വിവാദ നിയമനം; ഡോ. പൂർണിമ മോഹൻ സ്ഥാനമൊഴിഞ്ഞു ഗവർണർ വി.സിയോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്
തിരുവനന്തപുരം
യോഗ്യതകളിൽ വെള്ളം ചേർത്താണ് നിയമനം നടന്നതെന്ന പരാതികൾക്കിടെ കേരളാ സര്‍വകലാശാല ലെക്സിക്കന്‍ മേധാവി സ്ഥാനത്ത് നിന്ന് ഡോ. പൂര്‍ണിമ മോഹന്‍ ഒഴിഞ്ഞു.
ഇതുസംബന്ധിച്ച കത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഡോ.പൂര്‍ണിമ കൈമാറി. നിയമനം സംബന്ധിച്ച പരാതിയിൽ ചാൻസിലർ കൂടിയായ ഗവർണർ വി.സിയോട് വിശദീകരണം തേടിയതിനു പിന്നാലെയാണ് പൂർണിമ സ്ഥാനമൊഴിഞ്ഞത്. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. സംസ്കൃതം അധ്യാപികയായിരുന്ന ഡോ. പൂര്‍ണിമയെ കേരളാ സര്‍വകലാശാല ലക്സിക്കന്‍ മലയാളം മഹാനിഘണ്ടു എഡിറ്ററായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. മലയാളം ഭാഷയില്‍ ഉയര്‍ന്ന അറിവും ഗവേഷണബിരുദവും മലയാളം അധ്യാപനത്തില്‍ 10 വര്‍ഷത്തെ പരിചയവുമുള്ളവരെയായിരുന്നു എഡിറ്റര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഈ യോഗ്യതകളിൽ വെള്ളം ചേർത്താണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആര്. മോഹനൻ്റെ ഭാര്യയായ പൂര്‍ണിമയെ എഡിറ്ററായി നിയമിച്ചതെന്നു് കാണിച്ച് കേരളാ സര്‍വകലാശാലയിലെ ഒരു സെനറ്റ് അംഗവും സേവ് യൂനിവേഴ്സിറ്റി കാംപയില്‍ കമ്മിറ്റിയുമാണ് ഗവര്‍ണര്‍ക്ക് പരാതി നൽകിയത്.കാലടി സര്‍വകലാശാലയിലെ സംസ്കൃതം അധ്യാപികയായ പൂര്‍ണിമ ഡപ്യൂട്ടേഷനില്‍ റൂസ മിഷനില്‍ ജോലി ചെയ്തുവന്ന സമയത്താണ് ലക്സിക്കന്‍ എഡിറ്റര്‍ പദവിയിലേക്ക് നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."