വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാകട്ടെ കലോത്സവങ്ങൾ
വി. ശിവൻകുട്ടി
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള കൊവിഡിന്റെ പരീക്ഷണ ഘട്ടത്തിന് ശേഷം കോഴിക്കോട് സംഘടിപ്പിച്ചപ്പോൾ ജനസാഗരമാണ് സാക്ഷിയായത്. ഇത്തവണത്തെ കലോത്സവം നിരവധി വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും സുപ്രധാനം ജനപങ്കാളിത്തം തന്നെയാണ്. കലോത്സവത്തിന് കോഴിക്കോട് വന്നവർക്ക് അതറിയാം. പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈതാനം പതിനായിരം ഇരിപ്പിടങ്ങൾ ഉള്ള വേദിയായിരുന്നു. എന്നാൽ ആ മൈതാനം നിറയുന്നതായിരുന്നു ജനക്കൂട്ടം. വേദിയിൽ പരിപാടി തീർന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്ത അവസ്ഥ. ഈ സ്വീകാര്യത മനസിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ ഇങ്ങനെ മാത്രം മതിയോ ജനപങ്കാളിത്തം? കലോത്സവം ഒരു ജനകീയ മേളയാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പ്രവൃത്തിതലത്തിൽ ജനം കാഴ്ചക്കാർ മാത്രമാണ്. അതുപോരാ. കലോത്സവത്തിന്റെ പ്രാഥമികതലം മുതൽ നടത്തിപ്പിലും സംഘാടനത്തിലും കൃത്യമായ ജനകീയ ഇടപെടൽ ഉണ്ടാകണം. അതിന് ആവശ്യമായ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്നത് കൂട്ടായി ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.
കലോത്സവം എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു ഘടകം. അന്യംനിന്നുപോകുമായിരുന്ന കലകളെ സംരക്ഷിക്കാനുള്ള വലിയ കടമ കലോത്സവം നിറവേറ്റുന്നുണ്ട് എന്നത് വാസ്തവമാണ്. അതുമാത്രമല്ല കലോത്സവത്തിന്റെ ധർമം. കലയിലും സംസ്‌കാരത്തിലും വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്ള നാടാണ് നമ്മുടേത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ നാം മുന്നോട്ട് പോകണം. കലോത്സവത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഗോത്രകലകൾ അടക്കമുള്ളവ ഭാഗമാകുമ്പോൾ മാത്രമേ കലോത്സവം എല്ലാവരുടേതും ആകൂ. എന്നാൽ അനുഷ്ഠാനകലകൾ ആയ ഇവയെ എങ്ങനെ കലോത്സവവുമായി ഉൾചേർക്കും എന്നത് പഠിച്ച് നടപ്പാക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലുള്ള വിദഗ്ധർ അടങ്ങുന്ന ഒരു സമിതിയെ രൂപവൽക്കരിക്കാൻ ആലോചിക്കുന്നുണ്ട്. അവർ പഠിച്ച് കാര്യങ്ങൾ വിലയിരുത്തട്ടെ. കലോത്സവ മാന്വൽ പരിഷ്‌കരണം കാലത്തിന്റെ ആവശ്യമാണ്. ആധുനിക കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും വേണം.
കലോത്സവത്തിലെ ഭക്ഷണ രീതി വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മൾ ശീലിച്ചുപോന്ന മതേതര കാഴ്ചപ്പാടുകളെ കടപുഴക്കുന്ന രീതിയിലാണ് വിവാദം ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ മെച്ചപ്പെട്ട രീതിയിലാണ് കലോത്സവത്തിൽ ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും. പഴയിടം മോഹനൻ നമ്പൂതിരിയുടെ സേവനം മികച്ചതാണ്. നമ്മുടെ ഭക്ഷണ സംസ്‌കാരവും വൈവിധ്യവും വൈജാത്യവും നിറഞ്ഞതാണ്. കേരളത്തിൽ ഓരോയിടത്തും ഭക്ഷണത്തിന് പ്രാദേശിക പ്രത്യേകതകൾ പോലുമുണ്ട്. ഓരോ പ്രദേശത്ത് കലോത്സവം നടക്കുമ്പോഴും ആ നാടിന്റെ രുചി കൂടി പങ്കുവെക്കപ്പെടണം. അതുകൊണ്ടാണ് ഇത്തവണ എന്റെ കുട്ടികൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഞാൻ പറഞ്ഞത്. എന്തായാലും ഇക്കാര്യങ്ങളിൽ എല്ലാം വിശദമായ പരിശോധനകൾ നടത്തും. ഭക്ഷണത്തിൽ ജാതീയതയും വർഗീയതയും കലർത്തുന്നവരെ ജനം തിരിച്ചറിയുമെന്ന് തീർച്ച.
കലോത്സവ സ്വാഗത ഗാനത്തിന്റെ അവതരണം സംബന്ധിച്ച കാര്യങ്ങളിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ പിഴവുണ്ടായി എന്നത് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സർക്കാർ എല്ലാവരുടേതുമാണ്. ഇനിയും അങ്ങനെ തന്നെ തുടരും. എന്നാൽ ഇതിനെ വഴി തിരിച്ചുവിട്ട് വിഭാഗീയത സൃഷ്ടിക്കാനുള്ള നടപടികളെ അംഗീകരിക്കില്ല.
കൊവിഡനന്തര കാലം മുന്നോട്ട് വച്ച വിഷയങ്ങൾ ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. കലോത്സവങ്ങൾ നാടിന്റെ ഉത്സവങ്ങൾ ആണ്. ആ ആരവമുൾക്കൊണ്ട് മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ച് നമുക്കിനിയുമേറെ സഞ്ചരിക്കാനുണ്ട്.
(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."