സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥര്‍ കള്ളവോട്ടിന് ഒത്താശ നല്‍കി - ചെന്നിത്തല
ആലപ്പുഴ:സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് കള്ളവോട്ടിന് അരങ്ങൊരുക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തില്‍ ആദ്യമാണ്. തെളിവുകള്‍ സഹിതം നല്‍കിയ ഇരട്ട വോട്ടുകളുടെയും വ്യാജ വോട്ടര്‍മാരുടെയും പട്ടിക പരിശോധിക്കാന്‍ തയാറായ തെരഞ്ഞെടുപ്പു കമീഷനെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷമോ രണ്ടു ലക്ഷമോ മാത്രമാണ് എന്നിരിക്കെയാണ് നാലുലക്ഷത്തോളം വോട്ടര്‍മാര്‍ വ്യാജമായി കടന്നുകയറിയത്. സി.പി.എം അതിക്രമത്തെ ഭയന്ന് ആളിരിക്കാന്‍ തയ്യാറാകാത്ത പല ബൂത്തുകളും കാസര്‍കോട്, കണ്ണൂര്‍ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകള്‍ നിര്‍ബാധം നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂര്‍വം വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചത്.
വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചതിനേക്കാള്‍ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഈ രീതിയില്‍ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."