HOME
DETAILS

നഷ്ടമായ 20 വര്‍ഷം ആരു തരും?

  
Web Desk
March 22 2021 | 20:03 PM

6546513553-2


ഓട്ടോമൊബൈല്‍ എന്‍ജിനീയറായ റഫീഖ് അഹമ്മദ് 2001 ഡിസംബറില്‍ സ്വന്തമായി ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 20 വയസുകാരനായ സാഖിബ് എം. ഖാലിദ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനില്‍ ബിരുദമെടുത്ത് ജോലിക്ക് പോവാന്‍ തയാറെടുത്തുനില്‍ക്കുകയായിരുന്നു. പുതിയൊരു തുടക്കത്തിന്റെ വക്കിലായിരുന്ന രണ്ടുപേരും. ഇരുവരും അതിനുമുന്‍പ് യാതൊരു പരിചയമോ നേരില്‍ കാണുകയോ ഉണ്ടായിരുന്നില്ല. എന്നാല്‍, 2001 ഡിസംബര്‍ 28ലെ രാത്രിയില്‍ രണ്ടുപേരുടെയും ഭാവി മാറ്റിമറിച്ച സംഭവമുണ്ടായി. ഏറെക്കാലം ജയില്‍വാസം, ജാമ്യം, വീട്ടിലേക്കുള്ള മടക്കം, ജോലിനഷ്ടം, അപമാനഭാരം, ഇപ്പോള്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടം..! രണ്ടുപതിറ്റാണ്ട് നീണ്ട അഗ്നിപരീക്ഷയുടെ തുടക്കം ആ രാത്രിയായിരുന്നു. അതു മുതലുള്ള നീണ്ട 20 വര്‍ഷത്തിനുള്ളില്‍ തന്റെ ഓട്ടോമൊബൈല്‍ എന്ന റഫീഖിന്റെ സ്വപ്നം പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഉന്തുവണ്ടിയെന്ന യാഥാര്‍ഥ്യത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആകെയുള്ള ഒരാശ്വാസം ഏറെക്കാലം അവര്‍ക്കുമേല്‍ ഉണ്ടായിരുന്ന ഭീകരവാദ ചാപ്പ ഇപ്പോള്‍ ഇല്ല എന്നതാണ്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനില്‍ ബിരുദം നേടി പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ജോലി ശരിയായിരുന്നു സാഖിബ് എം. ഖാലിദിന്. ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ വീട്ടിലെത്തുമ്പോള്‍ സാഖിബ് ജയിലിലായിരുന്നു. ഇപ്പോള്‍ വീട്ടില്‍ തന്നെയിരുന്ന് ഗ്രീറ്റിങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുകയാണ് സാഖിബ്.

കുറ്റങ്ങളും കുറ്റവിമുക്തമാക്കലും


'ഓള്‍ ഇന്ത്യ മൈനോരിറ്റി എജുക്കേഷന്‍ ബോര്‍ഡ് ' എന്ന ബാനറില്‍ 2001 ഡിസംബര്‍ 28ന് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുന്നതിനിടെയാണ് സാഖിബും റഫീഖും ഉള്‍പ്പെടെ 127 പേര്‍ അറസ്റ്റിലായത്. റിട്ട. ജഡ്ജി, രണ്ട് വൈസ് ചാന്‍സിലര്‍മാര്‍, അഞ്ചുകോളജ് പ്രൊഫസര്‍മാര്‍, വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹികപ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരും സെമിനാറിനെത്തിയിരുന്നു. രാജ്യദ്രോഹം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യു.എ.പി.എ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റുചെയ്തത്. 20 വര്‍ഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഈ മാസം ആറിനാണ് സൂറത്ത് സിമി കേസിലെ എല്ലാവരെയും വെറുതെവിട്ടത്. സിമിയിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാരോപിച്ചായിരുന്നു സമൂഹത്തിലെ വിദ്യാസമ്പന്നരായ നൂറിലേറെ യുവാക്കളെ പിടിച്ച് അകത്തിട്ടത്. വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് കോടതി കണ്ടെത്തിയെന്നും ഏതെങ്കിലും വിധത്തിലുള്ള ആയുധങ്ങള്‍ അവരുടെ കൈവശം ഇല്ലായിരുന്നുവെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരുമിച്ചുകൂടിയതെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഇവരെ വെറുതെവിട്ട് കോടതി പറഞ്ഞു. പൊലിസ് നടപടിക്കിടെ ആരും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും സിമി ബന്ധം തെളിയിക്കുന്ന രേഖകള്‍ അവിടെ ഇല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് പ്രതികള്‍ക്ക് വലിയ ആശ്വാസമാണെങ്കിലും അതൊരിക്കലും നഷ്ടമായ സമയമോ ജോലിയോ ആത്മാഭിമാനമോ ഒന്നും തിരിച്ചുകൊണ്ടുവരില്ല.

ജീവിതം മാറ്റിമറിച്ച രാത്രി


'ഈ സെമിനാര്‍ തങ്ങളുടെ ജീവിതംമാറ്റിമറിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. രണ്ടുദിനങ്ങളിലായി സംവരണം, വിദ്യാഭ്യാസം, വികസനം, പിന്നോക്കാവസ്ഥ തുടങ്ങി എട്ടു സെഷനുകളിലായിരുന്നു സെമിനാര്‍. ബിരുദത്തിന് ശേഷമുള്ള പഠനം, ഭരണഘടനപ്രകാരം നമ്മുടെ അവകാശങ്ങള്‍ എന്തെല്ലാം. വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ എങ്ങനെ ശാക്തീകരിക്കാം. ഞങ്ങള്‍ തീരുമാനിച്ചിരുന്ന ആ സെഷനുകളെ കുറിച്ച് ഇന്നും ഓര്‍ക്കുന്നു' - ഇപ്പോള്‍ 50 തികഞ്ഞ റഫീഖ് അഹമ്മദ് പറഞ്ഞു. 'പൊലിസ് വരുമ്പോള്‍ ഞങ്ങളില്‍ ഭൂരിഭാഗം പേരും ഉറക്കിലായിരുന്നു. എന്തിനാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് അടുത്തദിവസമാണ് അറിഞ്ഞത്. 11 മാസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ചു. പക്ഷേ, അതുകൊണ്ടൊന്നും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല, റഫീഖ് പറഞ്ഞു. 'ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും വലിയ സ്വപ്നമായി തുടങ്ങിയ വര്‍ക്ക്‌ഷോപ്പ് കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ടിവന്നു. ഉന്തുവണ്ടിയില്‍ പഴം, ചായ, വസ്ത്രങ്ങള്‍ എന്നിങ്ങനെ ഓരോന്നായി വില്‍പ്പന ചെയ്തു, ദിവസച്ചെലവിനുള്ള പണം കണ്ടെത്താന്‍. വീട്ടുടമ ഒഴിയാന്‍ പറഞ്ഞതിനാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 17 തവണ വീട് മാറേണ്ടിവന്നു. ഭാര്യയും രണ്ടുചെറിയ കുട്ടികളും ഉണ്ടായിരുന്നു അന്ന്. ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ നാളുകളായിരുന്നു അത് - അദ്ദേഹം പറഞ്ഞു.
കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത ഊര്‍ജ്ജസ്വലനായ മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് ശൈഖും സെമിനാറിനെത്തിയിരുന്നു. ജാമ്യം ലഭിച്ചെങ്കിലും പൊലിസ് എപ്പോഴും എന്നെ ബുദ്ധിമുട്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സമീപപ്രദേശങ്ങളില്‍ ഹിന്ദു ഉത്സവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പൊലിസ് വിളിച്ചുചോദിക്കും നീ എവിടെയാണെന്ന്. കൊടുംക്രിമിനലുകളെപ്പോലെയാണ് പൊലിസ് കണ്ടത്. വിവാഹം ശരിയാവാന്‍ വര്‍ഷങ്ങള്‍ എടുത്തു. അതുകൊണ്ടായിരിക്കണം ഇതുവരെ മക്കളുണ്ടായിട്ടില്ല. കൂടെ പഠിച്ചവരെല്ലാം നല്ല നിലയില്‍ എത്തിയത് ദൂരെനിന്ന് നോക്കിനില്‍ക്കാനാണ് വിധി'യെന്നും ആസിഫ് പറഞ്ഞു. ജാമ്യം ലഭിച്ചതിനുശേഷം ആസിഫ് പല ജോലികളും നോക്കി. ഒരു താല്‍ക്കാലിക വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലി ലഭിച്ചു. പിന്നീട് കേസിനെക്കുറിച്ച് കേട്ടറിഞ്ഞ മാനേജ്‌മെന്റ് പുറത്താക്കി. ഇപ്പോള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ഈ ബിരുദാനന്തര ബിരുദധാരിക്ക്.

'ഞങ്ങള്‍ക്ക് ആര്
നഷ്ടപരിഹാരം തരും?'


'ഞങ്ങളെ വെറുതെവിട്ട ജഡ്ജിയോട് വലിയ കടപ്പാടുണ്ട്. പക്ഷേ നഷ്ടമായ 20 വര്‍ഷങ്ങള്‍ ആരു തിരിച്ചുതരും? കടന്നുപോയ വേദനകള്‍ക്ക് ആരു നഷ്ടപരിഹാരം നല്‍കും?' കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഷഹീദുല്‍ ഹസന്‍ ചോദിച്ചു. 'ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറായിരുന്ന ഷഹീദുല്‍ ഹസന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ തന്നെ ജോലിയില്‍നിന്ന് പുറത്താക്കിയെന്ന കത്ത് ലഭിച്ചിരുന്നു. ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തപ്പെട്ടു. ജോലി പോയി. അഭിമാനം വ്രണപ്പെട്ടു. ഈ മുറിവുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. നീതി വൈകുകയെന്നത് നീതി നിഷേധിക്കപ്പെടല്‍ തന്നെയാണ് ' - ഷാഹിദുല്‍ ഹസന്‍ പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കാത്തവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സൂറത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന ആസിഫ് ശൈഖ് ഇങ്ങനെയാണ് കേസില്‍ അകപ്പെട്ടത്. സെമിനാറിലേക്ക് ക്ഷണം ഉണ്ടാവുകയും രണ്ടാംദിവസം പോവണമെന്ന് കരുതുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാവരും അറസ്റ്റിലായതിനാല്‍ ആസിഫ് ശൈഖ് യാത്ര റദ്ദാക്കി. എങ്കിലും ആസിഫിനെയും അറസ്റ്റുചെയ്തു. കേസില്‍ പ്രതിയായതോടെ സര്‍ക്കാര്‍ ജോലിയും നഷ്ടപ്പെട്ടു. നിലവില്‍ സൂറത്ത് നഗരത്തില്‍ ഓട്ടോ ഓടിച്ച് ദിവസവേതനം കണ്ടെത്തുകയാണ് അദ്ദേഹം.
'ഞങ്ങള്‍ തീവ്രവാദികളെന്നും രാജ്യവിരുദ്ധരെന്നും മുദ്രകുത്തപ്പെട്ടു. ഭൂതകാലത്തെ ഓര്‍മകള്‍ മറന്നുപോയെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്. പക്ഷേ, അല്ലാമാ ഇഖ്ബാലിന്റെ, 'ഭീതിപ്പെടുത്തുന്ന കാറ്റ് കണ്ട് ഒരിക്കലും വിഹ്വലപ്പെടരുത്. പരുന്തേ, നിന്നെ കൂടുതല്‍ ഉയരത്തില്‍ പറത്താനാണ് ഈ കൊടുങ്കാറ്റൊക്കെയും...' എന്ന വരികള്‍ വീണ്ടും ജീവിക്കാന്‍ ശക്തിപകരുകയാണ്' ശഹീദുല്‍ ഹസന്‍ പറഞ്ഞുനിര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  10 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  10 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  10 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  10 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  10 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  10 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  10 days ago