വഖ്ഫ് ഭൂമിയിലെ അനധികൃത കെട്ടിടം മുതവല്ലിയുടെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി
മലപ്പുറം
ഊരകം കാരാത്തോട് സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിസ്ഡം വിഭാഗത്തിന് അനധികൃത കെട്ടി നിർമിക്കാനുള്ള അനുമതി നൽകിയ മുതവല്ലിയുടെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് വഖ്ഫ് ബോർഡ് നീട്ടി. മുതവല്ലി പാണ്ടിക്കടവത്ത് അഹമ്മദ് കുട്ടിയെയാണ് സംസ്ഥാന വഖ്ഫ് ബോർഡ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ഒൻപതിന് ഇയാളെ പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതുവരെ മുതവല്ലി സ്ഥാനത്ത് മലപ്പുറം ഡിവിഷണൽ ഓഫിസിലെ വഖ്ഫ് ഇൻസ്‌പെക്ടർ മഹാനുദ്ദീനെയാണ് നിയമിച്ചിരിക്കുന്നത്.
ഇന്നലെ മുതവല്ലി അഹമ്മദ് കുട്ടി ഉൾപ്പെടെ മൂന്ന് പേരും ഇവരുടെ അഭിഭാഷകരോടൊത്ത് കോഴിക്കോട് വഖ്ഫ് ഓഫിസിലെത്തി വിശദീകരണം നൽകിയിരുന്നു.
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും മാപ്പാക്കണമെന്നുമായിരുന്നു മുതവല്ലിയുടെ വിശദീകരണം. എന്നാൽ ഗുരുതര വീഴ്ചയാണ് നടത്തിയതെന്ന് സംസ്ഥാന വഖ്ഫ് ബോർഡ് കണ്ടെത്തി.
ഒരാളെ കൊലപ്പെടുത്തിയിട്ട് സോറി പറയുന്നത് ശരിയാണോ എന്നായിരുന്നു വഖ്ഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസയുടെ ചോദ്യം. മുതവല്ലിമാർക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഇഖ്ബാൽ, നൂർജഹാൻ എന്നിവരും ഹാജരായി. പരാതിക്കാർക്ക് വേണ്ടി അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് ഹാജരായിരുന്നത്.1893ലെ 2060 ലെ ആധാരം അനുബന്ധം ഷെഡ്യൂൾ ഒന്നാം പട്ടിക പ്രകാരമുള്ളതും സർവ്വെ നമ്പർ 40,5ൽ പെട്ടതുമായി 43 സെന്റ് ഭൂമിയിൽ പാണ്ടിക്കടവത്ത് മൂസ, മരക്കാരുട്ടി, ആച്ചുമ്മ എന്നിവരുടെ പേരിൽ ദിനേന ഒമ്പത് ജുസ്അ് ഖൂർആൻ ഓതുന്നതിന് വേണ്ടി സുന്നീ ആശയ പ്രകാരം വഖ്ഫ് ചെയ്ത വഖ്ഫ് വസ്തുവാണിത്.
മരണപെട്ടവർക്ക് ഖുർആൻ പാരായണം ചെയ്യുന്ന രീതിയിൽ വിശ്വാസമില്ലാത്ത മുജാഹിദുകൾക്ക് കൈമാറിയത് വഖ്ഫ് നിയമം 1995-സെക്ഷൻ 52(എ)ഒന്നിന്റെ ലംഘനമാണ്.
കെട്ടിട നിർമാണം മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഇടപെടലിലാണ് നിർത്തിവയ്ക്കാൻ കഴിഞ്ഞതെന്നും ത്വയ്യിബ് ഹുദവി വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."