അഴീക്കോട്ട് നെയ്യുന്നതു പോരാട്ടച്ചൂട്
കണ്ണൂര്‍: ജില്ലയിലെ കൈത്തറി ഗ്രാമമായ അഴീക്കോട് മണ്ഡലത്തില്‍ ഇക്കുറി തീപാറും പോരാട്ടം. കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ടു യുവതുര്‍ക്കികളുടെ ഏറ്റുമുട്ടലാണ് ഇക്കുറി അഴീക്കോടിനെ വ്യത്യസ്തമാക്കുന്നത്. രണ്ടുതവണ കെ.എം ഷാജിയിലൂടെ യു.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം ഏതുവിധേനയും കൈപ്പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെയാണു മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിനെ ഇറക്കി എല്‍.ഡി.എഫ് അതിശക്തമായ പ്രചാരണത്തിനു തുടക്കമിട്ടത്.
രൂപീകരണത്തിന് ശേഷം 1987ല്‍ എം.വി രാഘവനിലൂടെ മാത്രമാണു മണ്ഡലം യു.ഡി.എഫിന്റെ കൈയില്‍ എത്തിയിരുന്നത്. എന്നും സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെട്ട അഴീക്കോട് 2010ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലാണു ഇടതിനെ കൈവിട്ടത്. വയനാട്ടില്‍ നിന്നു ചുരമിറങ്ങിയെത്തിയ കെ.എം ഷാജി ജയിച്ചുകയറി. 2016ലും ഷാജി വിജയം ആവര്‍ത്തിച്ചു. ഇക്കുറി ഷാജിയെ തന്നെയാണു ഹാട്രിക് വിജയത്തിനായി യു.ഡി.എഫ് രംഗത്തിറക്കിയത്. വയനാട്ടുകാരനാണെങ്കിലും ഒരുപതിറ്റാണ്ടോളം അഴീക്കോടിനെ പ്രതിനിധീകരിച്ചതോടെ മണ്ഡലത്തിന്റെ മുക്കുംമൂലയും ഷാജിക്കു പരിചിതം. ഷാജിയുടെ വോട്ടും മണ്ഡലത്തില്‍ തന്നെ. കഴിഞ്ഞ 10 വര്‍ഷം മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം എണ്ണിപ്പറഞ്ഞാണു പ്രചാരണം.
എന്നാല്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷ പദവിയിലിരിക്കെ നേടിയെടുത്ത സ്വീകാര്യത വോട്ടാക്കാനാണു സുമേഷിന്റെ ശ്രമം. സുമേഷിന് എവിടെയും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കെ.എം ഷാജിക്കെതിരേ ഉയര്‍ന്ന അഴിമതിക്കേസും എല്‍.ഡി.എഫ് പ്രചാരണമായുധമാക്കുന്നു. ബി.ജെ.പി മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളും അഴീക്കോട്, വളപട്ടണം, നാറാത്ത്, ചിറക്കല്‍, പാപ്പിനിശേരി പഞ്ചായത്തുകളും ചേര്‍ന്നതാണ് അഴീക്കോട് മണ്ഡലം. കോര്‍പറേഷനിലെ 15 ഡിവിഷനുകളും വളപട്ടണം പഞ്ചായത്തുമാണു യു.ഡി.എഫിന്റെ കൈയിലുള്ളത്. അഴീക്കോട്, ചിറക്കല്‍, പാപ്പിനിശേരി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണു ഭരണം. ഒരുസീറ്റിനു യു.ഡി.എഫിനു ഭരണം നഷ്ടപ്പെട്ട നാറാത്ത് പഞ്ചായത്തില്‍ ഇരുമുന്നണികളും തുല്യശക്തികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."