കുറ്റ്യാടിയിലെ തീപാറും പോരാട്ടത്തില്‍ ആര് വാഴും
കുറ്റ്യാടി: ശക്തമായ സൂര്യതാപത്തിനൊപ്പം അതിലേറെ ചൂടേറിയ പോരാട്ടത്തിനാണ് കുറ്റ്യാടി ഇത്തവണ വേദിയാവുന്നത്. ഘടക കക്ഷിക്ക് സീറ്റ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം അണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കുറ്റ്യാടി ഇന്ന് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന സവിശേഷ മണ്ഡലം കൂടിയാണ്.
പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയ സ്ഥാനാര്‍ഥിയെ തന്നെ മത്സരത്തിനിറക്കി എന്നതും കുറ്റ്യാടിയിലെ മത്സരത്തെ ഇത്തവണ വേറിട്ടതാക്കുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നാട്ടുകാരനുമായി കെ.പി കുഞ്ഞമ്മദ്കുട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
അതേസമയം ഇടതിന് മുന്‍തുക്കമുള്ള മണ്ഡലത്തില്‍ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ച് കഴിഞ്ഞ തവണ വിജയക്കൊടി പാറിച്ച പാറക്കല്‍ അബ്ദുല്ലയാണ് ഇത്തവണയും യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത്. അതിനാല്‍ ഇവിടെ ആര് വാഴുമെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പെ തന്നെ പാറക്കല്‍ അബ്ദുല്ല തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അതിനാല്‍ എല്‍.ഡി.എഫിനെ അപേക്ഷിച്ച് പ്രചാരണ രംഗത്ത് ഏറെ മുന്നേറാന്‍ യു.ഡി.എഫിനായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും എം.എല്‍.എ എന്ന നിലയില്‍ പാറക്കലിന്റെ ഇടപെടലുമാണ് മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന യു.ഡി.എഫിന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ പാര്‍ട്ടി അണികള്‍ക്ക് വഴങ്ങിയതാണെങ്കിലും കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥിത്വം കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ സഹായിക്കുമെന്ന് തന്നെയാണ് പ്രവര്‍ത്തകരെ പോലെത്തന്നെ സി.പി.എം നേതൃത്വവും കരുതുന്നത്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണെങ്കിലും കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് എല്‍.ഡി.എഫ് ക്യാംപിലുടനീളം വലിയ ആവേശത്തിനാണ് തിരികൊളുത്തിയത്. അദ്ദേഹത്തിന്റെ ജനകീയതയാണ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറപ്പിന് ബലമേകുന്നത്. വികസന മുരടിപ്പാണ് എല്‍.ഡി.എഫ് ഉയര്‍ത്തുന്ന പ്രധാന പ്രചാരണായുധം. കഴിഞ്ഞ അഞ്ച് വര്‍ഷം വികസന കുതിപ്പിലേക്കുയര്‍ന്ന കേരളത്തോടൊപ്പം കുറ്റ്യാടിക്ക് വളരാനായില്ലെന്നും സര്‍വമേഖലയിലും വലിയ പരാജയമാണെന്നും പറഞ്ഞാണ് ഇടത് സ്ഥാനാര്‍ഥി പ്രചാരണത്തില്‍ മുന്നേറുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാറക്കല്‍ അബ്ദുല്ല 71,809 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ ലതിക 70,652 വോട്ടുമാണ് നേടിയത്. 1157 വോട്ടിനായിരുന്നു പാറക്കല്‍ അബ്ദുല്ലയുടെ കന്നി വിജയം. കഴിഞ്ഞ തവണ അപരിചിതത്വത്തിലും നേടിയ വിജയം മുന്‍നിര്‍ത്തി ഇത്തവണ അതിലേറെ ഭൂരിപക്ഷം നേടനാവുമെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്.
ഇതിനായി ചിട്ടയോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. അതേസമയം വലിയ ഭൂരിപക്ഷമില്ലെങ്കിലും പാറക്കല്‍ കഴിഞ്ഞ തവണ നേടിയ അട്ടിമറി വിജയം ഈ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ഗൗരവത്തില്‍ തന്നെ കാണുന്നുണ്ട്. കൂടാതെ, കഴിഞ്ഞ സിറ്റിങ് എം.എല്‍.എയുടെ പരാജയത്തിന് നിലവിലെ സ്ഥാനാര്‍ഥിയുടെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. അത് ഇത്തവണ തിരിച്ചുപ്രതിഫലിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനാല്‍ കരുതലോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ലോകനാര്‍കാവ് സ്വദേശിയും കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റുമായ പി.പി മുരളിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. മണ്ഡലത്തിലെ നിഷ്പക്ഷമതികളുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് മുരളി. കേന്ദ്രസര്‍ക്കാറിന്റെ വികസനപദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."