സി.ബി.ഐ അറസ്റ്റ് നിയമവിരുദ്ധം; ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഐ.സി.ഐ.സി.ഐ വീഡിയോകോണ്‍ തട്ടിപ്പ് കേസില്‍ ഡിസംബര്‍ 23നാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്.
തങ്ങളുടെ അറസ്റ്റ് അന്യായമാണെന്ന് കൊച്ചാര്‍ ദമ്പതികള്‍ കോടതിയില്‍ വാദിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കില്‍ സെക്ഷന്‍ 17 A അനുമതി ആവശ്യമാണ്. എന്നാല്‍ ഒരു അനുമതിയുമില്ലാതെയാണ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്നും ഇവര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ അറസ്റ്റ് ആവശ്യമല്ലെന്നുമുള്ള ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്.
വിഡിയോകോണ്‍ ഗ്രൂപ് മേധാവി വേണുഗോപാല്‍ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസില്‍ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."