കൊളീജിയത്തെ ലക്ഷ്യംവയ്ക്കുന്ന കേന്ദ്രസർക്കാർ
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രിംകോടതി കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാജ്യത്തെ ജുഡിഷ്യല്‍ സംവിധാനത്തെ ബാധിക്കുംവിധം വളര്‍ന്നിരിക്കുന്നു. കൊളീജിയം സംവിധാനം ഇല്ലാതാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ തുടക്കകാലം മുതല്‍ ശ്രമിച്ചുവരുന്നതാണ്. ഇതിനിടയിലാണ് സുപ്രിംകോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ചിലരുടെ പേരുകള്‍ നിര്‍ദേശിച്ചതായി സുപ്രിംകോടതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കൊളീജിയം സമര്‍പ്പിച്ച പട്ടികയില്‍ അവശേഷിച്ച 22 പേരുകളില്‍ തീരുമാനം എടുക്കാതെ ഒടുവില്‍ തിരിച്ചയച്ചതായും കോടതി വിശദീകരിച്ചു. ഇതില്‍ ചില പേരുകള്‍ കൊളീജിയം ആവര്‍ത്തിച്ചു ശുപാര്‍ശ ചെയ്തവയാണ്. ആവര്‍ത്തിച്ചു ശുപാര്‍ശ ചെയ്ത പേരുകള്‍ തിരിച്ചയക്കാതെ നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ചട്ടം. കോടതി ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല.
ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്നതാണ് സുപ്രിംകോടതി കൊളീജിയം. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നിയമിക്കേണ്ട ജഡ്ജിമാര്‍, അവരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളാണ് കൊളീജിയം തീരുമാനിക്കുന്നത്. ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസുകളിലെ സുപ്രിംകോടതി വിധികളിലൂടെ ഉരുത്തിരിഞ്ഞ സംവിധാനമാണ് കൊളീജിയം. ഇതുപ്രകാരം ജഡ്ജിമാരുടെ നിയമനങ്ങളില്‍ സര്‍ക്കാരിന് റോളില്ല. കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ സര്‍ക്കാര്‍ നിയമിക്കുകയാണ് പതിവ്. എന്നാല്‍, കൊളീജിയം സംവിധാനം ഇല്ലാതാക്കാന്‍ 2014ല്‍ സര്‍ക്കാര്‍ നാഷനല്‍ ജുഡിഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മിഷന്‍ ആക്ട് കൊണ്ടുവന്നു. ചീഫ് ജസ്റ്റിസ്, രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി സെലക്ഷന്‍ കമ്മിറ്റി നിശ്ചയിക്കുന്ന രണ്ടുപേര്‍ എന്നിവരാണ് കമ്മിഷനിലുണ്ടാകുക. എന്നാല്‍, 2015ല്‍ സുപ്രിംകോടതി ഈ നിയമം റദ്ദാക്കുകയും കൊളീജിയം സംവിധാനത്തെ നിലനിര്‍ത്തുകയും ചെയ്തു.
അന്നുമുതലാണ് കേന്ദ്രവും സുപ്രിംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ പരസ്യമാകുന്നത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു തന്നെ കൊളീജിയം സംവിധാനത്തിനെതിരേ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതേ കാര്യങ്ങള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ആവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്തെ ജുഡിഷ്യറി മാത്രമാണ് ഇതുവരെ കേന്ദ്രത്തിന്റെ കൈപ്പിടിയില്‍ പൂര്‍ണമായും എത്താത്ത സംവിധാനം. ജുഡിഷ്യറിയെക്കൂടി നിയന്ത്രിക്കണമെങ്കില്‍ ജഡ്ജിമാരുടെ നിയമനത്തില്‍ നിയന്ത്രണം വേണം. ജുഡിഷ്യറിയെ സംബന്ധിച്ചിച്ച് ഭരണഘടനയോടുള്ള കൂറും അതിനെ പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യവും പരമപ്രധാനമാണ്.
രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം തുടങ്ങുന്നത് ഇംഗ്ലണ്ടിലാണ്. ഇന്ത്യയിലെ നിയമമന്ത്രിക്ക് തുല്യമായ ലോര്‍ഡ് ചാന്‍സലര്‍ ആയിരുന്നു നിയമിക്കാന്‍ അധികാരമുള്ളയാള്‍. ഇതോടെ ജഡ്ജി നിയമന സമ്പ്രദായം രാഷ്ട്രീയരക്ഷാകര്‍തൃ സംവിധാനമായി മാറി.
1832 മുതല്‍ 1906 വരെ 80 പാര്‍ലമെന്റ് അംഗങ്ങളെയാണ് ജഡ്ജിമാരായി നിയമിച്ചത്. 63 പേരെ അവരുടെ പാര്‍ട്ടി അധികാരത്തിലിരിക്കെ നിയമിച്ചു. ലോര്‍ഡ് ഹാല്‍സ്ബറി 17 വര്‍ഷത്തിലേറെയായി ലോര്‍ഡ് ചാന്‍സലര്‍ പദവി വഹിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാക്കളോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കളോ ആയിരുന്നു നിയമിക്കപ്പെട്ടവരില്‍ പലരും. ഇതിലെ അപകടം കണ്ടറിഞ്ഞ് 2005ലാണ് യു.കെ സര്‍ക്കാര്‍ ജുഡിഷ്യല്‍ അപ്പോയ്‌മെന്റ് കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള ഭേദഗതി കൊണ്ടുവരുന്നത്. അഞ്ച് ജഡ്ജിമാരും ഒരു സാധാരണക്കാരനുമായിരുന്നു കമ്മിഷനിലുണ്ടായിരുന്നത്. ലോര്‍ഡ് ചാന്‍സലര്‍ക്കോ മറ്റു രാഷ്ട്രീയക്കാര്‍ക്കോ കമ്മിഷനില്‍ സ്ഥാനമുണ്ടായിരുന്നില്ല. അതായത് ഇന്ത്യയിലെ കൊളീജിയം സംവിധാനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സംവിധാനമാണത്. രാജ്യത്തെ കൊളീജിയം സംവിധാനം പൂര്‍ണമായും കുറ്റമറ്റതാണെന്നല്ല. മൂന്ന് ദശകങ്ങളായി തുടരുന്ന സംവിധാനത്തിന് പോരായ്മകളുണ്ട്.
പ്രതിഭാധനരായ ജഡ്ജിമാരുടെ കുറവും സ്ത്രീകളുള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കുറഞ്ഞ പ്രാതിനിധ്യവും പരിഹാരം ആവശ്യമായ ചില പ്രശ്‌നങ്ങളാണ്. കൊളീജിയത്തിനുള്ളിലെ പരിഷ്‌കരണത്തിന്റെ അടിയന്തരാവസ്ഥയെ കാണാനാവാത്തതല്ല. എന്നാല്‍, സര്‍ക്കാരിന്റെ വിലപേശലില്‍, ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബലികഴിക്കാന്‍ തയാറാവേണ്ടതല്ല. ജുഡിഷ്യറി എക്‌സിക്യൂട്ടീവില്‍ നിന്ന് സ്വതന്ത്രമായിരിക്കണമെന്ന് നിയമനിര്‍മാണ സഭയില്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറാണ്. കൊളീജിയം ഇല്ലാതാവുന്നത് കൊണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് മാത്രമല്ല കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ് ചെയ്യുക. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ശോഷണം സമകാലിക സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭീതിയിലാണ്. ആരു കാരണമാണ് ഈ സാഹചര്യം വികസിച്ചത്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കോടതികളുടെ ഇടപെടല്‍ ചുരുങ്ങി വരുന്നു. വിദ്യാര്‍ഥികളും അക്കാദമിക വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാരും ഒരേസമയം ജയിലുകളില്‍ കഴിയുന്നതും ജുഡിഷ്യറിക്ക് അതില്‍ ഒന്നും ചെയ്യാനാവാത്തതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് താങ്ങാനാകാത്തതാണ്.
കൊളീജിയം ശുപാര്‍ശ ചെയ്തിട്ടും ജസ്റ്റിസ് അഖില്‍ ഖുറേഷിക്ക് സ്ഥാനക്കയറ്റം നല്‍കാതിരുന്നത് ചരിത്രപരമായ കളങ്കമാണ്. ജുഡിഷ്യറി ഏത് അടിത്തറയിലാണ് നിര്‍മിച്ചതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആ അടിത്തറയെ ഇളകാതെ നിര്‍ത്തേണ്ടത് പൗരന്‍മാര്‍ ബാധ്യതയായി കാണുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."