സമസ്ത വിളിച്ചു; ഒഴുകിയെത്തി ജനം
കോഴിക്കോട്: സമസ്തയുടെ ആദര്‍ശ സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനസാഗരം. തെക്കുമുതല്‍ വടക്കു വരെയുള്ള സമസ്തയുടെ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും പതാകയേന്തിയ ബസുകളും വാനുകളും കൊണ്ട് കോഴിക്കോട് നഗരം ഉച്ചയ്ക്ക് മുമ്പെ തന്നെ നിറഞ്ഞിരുന്നു.
ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് വലുതും ചെറുതുമായ വാഹനങ്ങളില്‍ കോഴിക്കോട് കടപ്പുറത്തേക്ക് എത്തിയത്. അസര്‍ നിസ്‌കാരത്തിന് നഗരത്തിലെ മുഴുവന്‍ പള്ളികളിലും സമസ്തയുടെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ജില്ലയുടെ പ്രധാന പ്രവേശന കവാടം മുതല്‍ വിഖായ വളണ്ടിയര്‍മാര്‍ സമ്മേളന നഗരിയിലേക്കുള്ള വഴി തെളിയിച്ചു കൊടുക്കാന്‍ നിലയുറപ്പിച്ചു.
കോഴിക്കോട് വെങ്ങളം ബൈപാസിന്റെ പ്രധാന പ്രവേശന ഭാഗത്തും രാമനാട്ടുകരയിലും പ്രധാന ബൈപാസിലും നിലയുറപ്പിച്ചതിനു പുറമെ നഗരത്തിലെ പ്രധാന ഇടങ്ങളിലും വിഖായയുടെ നീലപ്പടയാളികള്‍ സമസ്തയുടെ കൊടിയും പിടിച്ചാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്.
കടലിലൂടെ അവരെത്തി, ജനസഞ്ചയത്തിലേക്ക്
കോഴിക്കോട്: ആദര്‍ശം അജയ്യമെന്ന് തെളിയിക്കാന്‍ സമസ്തയുടെ വിളിക്കുത്തരം നല്‍കി കടല്‍യാത്ര. സമസ്ത ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജനസഞ്ചയം ഒഴുകിയെത്തിയ കോഴിക്കോട് കടപ്പുറത്തേക്ക് കടലിലൂടെ സഞ്ചരിച്ചും പ്രവര്‍ത്തകരെത്തി. വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയില്‍ നിന്നാണ് സമസ്ത പ്രവര്‍ത്തകര്‍ കോഴിക്കോട് കടപ്പുറത്ത് രണ്ടു ബോട്ടുകളിലായി എത്തിയത്.
ആനങ്ങാടിയില്‍നിന്ന് വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ യാത്ര 25 കിലോമീറ്ററോളം ദൂരം കടലിലൂടെ സഞ്ചരിച്ച് വൈകീട്ട് അഞ്ചോടെ വെള്ളയില്‍ ഹാര്‍ബറിലെത്തി.
സഫര്‍, അല്‍അബ്‌റാര്‍ എന്നീ ബോട്ടുകളിലായാണ് സംഘം യാത്രതിരിച്ചത്. ഇരുനൂറോളം പ്രവര്‍ത്തകര്‍ സംഘത്തിലുണ്ടായിരുന്നു. യഹ്‌യ കോയ തങ്ങള്‍ ജമലുല്ലൈലി, നൗഷാദ് ചെട്ടപ്പടി, മന്‍സൂര്‍ അഷ്‌റഫി, ഷാക്കിര്‍ തങ്ങള്‍ ഹുദവി, ബറകത്തലി ഫൈസി, ശമീം ദാരിമി, സുബൈര്‍ അഹ്‌സനി, സവാദ് ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."