ഗവര്‍ണര്‍ അസാധാരണ സാഹചര്യം സൃഷ്ടിച്ചതായി സ്പീക്കര്‍; സ്റ്റാലിന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മോശം വാര്‍ത്തകളുണ്ടാവുമായിരുന്നു
ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കുന്നതിനിടെ സ്‌ക്രിപ്റ്റ് ഒഴിവാക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി അസാധാരണ സാഹചര്യം സൃഷ്ടിച്ചെന്ന് സ്പീക്കര്‍ എം അപ്പാവ്. ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മാത്രം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിനെയും ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ ന്യായീകരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ യഥാര്‍ത്ഥ പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം നിയമസഭ അംഗീകരിച്ചപ്പോള്‍ ദേശീയഗാനത്തിനായി കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ ധീരമായ പ്രമേയം ഇന്ത്യയിലുടനീളം ഗവര്‍ണറുടെ ചുമതല എന്തെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നുവെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. സ്റ്റാലിന്‍ അതിരുകടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും പ്രമേയം ഇല്ലായിരുന്നുവെങ്കില്‍ ഗവര്‍ണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മോശം വാര്‍ത്തകളുണ്ടാവുമായിരുന്നു. ഗവര്‍ണര്‍ക്ക് അര്‍ഹമായ പ്രോട്ടോക്കോളും ബഹുമാനവും നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ പ്രസംഗം സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ്. ഗവര്‍ണര്‍ക്ക് അംഗീകൃത പ്രസംഗം ചേര്‍ക്കാനോ ഇല്ലാതാക്കാനോ കഴിയില്ല- സ്പീക്കര്‍ അപ്പാവു വാദിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സ്റ്റാലിന്‍ സ്പീക്കറുടെ അനുമതി തേടിയിട്ടില്ലെന്ന പ്രതിപക്ഷ ആരോപണവും അപ്പാവു തള്ളി. മുഖ്യമന്ത്രി തന്റെ അനുമതി തേടുകയും പ്രമേയം അംഗീകരിക്കാന്‍ തന്നോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നുവെന്നും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും അപ്പാവു വിശദീകരിച്ചു.
മതനിരപേക്ഷത, തമിഴ്‌നാടിനെ സമാധാനത്തിന്റെ സങ്കേതമെന്ന് വിശേഷിപ്പിച്ച ഭാഗങ്ങളും പെരിയാര്‍, ബി.ആര്‍ അംബേദ്കര്‍, കെ. കാമരാജ്, സി.എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമര്‍ശിക്കുന്ന ഭാഗങ്ങളുമാണ് ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നത്. തമിഴ്‌നാടിന് പകരം 'തമിഴകം' എന്നതാണ് സംസ്ഥാനത്തിന് ഉചിതമായ പേര് എന്ന ഗവര്‍ണറുടെ പരാമര്‍ശവും വലിയ വിവാദമായി. ഈ പരാമര്‍ശത്തിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ട മുന്നോട്ടുകൊണ്ടുപോകുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നു. എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്കെതിരേ നിയമസഭയില്‍ 'ക്വിറ്റ് തമിഴ്‌നാട്' മുദ്രാവാക്യം വിളിച്ചു. 'ഗെറ്റ്ഔട്ട്‌രവി' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."