ഒന്‍പതു ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിക്ക് അംഗീകാരം
കൊച്ചി: പുതിയതായി നിലവില്‍ വന്ന ഒന്‍പതു ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ പ്രഥമ യോഗത്തില്‍ അംഗീകാരം. ഇന്നലെ കലക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷയായിരുന്നു. സമിതി സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, അസി. കലക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ആസൂത്രണ ഓഫീസര്‍ സാലി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുളന്തുരുത്തി, കുന്നുകര, ഇലഞ്ഞി, എടയ്ക്കാട്ടുവയല്‍, ചോറ്റാനിക്കര, ചെങ്ങമനാട്, എടവനക്കാട്, കോട്ടുവള്ളി, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടിനാണ് സമിതിയോഗത്തില്‍ അംഗീകാരം നല്‍കിയത്.
നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗ്രാമപഞ്ചായത്തുതലത്തില്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. തുറസായ സ്ഥലത്ത് വിസര്‍ജനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ടോയ്‌ലെറ്റ് പദ്ധതി സംബന്ധിച്ച് എഡിസി കൂടിയായ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.ജെ ടോമി വിശദീകരിച്ചു.
ഏറ്റവും നല്ല മോഡല്‍ സ്വീകരിക്കുന്നതിനൊപ്പം ഈ ടോയ്‌ലെറ്റുകളില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണുണ്ടാകുന്നതെങ്കില്‍ പദ്ധതിക്കു ലക്ഷ്യം കാണാന്‍ കഴിയില്ലെന്നു ജില്ലാ കലക്ടറും ഓര്‍മിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."