'ഒരായുസിലെ മുഴുവന്‍ സമ്പാദ്യവും മണ്ണോട് ചേരുമ്പോള്‍'; ജോഷിമഠില്‍ നിസ്സഹായരായി ജനങ്ങള്‍
ഓരോ സെക്കന്‍ഡിലും എന്തു സംഭവിക്കുമെന്നറിയാതെ കയ്യില്‍ കിട്ടിയ സാധനങ്ങളുമായി പിഞ്ചുകുഞ്ഞുങ്ങളേയും മാറോടുചേര്‍ത്ത് നില്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍. ജോഷിമഠിലെ ഭീതിജനകമായ കാഴ്ചയാണിത്. വീടുകളിലും ഹോട്ടലുകളിലും വിള്ളലുകള്‍, പല ബില്‍ഡിങുകളും പൊളിച്ചുമാറ്റുന്നു,അപകട മേഖലകള്‍ പ്രത്യേകം മാര്‍ക്ക് ചെയ്യുന്നു, ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. കുറച്ച് ദിവസങ്ങളായി ജോഷിമഠ് ഇങ്ങനെയാണ്. ഭൂമി ഇടിഞ്ഞുതാഴുകയാണ്. ഇതുവരെ 600 വീടുകള്‍ ഒഴിപ്പിച്ചതായും, 4000 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. ഉപഗ്രഹ സര്‍വേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി.
കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ വീട് എന്നന്നേക്കുമായി നഷ്ടമാകുന്ന വേദനയില്‍ കണ്ണുനിറയുന്നവര്‍. 60 വര്‍ഷമായി ഇവിടെ താമസിച്ചു, പക്ഷേ അത് എല്ലാം ഇപ്പോള്‍ അവസാനിക്കുന്നു, നീണ്ട മൗനം' ജോഷിമഠിലെ താമസക്കാരിലൊരാളായ ബിന്ദു പറയുന്നു.
വീടിന്റെ ആധാരവും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതിന്റെ പുതിയ അടയാളമായ ആധാറും പിന്നെ കയ്യിലൊതുങ്ങുന്നതെല്ലാം എടുത്ത് ഒരു ചെറുപട്ടണം മലയിറങ്ങുകയാണ്. ഇനി പരസ്പരം പഴയതുപോലെ ഒരു കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങുമോ എന്നറിയാതെ. ജനിച്ചുവളര്‍ന്ന,ഒരായുസിലെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയ,സ്വപ്‌നം കണ്ട മണ്ണ് ഒരു ജനതയ്ക്ക് നഷ്ടമാവുകയാണ്. ജോഷിമഠിന് സമീപത്തെ കര്‍ണപ്രയാഗിലും ഇന്ന് വീടുകളില്‍ പുതിയ വിള്ളല്‍ കണ്ടു. നാളെ എവിടെയാകും എന്ന ഭയം ജനതയെ പൊതിയുന്നു.
ജോഷിമഠിലെ താമസക്കാരുടെ ആകെ എണ്ണം ഇരുപതിനായിരത്തിനടുത്താണ്. ഇതില്‍ നാലായിരത്തിലധികം പേരെ താര്‍ക്കാലിക, സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. അതേസമയം ഭൂമിയും സ്വത്തുവകകളും സംരക്ഷിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രദേശവാസികള്‍ സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."