രാജ്യസഭ: എം.എം ഹസനും പട്ടികയിൽ; കെ.സി ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കാൻ നീക്കം
യു.എച്ച് സിദ്ദീഖ്
കോഴിക്കോട്
എം.എം ഹസനെ രാജ്യസഭയിലെത്തിച്ച് കെ.സി ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കാൻ കോൺഗ്രസിൽ പുതിയ നീക്കം. എം. ലിജു, ഷാനിമോൾ ഉസ്മാൻ, ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ, ഹൈക്കമാൻഡ് നോമിനിയായി എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് ഹസനെ രാജ്യസഭയിലെത്തിച്ച് മുസ് ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്. ഇതിലൂടെ സാമുദായിക സമവാക്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിലവിൽ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും ഭൂരിപക്ഷ സമുദായങ്ങളിൽനിന്നുള്ളവരായതോടെ കോൺഗ്രസിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വന്നിരുന്നു. ഇതിനുള്ള പരിഹാരം കൂടിയാണ് ഹസനെ രാജ്യസഭാംഗമായും കെ.സി ജോസഫിനെ യു.ഡി.എഫ് കൺവീനറായും നിയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എം. ലിജുവിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്.
രാജ്യസഭയിലേക്ക് ഒരു മുസ്‌ലിം നേതാവിനെ കേരളത്തിൽനിന്ന് കോൺഗ്രസ് പരിഗണിച്ചിട്ട് 43 വർഷമായി. ഏറ്റവുമൊടുവിൽ തലേക്കുന്നിൽ ബഷീറാണ് രാജ്യസഭാംഗമായത്. 1984ൽ തലേക്കുന്നിലിന്റെ കാലാവധി കഴിഞ്ഞ ശേഷം മുസ് ലിം സമുദായത്തിൽനിന്ന് ഒരു നേതാവിനെ പോലും കോൺഗ്രസ് പരിഗണിച്ചിട്ടില്ല. അന്തരിച്ച ഐ.എൻ.ടി.യു.സി നേതാവ് വി.പി മരയ്ക്കാർ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകൾ പലഘട്ടങ്ങളിൽ ഉയർന്നെങ്കിലും തഴയപ്പെട്ടു.
രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോഴെല്ലാം മുസ് ലിം ലീഗിന്റെ പ്രാതിനിധ്യം ഉയർത്തിയാണ് കോൺഗ്രസിലെ മുസ് ലിം നേതാക്കളെ ഒഴിവാക്കിയിരുന്നത്. ഇത്തവണ മുസ് ലിം നേതാക്കളെ കോൺഗ്രസ് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, പി.ജെ കുര്യൻ, വയലാർ രവി തുടങ്ങിയവരെ മുൻനിർത്തിയാണ് മുൻകാലത്ത് മുസ് ലിം നേതാക്കൾ രാജ്യസഭയിലെത്തുന്നതിന് കോൺഗ്രസ് തടയിട്ടത്. ഇതിനിടെ സി.പി.എം നടത്തുന്ന രാഷ്ട്രീയനീക്കവും കോൺഗ്രസ് തിരിച്ചറിഞ്ഞിരുന്നില്ല. എളമരം കരീം എം.പിയായി തുടരവെ തന്നെ തെക്കുനിന്ന് എ.എ റഹീമിനെ കൂടി രാജ്യസഭയിലെത്തിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ അടുപ്പിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയനീക്കം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."