കെ.എം ഷാജിയുടെ സ്വത്തില്‍ വര്‍ധനവെന്ന് വിജിലന്‍സ്; ഇത് രാഷ്ട്രീയക്കളിയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയെന്നും ഷാജി
കൊച്ചി: അഴീക്കോട് എംഎല്‍എയും മുസ്്ലിം ലീഗ് നേതാവുമായ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്ട് 2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുള്ളതെന്നാണ് റിപോര്‍ട്ട്. വിജിലന്‍സിന്റേത് രാഷ്ട്രീയക്കളിയെന്ന് കെ.എം ഷാജി എം.എല്‍.എ. തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ തകര്‍ക്കാനാണ് ശ്രമം. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല, അത് തെളിയിക്കാനാകും. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.
ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടി 3 ലക്ഷത്തില്‍ പരം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ഉന്നത സ്വാധീനമുള്ള കെ എം ഷാജി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ അഡ്വ. എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."