മാർച്ച് 15 ഇസ്‌ലാം വിദ്വേഷ വിരുദ്ധ ദിനം ; ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു
ന്യൂയോർക്ക്
ലോകത്ത് ഇസ്‌ലാം വിദ്വേഷം വ്യാപിക്കുന്നതിനിടെ ഇതിനെതിരായി അന്താരാഷ്ട്രദിനം ആചരിക്കുന്നതിന് അംഗീകാരം നൽകി യു.എൻ പൊതുസഭ. എല്ലാ വർഷവും മാർച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരേ പോരാടുന്നതിനുള്ള ദിനമായി ആചരിക്കുന്നതിനാണ് യു.എൻ ഭൂരിപക്ഷാംഗീകാരത്തോടെ അനുമതി നൽകിയത്.
ഇക്കാര്യമുന്നയിച്ച് മുസ് ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗരാജ്യം പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ ഈ കൂട്ടായ്മയിലെ 57 രാജ്യങ്ങളും ചൈനയും റഷ്യയുമടക്കം മറ്റു എട്ടു രാജ്യങ്ങളും പിന്തുണച്ചപ്പോൾ പ്രമേയം മറ്റു മതങ്ങളെ അവഗണിക്കുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാൽ, 193 അംഗ പൊതുസഭ ഭൂരിപക്ഷ സമ്മതത്തോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. ജനങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം വകവച്ചുനൽകണമെന്ന് പ്രമേയത്തിൽ ഊന്നിപ്പറയുന്നു. മതവിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും അസഹിഷ്ണുതയും തുടച്ചുനീക്കാൻ ആവശ്യപ്പെടുന്ന 1981ലെ പ്രമേയം പാലിക്കാനും ആഹ്വാനം ചെയ്യുന്നു. മറ്റു സമുദായങ്ങൾക്കും മതങ്ങൾക്കുമെതിരേ വിവേചനവും അസഹിഷ്ണുതയും അക്രമങ്ങളും വർധിക്കുന്നതിൽ പ്രമേയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഭീകരതയെ ഏതെങ്കിലും മതത്തോടോ രാജ്യത്തോടോ പ്രത്യേക വിഭാഗങ്ങളോടോ ചേർത്തുപറയാനാകില്ലെന്നും പ്രമേയം വ്യക്തമാക്കി.
■ നാഴികക്കല്ല്:
ഒ.ഐ.സി
ഇസ്‌ലാം വിദ്വേഷ വിരുദ്ധ ദിനം ആചരിക്കാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് അംഗീകാരം നൽകിയ യു.എൻ പൊതുസഭയുടെ തീരുമാനം നാഴികക്കല്ലാണെന്ന് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്‌റാഹീം ത്വാഹ പറഞ്ഞു.
ഒരാളുടെ മതത്തിന്റെ പേരിൽ വിദ്വേഷവും അക്രമവും വിവേചനവും നടത്തുന്നതിനെതിരായ ആഗോളതലത്തിലെ നടപടികൾക്ക് ഇത് വലിയ ചുവടായിരിക്കുമെന്ന് ഒ.ഐ.സി കരുതുന്നു. ആഗോള സമാധാനം നിലനിർത്തുന്നതിന് ലോകത്ത് മതസാഹോദര്യവും ഐക്യവും സ്ഥാപിക്കാൻ യു.എന്നുമായും അംഗരാജ്യങ്ങളുമായും ഒ.ഐ.സി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന് അംഗീകാരം നൽകിയ യു.എൻ പൊതുസഭാ തീരുമാനത്തെ പാക് പ്രധാനമന്ത്രി ഇമ് റാൻഖാൻ സ്വാഗതം ചെയ്തു. ഇത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കുകയാണ് അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ യു.എൻ അംബാസഡർ മുനീർ അക്‌റമാണ് പ്രമേയം അവതരിപ്പിച്ചത്.
■ ക്രൂരത നടന്ന ദിനം
ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ രണ്ടു മുസ്‌ലിം പള്ളികളിലായി ഒരു തീവ്രവലതുപക്ഷ തോക്കുധാരി നടത്തിയ വെടിവയ്പിൽ 51 പേർ കൊല്ലപ്പെട്ട സംഭവമുണ്ടായത് 2019 മാർച്ച് 15നായിരുന്നു. അത് പരിഗണിച്ചാണ് അതേ ദിവസം തന്നെ അന്താരാഷ്ട്ര ഇസ്‌ലാം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാൻ യു.എൻ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."