ഇനി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം; കോണ്‍ഗ്രസ് വിട്ട പി.എം സുരേഷ് ബാബു ഇനി എന്‍.സി.പിയില്‍?
കോഴിക്കോട്: ഇടതുപക്ഷ രാഷ്ടീയത്തിന് ഒപ്പമേ ചേരുന്നുള്ളൂയെന്നും അതില്‍ മറ്റ് തടസങ്ങളൊന്നുമില്ലെന്നും കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്പറേഷന് മുന്‍ കൗണ്‍സിലറുമായ പി.എം സുരേഷ്ബാബു.
നിലവില്‍ എന്‍.സി.പിയില്‍ ചേരുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും എന്‍.സി.പി നേതൃത്വവും അത്തരത്തിലൊരു സൂചന നല്‍കിയിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സുരേഷ് ബാബു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ രാജിവെച്ച് എന്‍.സി.പിയില്‍ ചേര്‍ന്ന പി.സി ചാക്കോയുമായി സംസാരിക്കാറുണ്ടെന്നും എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി ചാക്കോ എന്‍.സി.പിയിലേക്ക് ക്ഷണിച്ചാല്‍ പോകുന്നതില്‍ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയിടെ എന്‍.സി.പിയില്‍ ചേര്‍ന്ന പി.സി ചാക്കോയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ചാക്കോ കഴിഞ്ഞദിവസം സുരേഷ് ബാബുവിനെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. 26ന് ചാക്കോ വീണ്ടും കോഴിക്കോട്ടു വരുന്നുണ്ട്. അന്ന് പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു.
കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാത്തതില്‍ അസംതൃപ്തനായിരുന്നു സുരേഷ് ബാബു. കുറച്ചുകാലമായി സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം കോഴിക്കോട് കോര്പറേഷന് കൗണ്‍സിലില്‍ കഴിഞ്ഞതവണ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1998, 99 വര്‍ഷങ്ങളില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. നേരത്തെ കോണ്‍ഗ്രസ്- എസിലായിരുന്ന സുരേഷ് ബാബു കെ.പി ഉണ്ണികൃഷ്ണനൊപ്പമാണ് കോണ്‍ഗ്രസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."