ഹിജാബ് മതപരവും അവിഭാജ്യവുമാണ്
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
കർണാടകയിലെ ഗവൺമെന്റ് കോളജുകളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബ് അഥവാ ശിരോവസ്ത്രം വിലക്കിയ ബി.ജെ.പി സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഫുൾബെഞ്ച് ശരിവയ്ക്കുകയും ഹിജാബ് മതത്തിലെ നിർബന്ധിത ആചാരമല്ലെന്ന് വിധിപുറപ്പെടുവിക്കുകയും ചെയ്തത് ഏറെ വിവാദമായിരിക്കുകയാണല്ലോ. ഇഷ്ടമുള്ള മതവും അനുഷ്ഠാനങ്ങളും ആചാരങ്ങൾ വരെ അനുവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യമുള്ള ഒരു മതേതര രാജ്യത്ത് ഭരണഘടനാ ചട്ടങ്ങൾ പോലും ദുർവ്യാഖ്യാനിച്ച്, ഇവ്വിഷയകമായി വിധി പുറപ്പെടുവിച്ചത് അത്യന്തം ദൗർഭാഗ്യകരവും ഏറെ നിരാശാജനകവുമാണ്.
ഇസ്‌ലാമിൽ മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അനിവാര്യമല്ലെന്നും ആയതിനാൽ ഭരണഘടനയുടെ 25-ാം വകുപ്പ് പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നില്ലെന്നുമാണ് ഹൈക്കോടതിയുടെ പ്രഥമ കണ്ടെത്തൽ. അതിനായി ഉദ്ധരിച്ചതോ, മതത്തിൽ ഒന്നും അടിച്ചേൽപിക്കരുതെന്ന വിശുദ്ധ ഖുർആൻ വാക്യവും! ഭരണഘടന എന്ത് നിഷ്‌കർഷിക്കുന്നു എന്നത് ഗൗനിക്കാതെ, ഇസ്‌ലാമിൽ ഹിജാബ് നിർബന്ധമാണോ അല്ലയോ എന്നതു സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു കോടതി നടത്തിയത്. ഏതു മതത്തിന്റെയും നിയമങ്ങളുടെ ശരിതെറ്റുകൾ പരിശോധിക്കുകയോ വ്യാഖ്യാനങ്ങൾ ആവിഷ്‌കരിച്ചെടുക്കുകയോ വിളംബരം നടത്തുകയോ ചെയ്യേണ്ടത് നീതിപീഠങ്ങളുടെ ചുമതലയോ ബാധ്യതയോ അല്ല. ഭരണഘടനാടിസ്ഥാനത്തിലുള്ള വിലയിരുത്തലായിരുന്നു അഭികാമ്യം.
ഇസ്‌ലാം പറയുന്നത്
അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആൻ പരിഭാഷയും വിശദീകരണവും ആധാരമാക്കിയാണ് കർണാടക ഹൈക്കോടതി ഹിജാബ് മതാചാരപ്രകാരം അവിഭാജ്യഘടകമല്ലെന്ന് നിരീക്ഷിച്ചത്. കേവലമൊരു ഖുർആൻ പരിഭാഷയുടെ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ അടിസ്ഥാനമാക്കി തീർപ്പുകൽപിക്കേണ്ടതാണോ ഇസ്‌ലാമിലെ നിയമസംഹിതകൾ? ഹിജാബ് അവിഭാജ്യഘടകമാണോ അല്ലയോ എന്നതിൽ വിധിപറയേണ്ടത് വിശുദ്ധ ഖുർആനിന്റെയും ഹദീസ് ഗ്രന്ഥങ്ങളുടെയും പണ്ഡിത ലോകത്തെ ചർച്ചകളുടെയും ആധാരത്തിലായിരിക്കണം. മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന, പതിനാലു നൂറ്റാണ്ടുകളായി നിരാക്ഷേപം അംഗീകരിക്കപ്പെട്ടുവരുന്ന ഇസ്‌ലാമിക നിയമം വസ്തുനിഷ്ഠമായി അന്വേഷിക്കുകയോ പഠനം നടത്തുകയോ ചെയ്യാതെ ഹിജാബ് ധാരണത്തിന് ഖുർആനിൽ തെളിവില്ലെന്ന് പറയുന്നത് തികഞ്ഞ അവിവേകമാണ്. ഖുർആൻ, ഹദീസ്, ഖിയാസ് (താരതമ്യം), ഇജ്മാഅ് (പണ്ഡിത ഏകോപിതാഭിപ്രായം) തുടങ്ങിയ സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമിലെ മതനിയമങ്ങൾ തീരുമാനിക്കുന്നതും നിഷ്‌കർഷിക്കുന്നതും. ഹിജാബ് (ശിരോവസ്ത്രം) നിർബന്ധ അനുഷ്ഠാനമാണെന്നു തന്നെയാണ് ഉപര്യുക്ത സ്രോതസ്സുകൾ സവിസ്തരം വിശദീകരിച്ചത്. സ്ത്രീത്വത്തിന്റെ പവിത്രതയും ആദരവും ഉയർത്തിപ്പിടിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഇസ്‌ലാം ഹിജാബ് നിർബന്ധവും മതത്തിന്റെ അവിഭാജ്യഘടകവുമാക്കിയത്. വിശുദ്ധ ഖുർആനിൽ ഇതുസംബന്ധമായ നിരവധി സൂക്തങ്ങളുണ്ട്. 'നബീ, സ്വപത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ വനിതകളോടും തങ്ങളുടെ മൂടുപടങ്ങൾ താഴ്ത്തിയിടാൻ അങ്ങ് അനുശാസിക്കുക; തിരിച്ചറിയപ്പെടാനും അലോസരം ചെയ്യപ്പെടാതിരിക്കാനും അവർക്കതാണ് ഏറ്റം അനുയോജ്യം. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു'(വി.ഖുർആൻ 33:59).
'സത്യവിശ്വാസിനികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപിക്കുക; തങ്ങളുടെ മക്കനകൾ കുപ്പായമാറുകൾക്കു മീതെ അവർ താഴിത്തിയിടുകയും വേണം(വി.ഖുർആൻ 24:31). ഈ സൂക്തമിറങ്ങിയതിനു ശേഷം സ്ത്രീകൾ അവരുപയോഗിച്ചിരുന്ന തുണി വസ്ത്രങ്ങൾ കീറിയെടുത്ത് തങ്ങളുടെ തലയും മുഖവുമടക്കം മറച്ചിരുന്നുവെന്ന് ആഇശാ ബീവി സാക്ഷ്യപ്പെടുത്തുന്നുണ്ട്(ബുഖാരി, അബൂദാവൂദ്).
തിരുനബി(സ്വ)യും അനുചരരും ശിരോവസ്ത്രമെന്നല്ല, ശരീരമാസകലം മറയുന്ന വസ്ത്രധാരണയായിരുന്നു സ്ത്രീകളോട് കൽപിച്ചത്. അന്യപുരുഷർക്ക് മുൻപിൽ, - വിശിഷ്യ സ്ത്രീ സൗന്ദര്യത്തിനു മുൻപിൽ ദുർബല മനസ്‌കരും 'ഞെരമ്പു രോഗികളു'മാകുന്നവരുടെ സാന്നിധ്യത്തിൽ- സ്ത്രീകളുടെ ശരീരം പൂർണമായും മറയ്ക്കണമെന്ന കർശന നിർദേശം തന്നെയാണ് കർമശാസ്ത്ര പണ്ഡിതർ വിശദീകരിച്ചതും.
ഇസ്‌ലാമിക നിയമസംഹിതകളിൽ നിർദേശിച്ചവ കൃത്യമായി അനുവർത്തിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അതായത്, ഹിജാബ് ധരിക്കണമെന്നത് മതകൽപനയായതിനാൽ അത് അനുസരിക്കേണ്ടത് മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധവും അത് ആരാധനയുടെ ഭാഗമായതിനാൽ മതത്തിലെ അവിഭാജ്യഘടകവുമാണ്.
ഹിജാബ് എന്നാൽ മറ, പ്രതിരോധം എന്നാണ് അറബി ഭാഷാർഥം. സ്ത്രീകൾക്ക് അവരുടെ ശരീരഭാഗങ്ങൾ അന്യപുരുഷർക്ക് ഗോചരീഭവിക്കുന്നതിൽ നിന്നു തടയുന്നതിനാണ് ഹിജാബ് ധരിക്കുന്നത്. ഹിജാബിനു പുറമെ നിഖാബ്, ഖിമാറ്, ജിൽബാബ് തുടങ്ങിയ വിവിധതരം സ്ത്രീ വസ്ത്രധാരണകളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായുള്ള കൽപനയായതിനാൽ സ്വാഭാവികമായും വിശ്വാസികൾ അതനുവർത്തിച്ചുപോരുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പോലും മുസ്‌ലിം വനിതകൾക്ക് ഹിജാബിനു അനുമതി നൽകിയത്. കാലാതീതമായി അനുവർത്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തിരുന്ന, എന്നാൽ മതം കർശനമായി കൽപിക്കുകയും ചെയ്ത വസ്ത്രധാരണയെ പണ്ഡിതരുടെയോ ഇസ്‌ലാമിക അവലംബങ്ങളുടെയോ പിൻബലമില്ലാതെ കേവലമൊരു ഉദ്ധരണിവച്ച് മതത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു നിലയ്ക്കും അംഗീകരിക്കാവുന്നതല്ല. മതം കൽപിച്ചതിലപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ ഇസ്‌ലാം അനുശാസിക്കുന്നില്ല എന്ന വസ്തുത പോലും യഥാവിധി മനസ്സിലാക്കാനോ അന്വേഷിച്ചറിയാനോ തയാറാവാതെ, മതത്തിൽ ഒന്നും അടിച്ചേൽപിക്കുന്നില്ലെന്ന വിശുദ്ധവാക്യം ഉദ്ധരണിയാക്കുന്നതിനു പിന്നിലെ ഹേതുകം തന്നെ ആർക്കും പ്രഥമദൃഷ്ട്യാ മനസ്സിലാക്കാവുന്നതാണ്.
വിധിയിലെ നീതിരാഹിത്യം
മതമുള്ളവനും ഇല്ലാത്തവനും പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അനുവർത്തിത-അനുഷ്ഠാനാചാരങ്ങൾ ചെയ്യാനും അവകാശം നൽകുന്ന രാജ്യത്ത് ഒരു വിഭാഗത്തിന്റെ വസ്ത്രധാരണ സംബന്ധിച്ച് മത നിലപാട് പറഞ്ഞതു തന്നെ ഹൈക്കോടതി വിധിയുടെ നീതിരാഹിത്യം ബോധ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതു നീതിപീഠങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയുടെ ആർട്ടിക്ൾ 21 അനുശാസിക്കുന്ന പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശം വകവച്ചു നൽകാൻ ഭരണകൂടത്തിനും നീതിപീഠനത്തിനും ബാധ്യതയുണ്ട്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ അനുശാസനങ്ങൾക്ക് എതിരാണോ എന്നന്വേഷിക്കുന്നതിനു പകരം മതാചാരമാണോ അല്ലയോ എന്ന കണ്ടെത്തെലുകൾക്കാണ് കോടതി പ്രാമുഖ്യം നൽകിയത്. എന്നാൽ വസ്തുനിഷ്ഠവും അവലംബാർഹവുമായി അന്വേഷിക്കുന്നതിനു പകരം കേവല ഉദ്ധരണികളും പരിഭാഷകരുടെ അഭിപ്രായങ്ങളും നോക്കി വിധി പറയുന്നത് ഉചിതമല്ല.
പൊതുധാർമികതക്ക് എതിരാല്ലാത്ത ഏതു വസ്ത്രം ധരിക്കാനും അനുമതിയുള്ള നാട്ടിൽ, ഒരു മതത്തിന്റെ മാത്രം വസ്ത്രരീതികളെ നിയന്ത്രിക്കുന്നതിന് ഗവൺമെന്റ് ഇടപെടുന്നതും ഫാസിസമാണ്. പൂർണ ഇസ്‌ലാമിക നിയമം നടപ്പിലാക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളിൽ പോലും ഇതര മതസ്ഥർക്കു അവരുടെ വസ്ത്രധാരണ സ്വീകരിക്കുന്നതിന് അനുമതി നൽകുന്നുണ്ട്.
വിശ്വാസ-അനുഷ്ഠാന കാര്യങ്ങളിൽ മതഗ്രന്ഥത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതും പണ്ഡിതരുടെ അഭിപ്രായമോ നിലപാടോ തേടാതെ അതു സംബന്ധമായി വിധി പുറപ്പെടുവിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. യുക്തിഭദ്രവും നീതിയുക്തവുമല്ലാത്ത ഇത്തരം വിധിപ്രസ്താവനകൾക്കെതിരെ ജനാധിപത്യ മാർഗത്തിലൂടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."