കലോത്സവ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കരണം: പിന്നണി പ്രവര്‍ത്തകരുടെ സംഘ്പരിവാര്‍ ബന്ധം പരിശോധിക്കണമെന്ന് മന്ത്രി റിയാസ്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കരണ വിവാദത്തില്‍ പ്രതികരണവുമായി മന്ത്ര റിയാസ്. പരിപാടിയുടെ പിന്നണി പ്രവര്‍ത്തകരുടെ സംഘ്പരിവാര്‍ ബന്ധം പരിശോധിക്കണമെന്ന് മന്ത്രി റിയാസ് ആവശ്യപ്പെട്ടു. ഒരു വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം ഇത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി. ബോധപൂര്‍വ്വം കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമം നടന്നോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിന്റെ
ദൃശ്യാവിഷ്‌കാരത്തില്‍ തീവ്രവാദിയെ മുസ്‌ലിം വേഷധാരിയായിട്ടാണ് അവതരിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദി അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചിരുന്നു.
ദൃശ്യാവിഷ്‌കാരത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കവി പി.കെ ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. മത സൗഹാര്‍ദവും മാനുഷികതയും ഊന്നിപ്പറയുന്ന ഗാനത്തില്‍ കോഴിക്കോടിന്റെ മഹിത പാരമ്പര്യവും ഇഴചേര്‍ത്തിട്ടുണ്ട്. ഇതിന് മാതാ പേരാമ്പ്രയാണ് ദൃശ്യം ഒരുക്കിയത്.
ഇതിന് നേതൃത്വം നല്‍കിയ സതീഷ് ബാബു സംഘ്പരിവാര്‍ പ്രവര്ത്തകനാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സേവാഭാരതിയുടെ കവര്‍ ഫോട്ടോയാണ് സതീഷ്ബാബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. സംസ്ഥാന സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകളും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."