ജാതികളും ഭാഷകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കി ബി.ജെ.പി രാജ്യത്തെ പൊതുഅന്തരീക്ഷം വഷളാക്കുന്നു: രാഹുല്‍ ഗാന്ധി
ഫത്തേഗഡ് സാഹിബ് (പഞ്ചാബ്): ജാതികളും ഭാഷകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കി ബി.ജെ.പി രാജ്യത്തെ പൊതുഅന്തരീക്ഷം വഷളാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രാഹുല്‍ വീണ്ടും ആഞ്ഞടിച്ചത്.
അവര്‍ ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരേയും ഒരു ഭാഷയെ മറ്റൊരു ഭാഷക്കെതിരേയും നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവര്‍ രാജ്യത്തെ പൊതു അന്തരീക്ഷം നശിപ്പിച്ചു. വിദ്വേഷം, തൊഴിലില്ലായ്മ, വിലക്കയറ്റം, അക്രമം എന്നിവയ്‌ക്കെതിരേ പോരാടുകയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ടൊരു പാത രാജ്യത്തിന് കാണിച്ചുകൊടുക്കുകയുമാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊടുംതണുപ്പും കടുത്ത മൂടല്‍മഞ്ഞും അവഗണിച്ച് പാര്‍ട്ടി അനുഭാവികളും നാട്ടുകാരും വന്‍തോതില്‍ തടിച്ചുകൂടി രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചു.
ഇന്ന് രാവിലെ പദയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഫത്തേഗര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചു. പഞ്ചാബി തലപ്പാവും അരക്കൈയുള്ള ടി ഷര്‍ട്ടും ധരിച്ചാണ് അദ്ദേഹം ആരാധനാലയത്തിലെത്തിയത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങും മറ്റ് പാര്‍ട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്നലെ അംബാല ജില്ലയില്‍ ഹരിയാന മേഖലാ പദയാത്ര സമാപിച്ച ശേഷം അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലെത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തിയിരുന്നു.
ജനുവരി 19ന് ജമ്മു കശ്മിരിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് എട്ട് ദിവസങ്ങളിലായി പഞ്ചാബിന്റെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കും. ഫത്തേഗഡ് സാഹിബിലെ സിര്‍ഹിന്ദില്‍ നിന്ന് ആരംഭിച്ച് മാണ്ഡി ഗോബിന്ദ്ഗഡ്, ഖന്ന, സഹ്‌നേവാള്‍, ലുധിയാന, ഗോരായ, ഫഗ്വാര, ജലന്ധര്‍, ദസ്യുവ, മുകേരിയന്‍ എന്നിവിടങ്ങളിലൂടെ പദയാത്ര കടന്നുപോകും. ജനുവരി 19ന് പത്താന്‍കോട്ടില്‍ റാലി നടക്കും.
രാവിലെയും വൈകുന്നേരവും മൂന്ന് മണിക്കൂര്‍ വീതം 25 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറില്‍ സമാപിക്കും. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് ഇതുവരെ പദയാത്ര നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."