സിൽവർലൈൻ വരേണ്ടത് ജനങ്ങളെ വലിച്ചിഴച്ചാകരുത്
സിൽവർലൈൻ പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക വിഷയങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ മാത്രമേ കേരള സർക്കാരിന് അനുമതി നൽകിയിട്ടുള്ളൂവെന്നും ഇതുസംബന്ധിച്ച് വ്യക്തതവരാതെ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്നും കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയത്. മന്ത്രി നിലപാട് വ്യക്തമാക്കി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പ്രതീതിയാണ് സംസ്ഥാനത്ത് പൊലിസ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊലിസും ജനങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ച ജനങ്ങളെ പലയിടങ്ങളിലും അറസ്റ്റ് ചെയ്ത് നീക്കിയാണ് പദ്ധതിക്കായി കല്ലിടൽ നടത്തിയത്.
റെയിൽവേ മന്ത്രി ലോക്സഭയിൽ പറഞ്ഞത് കേന്ദ്രസർക്കാരിന്റെ തീരുമാനമായിരിക്കുമല്ലോ. അതിനാൽ പദ്ധതിയെക്കുറിച്ചുള്ള ആശയക്കുഴപ്പം കേരളീയ പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടത്. അവരെ പൊലിസിനെ ഉപയോഗിച്ച് മർദിച്ച് ബലമായി വികസനം നടപ്പാക്കുകയല്ല ചെയ്യേണ്ടത്.
മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗംവിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുവെന്നത് ശരിയായ നടപടിയാണ്. എന്നാൽ, അതിനൊപ്പം പൊതുസമൂഹത്തിൻ്റെകൂടി വിശ്വാസം ആർജിക്കേണ്ടതല്ലേ. അതിക്രമിച്ചുകയറി കല്ലുകൾ വീട്ടുമുറ്റത്തും അടുക്കളയിലും സ്ഥാപിക്കാൻ ഒരുങ്ങുമ്പോൾ സ്വാഭാവികമായും ജനങ്ങൾ പ്രതികരിക്കും. പ്രതികരിക്കുന്ന ജനങ്ങളെ ബലംപ്രയോഗിച്ച് നീക്കിയും അറസ്റ്റ് ചെയ്തും നടപ്പാക്കേണ്ടതല്ലല്ലോ വികസനം. സർവേ നടത്താനാണെന്നുപറഞ്ഞ് വീടിന്റെ ഗേറ്റ് ചാടിക്കടന്നുവരേണ്ട ആവശ്യം പൊലിസിനുണ്ടോ? സർവേയ്ക്ക് പൊലിസല്ല വരേണ്ടത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരില്ലാതെയാണ് പല സ്ഥലങ്ങളിലും പൊലിസ് അക്രമണോത്സുകതയോടെ അതിരടയാള കല്ലുകൾ സ്ഥാപിച്ചത്.
പദ്ധതി വരികയാണെങ്കിൽ പൊളിച്ചുമാറ്റേണ്ടിവരുന്ന കുടുംബവീടിന് മുന്നിൽ പ്രതിഷേധിച്ച വീട്ടമ്മയെ റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ചാണ് പൊലിസ് കഴിഞ്ഞദിവസം അതിരടയാള കല്ല് സ്ഥാപിച്ചത്. അവരുടെ കൊച്ചുകുഞ്ഞിന്റെ വാവിട്ട കരച്ചിൽപോലും വീട്ടമ്മയെ നടുറോഡിലൂടെ വലിച്ചിഴയ്ക്കുന്നതിൽ നിന്ന് പുരുഷ പൊലിസിനെ പിന്തിരിപ്പിച്ചില്ല. റോഡിൽ ഉരഞ്ഞ് വീട്ടമ്മയുടെ കൈമുട്ടും കാൽപ്പാദവും പൊട്ടി. തൃക്കൊടിത്താനം പൊലിസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച വീട്ടമ്മയെ വൈകാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. തൊട്ടുമുമ്പുള്ള ദിവസത്തിലാണ് മലപ്പുറം ജില്ലയിലെ തിരൂരിൽ കല്ല് സ്ഥാപിക്കുന്നതിനെതിരേ ഉണ്ടായ വൻ ജനകീയ പ്രതിഷേധത്തെ പൊലിസ് അടിച്ചമർത്താൻ ശ്രമിച്ചത്. പൊലിസ് മർദനത്തിൽ പരുക്കേറ്റ നഗരസഭാ അധ്യക്ഷ എ.പി നസീമയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ കോഴിക്കോട്ടും കൊച്ചിയിലും കല്ലിടാൻ വന്നവരെ നാട്ടുകാർ തടഞ്ഞു.
കേരളത്തിലുടനീളം ഈ രീതിയിൽ പൊലിസ് മർദനം അഴിച്ചുവിട്ടാണോ സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടത്. കേന്ദ്രസർക്കാർ അനുമതിതന്ന സാധ്യതാപഠനം നടത്തി പദ്ധതിയെക്കുറിച്ച് വ്യക്തതവരുത്തി അനുമതി നേടിയെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. മതിയായ നഷ്ടപരിഹാരം കിട്ടുമെന്ന് ഭൂമി നഷ്ടപ്പെടുന്നവരെ ബോധ്യപ്പെടുത്തുകയും വേണം.
മാറുന്ന കാലത്തിനനുസരിച്ച് വികസനങ്ങളിലും മാറ്റംവേണ്ടിവരും. അത് ജനങ്ങളെക്കൂടി ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. ജനങ്ങളുടെ നെഞ്ചിൽ കൂടിയല്ല സിൽവർലൈൻ വരേണ്ടതെന്ന് അക്രമണത്തിന് തുനിയുന്ന പൊലിസിനെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വികസനത്തിന് വിലങ്ങുതടിയാകുന്നത് സി.പി.എം ആണെന്ന ധാരണ പൊതുവെ ഉറച്ചുപോയിട്ടുണ്ടെന്നും അത് മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നുമുള്ള പാർട്ടിയുടെ ബോധ്യത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ. ആ നയരേഖയുടെ പകർപ്പായിരുന്നു ബജറ്റായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്.
പുതിയകാലത്തെ അഭിസംബോധനചെയ്യാൻ രാഷ്ട്രീയപ്പാർട്ടികൾ നയത്തിലും പരിപാടികളിലും മാറ്റം വരുത്തുന്നത് അഭികാമ്യം തന്നെയാണ്. പക്ഷേ, മാറ്റങ്ങൾ സർക്കാർതലത്തിൽ വരുത്തുമ്പോൾ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. വികസനം ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങൾ വികസനത്തിന് വേണ്ടിയല്ല എന്ന യാഥാർഥ്യബോധത്തിൽ ഊന്നി സിൽവർലൈൻ പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങളിൽ നിന്ന് പൂർണ പിന്തുണ സർക്കാരിന് കിട്ടും.
എത്രകാലം ജനങ്ങളെ അടിച്ചൊതുക്കി കല്ലിടൽ നടത്താനാകും. പദ്ധതിക്ക് എത്ര സ്ഥലം വേണ്ടിവരുമെന്ന് അറിയാനാണല്ലോ കല്ലിടൽ. എന്നാൽ, തങ്ങളുടെ ഭൂമി നഷ്ടപ്പെടുത്താനാണ് കല്ലിടുന്നതെന്ന് ജനങ്ങൾ കരുതുമ്പോൾ അവർ സ്വാഭാവികമായും പ്രതികരിക്കും. അനുനയത്തിന്റെ പാത സ്വീകരിക്കുക എന്നതായിരിക്കണം സർക്കാർ നയം. എങ്കിൽ മാത്രമേ കേന്ദ്രാനുമതി കിട്ടിയാൽപോലും സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകൂ.
പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ചങ്ങനാശേരി മേഖലയിൽ ഹർത്താൽ ആചരിക്കുകയുണ്ടായി. സിൽവർലൈൻ പദ്ധതിക്കെതിരേയുള്ള സംസ്ഥാനത്തെ ആദ്യത്തെ പ്രതിഷേധ ഹർത്താലായിരുന്നു ഇന്നലത്തേത്. ചങ്ങനാശേരിയിലേത് പോലെയാണ് കല്ലിടൽ തുടരുന്നതെങ്കിൽ പദ്ധതിക്കുവേണ്ടിയുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടർന്നും തടസപ്പെട്ടേക്കാം. പുരോഗതിയുടെ അടിസ്ഥാനം സുഗമമായ ഗതാഗതം തന്നെയാണെന്നതിന് സംശയമില്ല. എന്നാൽ, അത് നടപ്പാക്കേണ്ടത് പൊലിസാകരുത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം ഏത് വികസനപ്രവർത്തനങ്ങളും നടപ്പാക്കാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."