിപ്പോൾ നേരമില്ല. ത്യാഗസഹന കാരുണ്യത്തിന്റെ അനേകം പ്രണയവള്ളികൾ ചുറ്റിവരിയുന്ന ധൂളിപ്രകാശത്തിൽ റിത ദാമോസിനെ കെട്ടിപ്പിടിച്ചു.
വിവാഹത്തിനു ശേഷം അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നോർത്ത് അയാൾ മരവിച്ചിരുന്നു. ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങിയ സൂര്യവെട്ടത്തിൽ താലം നിറയെ പഴങ്ങളുമായി ഒരു വൃദ്ധൻ കടന്നുവന്നു.
‘കഴിച്ചോ കഴിച്ചോ... കഴിക്കുംതോറും കായ്ക്കും. കഴിച്ചില്ലേൽ കായ്ക്കുകേം ഇല്ല...’
വൃദ്ധൻ സദാശിവനെ ഓർമിപ്പിച്ചു. താലം നിലത്തുവച്ച് വൃദ്ധൻ പിൻവാങ്ങി. മലമുകളിൽ നിന്നെവിടെയോ ഒരു പാട്ടുകേട്ടു. ഹൃദയമേ നിന്നെ ഞാൻ... ആ പാട്ടിലേക്കായി പിന്നെ എല്ലാവരുടെയും ശ്രദ്ധ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."